ADVERTISEMENT

ഹൂസ്റ്റണ്‍ ∙ യുഎസില്‍ കാറ്റ് മാറി വീശുകയാണോ? റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍ കടമെടുത്താല്‍ കമലയുടെ 'ഹണിമൂണ്‍' കഴിയുകയാണോ? പ്രസിഡന്റ് ജോ ബൈഡന്‍ പിന്മാറിയതിനെ തുടര്‍ന്ന് സ്ഥാനാര്‍ഥിത്വം ലഭിച്ചതിനു പിന്നാലെ കമലയുടെ തേരോട്ടമാണ് യുഎസിലെ അഭിപ്രായ സര്‍വേകളില്‍ പ്രതിഫലിച്ചത്. ഇഞ്ചാടിഞ്ച് പോരാട്ടം എന്നു ചിലര്‍ വിശേഷിപ്പിച്ചപ്പോള്‍ കമല മുന്നിലെത്തി എന്നു പറഞ്ഞു ചിലര്‍. കമല എന്ന യാഗാശ്വത്തെ പിടിച്ചു കെട്ടാന്‍ ട്രംപിന് കഴിയില്ലെന്നു വരെ എത്തി കാര്യങ്ങള്‍.

ഇപ്പോള്‍ ഇതിന് അവസാനമായോ? ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ഒരു ദേശീയ വോട്ടെടുപ്പില്‍ കമല ഹാരിസിനെ ഡൊണാള്‍ഡ് ട്രംപ് പിന്തള്ളിയിരിക്കുകയാണ്. ന്യൂയോര്‍ക്ക് ടൈംസ്/സിയന്ന വോട്ടെടുപ്പ് പ്രകാരം, ട്രംപ് ഹാരിസിനെ ഒരു ശതമാനത്തിന് പിന്തള്ളി. ട്രംപിന് 48 ശതമാനം പിന്തുണ ലഭിച്ചപ്പോള്‍ കമലയ്ക്ക് 47 ശതമാനമാണ് പിന്തുണ. 

മൂന്ന് പോയിന്റ് മാര്‍ജിന്‍ പിഴവാണ് സര്‍വേ പറയുന്നത്. ഇതോടെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുടെ ''ഹണിമൂണ്‍ പിരീഡും ഉല്ലാസഭരിതമായ ഓഗസ്റ്റും'' അവസാനിക്കുന്നു എന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബൈഡന്റെ രാജിയും ഹാരിസ് സൃഷ്ടിച്ച ആവേശത്തിന്റെ പൊട്ടിത്തെറിയും കൊണ്ട് ട്രംപിന് ഓഗസ്റ്റ് കഠിനമായിരുന്നു എന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. 

സര്‍വേ പ്രകാരം അദ്ദേഹത്തിന്റെ പിന്തുണ ''അതിശയകരമായി മടങ്ങിയെത്തുന്നു' എന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. അമ്പരപ്പിക്കുന്ന പോളിങ് ഫലം ട്രംപിലേക്കുള്ള ജനങ്ങളുടെ തിരിച്ചുവരവിനെ സൂചിപ്പിക്കുന്നതാണ്.  28 ശതമാനം വോട്ടര്‍മാര്‍ ഹാരിസിനെ കുറിച്ച് കൂടുതല്‍ അറിയണം എന്ന നിലപാടാണ് സ്വീകരിച്ചത്. ഹാരിസിന്റെ വിജയത്തില്‍ എബിസി സംവാദം നിര്‍ണായക പങ്ക് വഹിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ട്രംപിനെതിരായ അവരുടെ 90 മിനിറ്റ് സംവാദത്തില്‍, യുഎസ് വിപിക്ക് തന്റെ നടപടികളെക്കുറിച്ച് വിശദീകരിക്കാന്‍ അവസരം ലഭിക്കും. ഹാരിസില്‍ നിന്ന് വ്യത്യസ്തമായി, വെറും 9 ശതമാനം വോട്ടര്‍മാര്‍ മാത്രമാണ് ട്രംപിനെക്കുറിച്ച് കൂടുതലറിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. 

നിര്‍ണായക ജനസംഖ്യാ വിഭാഗമായ ലാറ്റിനോ വോട്ടര്‍മാരുടെ പിന്തുണ ആര്‍ജിക്കാന്‍ ഇതുവരെ കമലയ്ക്കു കഴിഞ്ഞിട്ടുമില്ലെന്നും എന്‍വൈടി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  തിരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണ്ണയിക്കുന്ന ഏഴ് നിര്‍ണായക സ്വിങ് സംസ്ഥാനങ്ങളില്‍ മത്സരം വളരെ കടുത്തതാണ്. ഡെമോക്രാറ്റിക് ടിക്കറ്റില്‍ ബൈഡന്റെ സ്ഥാനം ഏറ്റെടുത്തതു മുതല്‍ ഹാരിസ് സജീവമായ പ്രചാരണത്തിലാണ്. എന്നാലും ഷെഡ്യൂള്‍ ചെയ്യാത്ത പ്രത്യക്ഷപ്പെടലുകള്‍ പരമാവധി കുറയ്ക്കുകയും മാധ്യമങ്ങളുമായി നിരവധി അഭിമുഖങ്ങള്‍ ഒഴിവാക്കുകയും ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com