മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കലിഫോർണിയയുടെ 40-ാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു
Mail This Article
ഫ്രീമൗണ്ട്∙ മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കലിഫോർണിയ (MANG)യുടെ നാല്പതാം വാർഷികവും ഓണാഘോഷവും പ്രൗഢഗംഭീരമായി നടന്നു. വിഭവസമൃദ്ധമായ ഓണസദ്യ, വർണശബ്ദമായ ഘോഷയാത്ര, കലാപരിപാടികൾ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
ഫ്രീമൗണ്ട് സിറ്റി കൗൺസിൽ മെമ്പർ രാജ് സെൽവൻ, ഗീത റാം, കലാമണ്ഡലം ശിവദാസ് എന്നിവർ ചടങ്ങിൽ പ്രധാന അതിഥികളായി പങ്കെടുത്തു.മാവേലിയുടെയും ചെണ്ടമേളത്തിന്‍റെയും അകമ്പടിയോട് നടന്ന ഘോഷയാത്രയിൽ മങ്കയുടെ പ്രസിഡന്‍റ് സുനിൽ വർഗീസ്, മുൻ പ്രസിഡന്‍റുമാർ, ബോർഡ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു. സെക്രട്ടറി ഡോ. പ്രിൻസ് നെച്ചിക്കാട്, ട്രഷറർ മേരിദാസൻ, വൈസ് പ്രസിഡന്‍റ് പദ്മപ്രിയ പാലോട്, ജോയിന്‍റ് സെക്രട്ടറി ജോൺസൻ പുതുശ്ശേരിയിൽ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.
ജോൺ പുലിക്കോട്ടിൽ സംവിധാനം ചെയ്ത ഓണത്തെക്കുറിച്ചുള്ള മിത്തോളജിയുടെ രംഗാവിഷ്കാരം പ്രേക്ഷകരെ പിടിച്ചുപറ്റി. ബേ ഏരിയയിലെ ഒട്ടനവധി കലാകാരികൾ പങ്കെടുത്ത മെഗാ തിരുവാതിരയും ശ്രദ്ധേയമായിരുന്നു.
നാല്പതാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി മങ്കയുടെ എല്ലാ മുൻ പ്രസിഡന്‍റുമാരെയും ഫലകം നൽകി ആദരിച്ചു. ശിവദാസ് മാരാരുടെ നേതൃത്വത്തിൽ നടന്ന പഞ്ചാരിമേളം, ബിന്ദു പ്രതാപ് ആൻഡ് ടീം അവതരിപ്പിച്ച മോഹിനിയാട്ടം, സ്കൂൾ ഒഫ് ഇന്ത്യൻ ഡാൻസ് അണിയിച്ചൊരുക്കിയ കേരളീയം, ഉമേഷ് നാരായണൻ, പ്രദീപ് എന്നിവർ അവതരിപ്പിച്ച ഓട്ടംതുള്ളൽ, ലിജാ ഷോം ആൻഡ് ടീമിന്‍റെ സംഗീത സദ്യ, മന്ദാരം സ്കൂൾ ഒഫ് ഡാൻസ് അവതരിപ്പിച്ച കാഞ്ചന, മങ്ക വിമൻസ് ഫോറം അവതരിപ്പിച്ച കലാ കൈരളി, നാസിയ ആൻഡ് ടീം അവതരിപ്പിച്ച ബിൻദാസ് എന്നിവയെല്ലാം പരിപാടികൾക്ക് മാറ്റു കൂട്ടി.
മങ്ക വിമൻസ് ക്ലബ് സംഘടിപ്പിച്ച പായസം മത്സരത്തിൽ വിജയികളായ ലീന രാജീവ്, മധു മുകുന്ദൻ എന്നിവർക്ക് മങ്ക ബോർഡ് ഡയറക്ടർ ജാസ്മിൻ പരോൾ ക്യാഷ് അവാർഡ് സമ്മാനിച്ചു.ഓണം പ്രോഗ്രാം കോർഡിനേറ്റർമാരായ ജോബി പൗലോസ്, ജിതേഷ് ചന്ദ്രൻ എന്നിവർ നന്ദി പ്രകാശിപ്പിച്ചു. ഷൈജു വർഗീസ് ആയിരുന്നു പരിപാടികളുടെ മുഖ്യ പ്രയോജകൻ.