ADVERTISEMENT

ഹൂസ്റ്റണ്‍∙ യുഎസില്‍ തിരഞ്ഞെടുപ്പ് പോരാട്ടം കരുത്താര്‍ജിക്കുന്നതിനിടെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുൻ യുഎസ് പ്രസിഡന്‍റുമായ ഡോണൾഡ് ട്രംപിന്‍റെ പ്രചാരണ തന്ത്രങ്ങള്‍ വൈസ് പ്രസിഡന്‍റും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ  കമല ഹാരിസ് അടിച്ചു മാറ്റുകയാണോ? നികുതിയുമായി ബന്ധപ്പെട്ട് ട്രംപ് മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ ഏറെക്കുറേ അതേപടി ഏറ്റെടുത്ത് കമല നടത്തിയ പ്രചാരണമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കമല കോപ്പിയടിക്കാരിയാണെന്ന ആരോപണവുമായി ട്രംപും രംഗത്തു വന്നതോടെ കളം ചൂടുപിടിക്കുകയാണ്. 

തിരഞ്ഞെടുക്കപ്പെട്ടാല്‍ റസ്റ്ററന്‍റ് ജീവനക്കാര്‍ക്കും മറ്റ് നിരവധി സേവന ജീവനക്കാര്‍ക്കും ലഭിക്കുന്ന ടിപ്‌സിന് ഫെഡറല്‍ നികുതി ഒഴിവാക്കുമെന്ന് വൈസ് പ്രസിഡന്‍റ് കമല ഹാരിസ് പ്രഖ്യാപിച്ചതാണ് പുതിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തിയത്. ട്രംപ് മുന്നോട്ടു വച്ചതാണ് ഈ ആശയം. താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ടിപ്പ് ആയി ലഭിക്കുന്ന വരുമാനത്തിന് നികുതി ഒഴിവാക്കും എന്നായിരുന്നു ട്രംപ് നല്‍കിയ വാഗാദാനം. യുഎസ് തിരഞ്ഞെടുപ്പ് രംഗത്ത് ഇരുവശത്തുനിന്നുമുള്ള നേതാക്കള്‍ പരസ്പരം അംഗീകരിക്കുന്ന അപൂര്‍വ നിമിഷമായി ഇതു മാറുകയും ചെയ്തു. 

ഹോട്ടല്‍, റസ്റ്ററന്‍റ്, വിനോദ വ്യവസായങ്ങള്‍ എന്നിവയെ സാമ്പത്തികമായി ആശ്രയിക്കുന്ന ലാസ് വെഗാസിലെ നെവാഡ സര്‍വകലാശാലയുടെ ക്യാംപസില്‍ നടന്ന റാലിയിലാണ് ഹാരിസ് പ്രഖ്യാപനം നടത്തിയത്. ജൂണില്‍ നഗരത്തില്‍ നടന്ന റാലിയിലാണ് ട്രംപ് സമാനമായ വാഗ്ദാനം നല്‍കിയത്. എന്നാല്‍ കോണ്‍ഗ്രസിന്‍റെ പിന്തുണയില്ലാതെ ഇരുവര്‍ക്കും സ്വന്തം നിലയ്ക്ക് ഈ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കുന്നതിന് സാധ്യമല്ലെന്നതാണ് യാഥാർഥ്യം. 

'ഇവിടെയുള്ള എല്ലാവര്‍ക്കും എന്‍റെ വാഗ്ദാനമാണ്, ഞാന്‍ പ്രസിഡന്‍റായിരിക്കുമ്പോള്‍, തൊഴിലാളി കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം ഞങ്ങള്‍ തുടരും,' മിനിമം വേതനം ഉയര്‍ത്തുമെന്നും 'സേവന, ഹോസ്പിറ്റാലിറ്റി തൊഴിലാളികള്‍ക്കുള്ള ടിപുകള്‍ക്ക് നികുതി ഇല്ലാതാക്കും.' എന്നാണ് കമല നടത്തിയ പ്രഖ്യാപനം. 

ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ നോമിനിയും റണ്ണിങ് മേറ്റ്, മിനസോഡ ഗവര്‍ണര്‍ ടിം വാല്‍സും നെവാഡയില്‍ എത്തിയിരുന്നു. പ്രസിഡന്‍റ് ജോ ബൈഡന്‍ മത്സരത്തില്‍ നിന്ന് പുറത്തുകടന്ന് കമല ഹാരിസിനെ പിന്തുണച്ചതിന് ശേഷം അവരുടെ പാര്‍ട്ടി പുതിയ ഊര്‍ജ്ജം പ്രകടമാക്കിയെന്നതും ശ്രദ്ധേയമായി.  ഇരുവരും ഒത്തു ചേര്‍ന്നതോടെ വലിയ തോതിലുള്ള ധനസമാഹരണമാണ് ഡെമോക്രാറ്റുകള്‍ നടത്തുന്നത്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഫണ്ട് റെയിസിങ് പരിപാടിക്കു മുന്നോടിയായി തന്നെ 12 മില്യൻ സമാഹരിക്കാന്‍ കഴിഞ്ഞത് ഇതിന്‍റെ ഉദാഹരണമാണ്. 

ക്യാംപസ് ബാസ്‌ക്കറ്റ്ബോള്‍ അരീനയ്ക്കുള്ളില്‍ 12,000-ത്തിലധികം ആളുകള്‍ ഒത്തു ചേര്‍ന്നിരുന്നു. ഇവന്‍റ് ആരംഭിക്കുന്നതിന് മുമ്പ്, 109 ഡിഗ്രി ചൂടില്‍ സുരക്ഷാ പരിശോധനയിലൂടെ കടന്നുപോകാന്‍ പുറത്ത് കാത്തുനില്‍ക്കുമ്പോള്‍ ആളുകള്‍ക്ക് അസുഖം ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇവന്റിലേക്കുള്ള വാതിലുകള്‍ അടയ്ക്കാന്‍ നിയമപാലകര്‍ തീരുമാനിച്ചു. പ്രവേശന കവാടങ്ങള്‍ അടച്ചിടുമ്പോള്‍ ഏകദേശം 4,000 പേര്‍ വരിയില്‍ ഉണ്ടായിരുന്നു എന്നതാണ് കൗതുകരം. 

ട്രിപ്പിന്‍റെ ഭാഗമായി ലാറ്റിനോ വോട്ടര്‍മാര്‍ക്കിടയില്‍ കൂടുതല്‍ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കമല ഹാരിസ്. 2020-ല്‍, നെവാഡയില്‍ 2.4 ശതമാനം പോയിന്റുകള്‍ക്ക് റിപ്പബ്ലിക്കന്‍ ട്രംപിനെ ബൈഡന്‍ പരാജയപ്പെടുത്തിരുന്നു. മുന്‍ പ്രസിഡന്‍റായ ട്രംപ്, തൊഴിലാളികളുടെ ടിപ്പുകള്‍ നികുതി രഹിതമാക്കുമെന്ന പ്രഖ്യാപനത്തോടെ സേവന വ്യവസായത്തെ ആശ്രയിക്കുന്ന സംസ്ഥാനത്ത് കൂടുതല്‍ പിന്തുണ ആര്‍ജിക്കുന്നതിനുള്ള നീക്കമാണ് നടത്തിയത്. 

എന്നാല്‍ ആ വ്യവസായത്തിലെ 60,000 തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയന്‍, പാചക തൊഴിലാളി യൂണിയന്‍, ഹാരിസിന് പിന്തുണ പ്രഖ്യാപിച്ചത് ശ്രദ്ധേയമായി. യൂണിയനിലെ അംഗങ്ങളില്‍ 54% ലാറ്റിനോക്കാരും 55% സ്ത്രീകളും 60% കുടിയേറ്റക്കാരുമാണ്. ഇവരെല്ലാം തന്നെ ട്രംപ് വിരുദ്ധരുമാണ്. വിജയത്തിലേക്കുള്ള പാത നെവാഡയിലൂടെ കടന്നുപോകുന്നു, പ്രസിഡന്‍റ് കമലാ ഹാരിസിനും വൈസ് പ്രസിഡന്‍റ് ടിം വാല്‍സിനും പാചക യൂണിയന്‍ 'നെവാഡ നല്‍കു'മെന്ന് യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

English Summary:

Kamala Harris copied Trump's promise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com