ഫോമാ വിമൻസ് ഫോറത്തിനു നവനേതൃത്വം
Mail This Article
ഹൂസ്റ്റൺ ∙ ഫോമയുടെ ഭാഗമായ ദേശീയ വിമൻസ് ഫോറത്തിനു പുതിയ നേതൃത്വം നിലവിൽ വന്നു. ഒർലാന്റോയിലെ ഒരുമ സാംസ്ക്കാരിക സംഘടനയെ പ്രതിനിധീകരിക്കുന്ന സ്മിത നോബിളാണ് ചെയർപേഴ്സൺ. ക്ലാസിക്കൽ സംഗീതത്തിലും നൃത്തത്തിലും കഥാപ്രസംഗകലയിലും പ്രാവീണ്യം തെളിയിച്ചിട്ടുള്ള സ്മിത ഒരുമയുടെ സാംസ്ക്കാരിക സംഘാടകയായും പ്രസിഡന്റായും പ്രവർത്തിക്കുന്നു. കാർഡിയോളജി വിഭാഗത്തിൽ നഴ്സ് പ്രാക്ടീഷണറായി ജോലി ചെയ്യുന്ന സ്മിതയുടെ ഭർത്താവ് നോബിൾ. ഏക മകൻ നയൻ.
ആഷാ മാത്യുവാണ് ഫോറം സെക്രട്ടറി. മിനിസോട്ട മലയാളി അസോസിയേഷന്‍റെ പ്രതിനിധിയായ ആഷ മാത്യു ഐ ടി മാനേജരാണ്. ഒഹായോ മലയാളി അസോസിയേഷൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുള്ള ആഷാ ഫോമാ സെൻട്രൽ റീജൻ വുമൺസ് ഫോറം ചെയർ, ഷിക്കാഗോ സിറോ മലബാർ കൾച്ചറൽ കമ്മിറ്റിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഷിബു മാത്യുവാണ് ഭർത്താവ്. രണ്ടു കുട്ടികൾ.
ജൂലി ബിനോയിയാണ് ഫോറം ട്രഷററർ. കോവിഡ് കാലഘട്ടത്തിൽ അനേകം സാമൂഹ്യസേവനങ്ങൾ ചെയ്തിട്ടുള്ള ജൂലി കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലന്റിന്‍റെ ഭാഗമായി പ്രവർത്തിക്കുന്നു. ഭർത്താവായ ബിനോയി തോമസും മക്കളും ജൂലിയുടെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കുചേരുന്നു. ദീർഘകാലം ഫോറവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഗേസ് ജെയിംസ് ടെക്സസിലെ മക്കിനിയിൽ താമസിക്കുന്നു. നിലവിൽ ഫോറം വൈസ് ചെയറാണ്.
മികച്ച സംഘാടകയും സാമൂഹ്യപ്രവർത്തകയുമായ വിഷിൻ ജോയ് ഫോറത്തിന്‍റെ മറ്റൊരു വൈസ് ചെയറാണ്. യൂണിസെഫിന്‍റെ കീഴിൽ ഇൻഡ്യയിലെ സേവ് മദർഹൂഡിന്‍റെ പ്രോജക്ട് കോർഡിനേറ്ററായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഒഹായോ കേരള അസോസിയേഷന്‍റെ പ്രഥമ പ്രസിഡന്റാണ്. വിമൻസ് ഫോറം ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സ്വപ്ന സജി സെബാസ്റ്റ്യൻ നഴ്സിംഗ് ഇൻഫോർമാറ്റിക്സ് കോർഡിനേറ്ററായി ഐ റ്റി സെക്‌ഷനിൽ ജോലി ചെയ്യുന്നു. ഫിലഡൽഫിയ കല അസോസിയേഷൻ അംഗമാണ്. ഇതോടൊപ്പം എക്യുമെനിക്കൽ ഫെല്ലോഷിപ്പുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു.
ഡോ. മഞ്ജു പിള്ളയാണ് ഫോറം ജോയിന്റ് ട്രഷറർ. ആതുരസേവന രംഗത്തും കലാരംഗത്തും തല്പരയായ ഡോ. മഞ്ജുവിന്‍റെ ഭർത്താവ് മഹേഷ് നായർ. രണ്ടു കുട്ടികളുണ്ട്. ദീർഘകാല പ്രവർത്തനപാരമ്പര്യവും അനുഭവസമ്പത്തുമുള്ള പുതിയ ഭാരവാഹികൾ ഫോമയുടെ വിജയകരമായ പ്രവർത്തനങ്ങൾക്കു മുതൽക്കൂട്ടാണെന്നും അവർക്ക് തികഞ്ഞ ആശംസകൾ നേരുന്നതായും ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേലും എക്സിക്യൂട്ടീവ് കമ്മിറ്റിയും പറഞ്ഞു.