യുഎസിൽ ലിസ്റ്റീരിയ അണുബാധ; ഒരു മാസത്തിനുള്ളിൽ മരിച്ചത് 9 പേർ
Mail This Article
ന്യൂയോർക്ക് ∙ യുഎസിൽ ലിസ്റ്റീരിയ അണുബാധയെ തുടർന്ന് ഒരു മാസത്തിനുള്ളിൽ ഒൻപത് പേർ മരിച്ചു. നിരവധി ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോർസ് ഹെഡ് എന്ന സ്ഥാപനം ഉൽപാദിപ്പിച്ച ശീതീകരിച്ച ഇറച്ചി വിഭവം കഴിച്ചവർക്കാണ് ലിസ്റ്റീരിയ അണുബാധയുണ്ടായത്. ഇതെ തുടർന്ന് കമ്പനിയുടെ ഉൽപന്നങ്ങൾ പിൻവലിക്കുകയും പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.
ഈ മാസം ആദ്യം ഇലിനോയ്, ന്യൂജഴ്‌സി, വെർജീനിയ, എന്നിവിടങ്ങളിൽ മൂന്ന് മരണങ്ങളും ഫ്ലോറിഡ, ടെനിസി, ന്യൂമെക്സിക്കോ, ന്യൂയോർക്ക്, സൗത്ത് കാരോലൈന എന്നിവിടങ്ങളിൽ ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തതായി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അറിയിച്ചു. അണുബാധ മൂലം 57ൽ അധികം പേരാണ് ചികിത്സ തേടിയിരിക്കുന്നത്.
2011ന് ശേഷം അമേരിക്കയിലുണ്ടാവുന്ന ഏറ്റവും വലിയ ഭക്ഷ്യ വിഷബാധയാണ് ഇതെന്ന് സിഡിസി അറിയിച്ചു. 2011ൽ യുഎസിൽ 28 സംസ്ഥാനങ്ങളിലായി 147 പേർക്കാണ് ലിസ്റ്റീരിയ ബാധിച്ചത്. 33 പേരാണ് അണുബാധയെ തുടർന്ന് മരിച്ചത്.