മക്‌ഡൊണാള്‍ഡ്‌സില്‍ ജോലി, ബാല്യകാല ഫോട്ടോ; വോട്ട് ഉറപ്പിക്കാൻ പുതു തന്ത്രവുമായി കമല
Mail This Article
ഹൂസ്റ്റണ്‍∙ യുഎസിൽ തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വ്യക്തിപരമായ ആക്രമണങ്ങളിലേക്ക് സ്ഥാനാര്‍ഥികള്‍ ചുവടുമാറിയെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നത്. വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ ഇന്ത്യന്‍–ആഫ്രിക്കന്‍ പശ്ചാത്തലം അടക്കം ചോദ്യം ചെയ്തു റിപ്പബ്ലിക്കന്‍ സ്ഥാനാർഥി യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തുവരികയും ചെയ്തിരുന്നു. ഇതിനിടെ ബാല്യകാല ചിത്രം പങ്കുവച്ച് വോട്ട് നേടാനുള്ള തന്ത്രം പയറ്റുകയാണ് കമല ഹാരിസ്
ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥിയായ യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ് അമ്മയുടെ കൂടെ നടക്കുന്ന സ്വന്തം ബാല്യകാല ഫോട്ടോ സമൂഹ മാധ്യമത്തിൽ പങ്കുവച്ചത് ട്രംപിനുള്ള മറുപടിയായിട്ടാണ് കരുതപ്പെടുന്നത്. വരേണ്യ വിഭാഗത്തിന്‍റെ പ്രതിനിധിയായി ട്രംപിനെ ചിത്രീകരിക്കുന്നതിനൊപ്പം തന്‍റെ ‘മധ്യവർഗ പശ്ചാത്തലം’ മധ്യവര്‍ഗ വോട്ടർമാരെ തനിക്ക് അനുകൂലമാക്കുമെന്നാണ് കമലയുടെ പ്രതീക്ഷ. കൗമാരപ്രായത്തില്‍ താന്‍ പണം സമ്പാദിക്കുന്നതിനായി ഫാസ്റ്റ് ഫൂഡ് ശൃംഖലകളില്‍ ജോലി ചെയ്തുവെന്നും കമല വെളിപ്പെടുത്തിയിരുന്നു.
‘‘ അമ്മ ഒരു വീട് വാങ്ങാൻ ഒരു ദശാബ്ദത്തിലേറെയായി പണം സ്വരൂപിച്ചിരുന്നു. അവസാനം ആ ദിവസം വന്നു. താൻ അപ്പോൾ കൗമാരക്കാരിയായിരുന്നു. വീടു സ്വന്തമാക്കിയപ്പോൾ അമ്മ എത്ര ആവേശഭരിതയായിരുന്നുവെന്ന് എനിക്കിപ്പോഴും ഓർമയുണ്ട്’’ – കമല താൻ ഇടത്തരം കുടുംബത്തിലാണ് വളർന്നത് എന്നു വിശദീകരിക്കുന്ന സമൂഹ മാധ്യമ പോസ്റ്റിൽ എഴുതി.
പണം സമ്പാദിക്കാൻ കോളജ് പഠനകാലത്ത് മക്‌ഡൊണാള്‍ഡ്‌സില്‍ ജോലി ചെയ്ത സ്വന്തം അനുഭവവും കമല എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു.പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടാൽ ചെലവ് കുറയ്ക്കുന്നതിനും സാമ്പത്തിക സുരക്ഷ വർധിപ്പിക്കുന്നതിനും മുൻഗണന നൽകുമെന്ന് കമല വാഗ്ദാനം ചെയ്യുന്നു.
ഈ വാഗ്ദാനം ഷിക്കാഗോയില്‍ നടക്കുന്ന ഡെമോക്രാറ്റിക് നാഷനല്‍ കണ്‍വെന്‍ഷന്‍റെ തൊട്ടുമുമ്പാണ് എന്നതാണ് ശ്രദ്ധേയം. അവിടെ വച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസിഡന്‍റ് നോമിനിയായി കമല ഹാരിസിനെ പ്രഖ്യാപിക്കും