സീഫോർഡ് സിഎസ്ഐ ഇടവക വാർഷിക കൺവൻഷൻ ഇന്നു മുതൽ
Mail This Article
ന്യൂയോർക്ക് ∙ നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ സിഎസ്ഐ ഇടവകകളിൽ ഒന്നായ സീഫോർഡ് സി.എസ്.ഐ ഇടവകയുടെ 2024-ലെ വാർഷിക സുവിശേഷ കൺവെൻഷൻ ആഗസ്റ്റ് 30, 31 (വെള്ളി, ശനി) ദിവസങ്ങളിൽ വൈകിട്ട് 7 മണി മുതലും സെപ്റ്റംബർ 1 ഞായർ രാവിലെ 10 മണി മുതലും സ്‌ഫോർഡിലുള്ള പള്ളി അങ്കണത്തിൽ (3833 Jerusalem Avenue, Seaford, NY 11783) വച്ച് നടത്തപ്പെടുന്നു.
തിരുവല്ലയിൽ നിന്നുള്ള പ്രശസ്ത സുവിശേഷ പ്രാസംഗികനായ ചെറി ജോർജ് ചെറിയാൻ സുവിശേഷ യോഗങ്ങൾക്ക് നേതൃത്വം നൽകുന്നു. അനുഗ്രഹീത പ്രസംഗങ്ങൾ ശ്രവിക്കുവാനും അതിലൂടെ ആത്‌മീയ അനുഗ്രഹങ്ങൾ നേടുവാനും സഭാ വ്യത്യാസമില്ലാതെ എല്ലാവരെയും സീഫോർഡ് സിഎസ്ഐ പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നു. സുവിശേഷകൻറെ ന്യൂയോർക്കിലെ ഒരേയൊരു സുവിശേഷ യോഗമാണ് സി.എസ്.ഐ പള്ളിയിൽ ക്രമീകരിച്ചിരിക്കുന്നത്.
1950-കളിൽ ആരംഭിച്ച ക്രിസ്തീയ പ്രസിദ്ധീകരണമായ “നവജീവോദയം” മാസികയുടെ പ്രസാധകനും നവജീവോദയം ബൈബിൾ സ്‌കൂളിൻറെ സ്ഥാപകനുമായ പ്രശസ്ത സുവിശേഷകൻ പരേതനായ നവജീവോദയം കെ. വി. ചെറിയാൻറെ കൊച്ചുമകനും, തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന “മിഷൻസ് ഇന്ത്യ - നവജീവോദയം” എന്ന ക്രിസ്തീയ മിഷനറി പ്രസ്ഥാനത്തിൻറെ സ്ഥാപകനായ ജോർജ് ചെറിയാൻറെ മകനുമായ യുവ സുവിശേഷകൻ ചെറി ജോർജ് ചെറിയാൻ ഇന്ന് ലോകമെമ്പാടും അനുഗ്രഹീത ദൈവ വചനങ്ങളിലൂടെ അനേകരെ ആത്മീയ നിറവിലേക്ക് ആകർഷിക്കുന്ന സുവിശേഷകനാണ്.
ന്യൂയോർക്കിലെ യുവജനങ്ങൾക്കായി 31-ന് ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ പ്രത്യേക യോഗവും പള്ളി അങ്കണത്തിൽ നടത്തുന്നുണ്ട്. സഭാ വ്യത്യാസമില്ലാതെ എല്ലാ യുവജനങ്ങൾക്കും ശനിയാഴ്ചത്തെ യോഗത്തിൽ പങ്കെടുക്കാവുന്നതാണ്.
സീഫോർഡ് സിഎസ്ഐ ഇടവകയുടെ കൺവെൻഷൻ ഗായക സംഘത്തിൻറെ അതിമനോഹരമായ ഗാന ശുശ്രൂഷയോടൊപ്പം ചിന്താദീപ്തമായ ദൈവ വചന ശുശ്രൂഷയുടെ അനുഗ്രഹങ്ങൾ പ്രാപിപ്പാനും ഈ അവസരം എല്ലാ വിശ്വാസികളും വിനിയോഗിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു. ഞായറാഴ്ച രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന വിശുദ്ധസംസർഗ്ഗ ശുശ്രൂഷയോടൊപ്പം കൺവെൻഷൻ യോഗങ്ങൾ സമാപിക്കുന്നതാണ്. ഞായറാഴ്ച ആരാധനക്ക് ശേഷം ഇടവകയുടെ ആദിഫലപ്പെരുന്നാൾ കൊണ്ടാടുന്നതുമാണ്.
അടുത്ത മൂന്നു ദിവസങ്ങളിലായി (വെള്ളി, ശനി വൈകിട്ട് 7-മണിക്കും ഞായറാഴ്ച രാവിലെ 10-മണിക്കും) നടത്തപ്പെടുന്ന കൺവെൻഷൻ യോഗങ്ങളിൽ സഭാ വ്യത്യാസം ഇല്ലാതെ എല്ലാവരെയും ഇടവക കൺവെൻഷൻ സംഘാടക സമിതി സീഫോർഡ് സിഎസ്ഐ പള്ളിയിലേക്ക് ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: റെവ. ജിബിൻ തമ്പി (ഇടവക വികാരി) - (516) 399-3534, മാത്യു ജോഷ്വ - (516) 761-2406, സിജി തോമസ് - (516) 528-7462.