എൻഎസ്എസ് ഓഫ് ഹഡ്സൺ വാലി ചട്ടമ്പിസ്വാമി സമാധി ശതാബ്ദിയും ഓണാഘോഷവും
Mail This Article
ന്യൂയോർക്ക് ∙ എൻഎസ്എസ് ഓഫ് ഹഡ്സൺവാലി, ഓറഞ്ച്ബർഗിലുള്ള സിതാർ പാലസിൽ സെപ്റ്റംബർ 1ന് ഓണാഘോഷം സംഘടിപ്പിച്ചു. ഒപ്പം, വിദ്യാധിരാജ പരമഭട്ടാരക ചട്ടമ്പിസ്വാമികളുടെ സമാധിശതാബ്ദി അനുസ്മരണവും നടത്തി.
പ്രസിഡന്റ് ജി.കെ. നായർ സ്വാഗതം ആശംസിച്ചു. സെക്രട്ടറി പത്മാവതി നായരും ഫസ്റ്റ് ലേഡി ജഗദമ്മ നായരും ചേർന്ന് ഭദ്രദീപം തെളിയിച്ചു. മാസ്റ്റർ ഈശാനും ധീരജും ചേർന്ന് പ്രാർഥനാഗാനം ആലപിച്ചു. ഓണ സന്ദേശം നൽകിയശേഷം എൻബിഎയുടെ ഫൗണ്ടിങ് ഫാദേഴ്സിൽ ഒരാളായ ഡോ.പി.ജി. നായർ ഓണാഘോഷത്തിൽ പങ്കെടുത്ത ഏവർക്കും ഓണസമ്മാനം നൽകി.
വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കുവേണ്ടി പ്രത്യേക പ്രാർഥന നടത്തുകയും കഷ്ടത അനുഭവിക്കുന്നവർക്കുള്ള ഫണ്ട് ശേഖരണവും സേവാഭാരതി ഇന്റർനാഷനൽ വഴി അർഹരായവർക്ക് എത്തിച്ചുകൊടുക്കാനും തീരുമാനിച്ചു.
ട്രഷറർ കൃഷ്ണകുമാർ ചട്ടമ്പിസ്വാമികളുടെ ശതാബ്ദി അനുസ്മരണ ഗുരുവന്ദനം ആലപിച്ചു. അയ്യപ്പസേവാസംഘം പ്രസിഡന്റും കെഎച്എൻഎ ട്രസ്റ്റി ബോർഡ് അംഗവുമായ ഗോപിനാഥ് കുറുപ്പ് പരമ ഭട്ടാരക വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ജനനം മുതൽ സമാധിയാകുന്നതുവരെയുള്ള ലഘുവിവരണവും അനുസ്മരണവും നടത്തി.
എൻഎസ്എസ് ഹഡ്സൺവാലി പ്രസിഡന്റ് ജി.കെ. നായർ, എൻബിഎ മുൻ പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ, എൻബിഎ ജോയിന്റ് സെക്രട്ടറിയും കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ഡയറക്ടർ ബോർഡ് മെമ്പറുമായ ജയപ്രകാശ് നായർ, മന്ത്ര നാഷനൽ ഓർഗനൈസേഷൻ പ്രസിഡന്റ് ഇലക്റ്റ് കൃഷ്ണരാജ് മോഹൻ തുടങ്ങിയവർ ചട്ടമ്പിസ്വാമികളുടെ സമാധിശതാബ്ദിയിൽ സ്വാമിജിയുടെ നവോഥാന പ്രവർത്തനങ്ങളെ അനുസ്മരിച്ച് സംസാരിച്ചു.
ജയപ്രകാശ് നായർ ആലപിച്ച ഓണക്കവിതയും സുജിത്തിന്റെ ഗാനാലാപനവും സദസ്സ് ആസ്വദിച്ചു. എൻഎസ്എസ് ഓഫ് ഹഡ്സൺ വാലി ന്യൂയോർക്കിന്റെ അംഗങ്ങളുടെ മേയ്, ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ജന്മനക്ഷത്രം വരുന്നവരുടെ “ബർത്ത് ഡേ” കേക്ക് മുറിച്ചുകൊണ്ട് ആഘോഷിച്ചു. സിത്താർ പാലസ് ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യക്കുശേഷം സെക്രട്ടറി പത്മാവതി നായർ നന്ദി പറഞ്ഞു.
(വാർത്ത: ജയപ്രകാശ് നായർ)