എന്റെ കാനഡ ഓണച്ചന്ത കാണാനെത്തിയത് ആയിരങ്ങൾ; തരംഗമായി 'വേടന്റെ സംഗീതരാവ് '
Mail This Article
വുഡ് ബ്രിഡ്ജ് ∙ മലയാളികൾക്ക് ഓണ വിരുന്നൊരുക്കി ഈ വർഷത്തെ എന്റെ കാനഡ ഓണച്ചന്തയ്ക്ക് സമാപനം. കലാ സാംസ്‌കാരിക പരിപാടികളും ഓണസദ്യയുമുൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളുമായി എത്തിയ നാലാം സീസണിൽ വുഡ് ബ്രിഡ്ജ് ഫെയര്‍ ഗ്രൗണ്ടിൽ ഒഴുകിയെത്തിയത് അയ്യായിരത്തിലധികം ജനങ്ങൾ. കാണികളിൽ അധികംപേരും കുടുംബസമേതമാണ് എത്തിയത്.
ഇവർ കാനഡയിലെ വിവിധ പ്രവശ്യകളിൽ നിന്നും ഓണച്ചന്തയിൽ പങ്കെടുക്കാൻ പ്രത്യേകം യാത്ര ചെയ്തെത്തി. കുടുംബങ്ങൾക്ക് പുറമെ യുവാക്കളും കുട്ടികളും മുതിർന്നവരും ആവേശത്തോടെ പരുപാടിയുടെ ഭാഗമായി. കാനഡയിലെ സ്വകാര്യ വേദിയിൽ ഓണാഘോഷം സംഘടിപ്പിക്കുന്നുഎന്ന പതിവ് ഇത്തവണയും എന്റെ കാനഡ തെറ്റിച്ചില്ല.
മലയാളി ഓണ പരിപാടികളുടെ ചരിത്രത്തിൽ ആദ്യമായി സൗജന്യമായി നടത്തിയ പൊതു പരുപാടിൽ മലയാളി റാപ്പർ വേടന്റെ സംഗീതനിശ ആസ്വാദകരെ ആവേശത്തിലാക്കി. ശനിയാഴ്ച രാവിലെ 11 മണി മുതൽ രാത്രി 11 മണി വരെ വുഡ് ബ്രിഡ്ജ് ഫെയര്‍ ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിച്ചത്. ഓണക്കളികൾ, കുട്ടികൾക്കുള്ള പ്ലേ ഏരിയ, സൗജന്യ റൈഡുകൾ, മറ്റ് വിനോദ പരിപാടികൾ എന്നിവ കൂടാതെ ഒട്ടനവധി സർപ്രൈസുകളും ഇത്തവണത്തെ ഓണച്ചന്തയുടെ ഭാഗമായി സംഘാടകർ ഒരുക്കിയിരുന്നു.