ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടന്നത് 48 വർഷം; നഷ്ടപരിഹാരമായ് ഏഴ് മില്യൻ ഡോളർ
Mail This Article
എഡ്മണ്ട് (ഓക്‌ലഹോമ) ∙ ചെയ്യാത്ത കുറ്റത്തിന് 48 വർഷം ജയിലിൽ കിടന്ന 71 കാരന് 7.15 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകാൻ എഡ്മണ്ട് സിറ്റി കൗൺസിൽ. കൊലപാതക കുറ്റത്തിന് 48 വർഷവും ഒരു മാസവും 18 ദിവസവും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്ന ഗ്ലിൻ റേ സിമ്മൺസ് നിരപരാധിയാണെന്ന് കോടതി വിധിച്ചത് കഴിഞ്ഞ വർഷം ഡിസംബറിലാണ്.
1974 ഡിസംബറിൽ എഡ്മണ്ട് മദ്യവിൽപ്പനശാലയിൽ മോഷണത്തിനിടെ വെടിയേറ്റ് മരിച്ച കരോലിൻ സ്യൂറോജേഴ്‌സിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടണ് സിമ്മൺസ് ശിക്ഷിക്കപ്പെട്ടത്. കെട്ടിച്ചമച്ച തെളിവുകൾ ഉപയോഗിച്ച് തയാറാക്കിയ വ്യാജ പൊലീസ് റിപ്പോർട്ടിനെ തുടർന്ന് 1975ൽ സിമ്മൺസിന് വധശിക്ഷ വിധിക്കപ്പെട്ടു. പിന്നീട് 1978ൽ അദ്ദേഹത്തിന്റെ വധശിക്ഷ ജീവപര്യന്തമാക്കി മാറ്റി. 2023 ഡിസംബറിൽ ഒക്‌ലഹോമ കൗണ്ടി ജില്ലാ കോടതി ജഡ്ജി ആമി പാലുംബോ സിമ്മൺസ് നിരപരാധിയാണെന്നും കണ്ടെത്തി.