ആവേശമായി മാൻസ്ഫീൽഡ് മലയാളി അസോസിയേഷൻ ഓണാഘോഷം
Mail This Article
മാൻസ്ഫീൽഡ് (ടെക്‌സസ്) ∙ മാൻസ്ഫീൽഡിലെ മലയാളി കൂട്ടായ്മയായ മാൻസ്ഫീൽഡ് മലയാളി അസോസിയേഷൻ (MMA) ഓണാഘോഷം സംഘടിപ്പിച്ചു. അതിവേഗം വളരുന്ന ഡാലസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിലെ മാൻസ്ഫീൽഡിലും പുതുതലമുറയുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷ പരിപാടികൾ.
മാൻസ്ഫീൽഡ് സിറ്റി ആക്ടിവിറ്റിസ് സെന്ററിൽ സെപ്റ്റംബർ 8ന് നടന്ന ഓണാഘോഷ പരിപാടികളിൽ നൂറിൽപരം പേർ പങ്കുചേർന്നു. വനിതകൾ പൂക്കളം ഒരുക്കി ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി. കുട്ടികളുടെ നൃത്യനൃത്തങ്ങൾ, ഓണപ്പാട്ട്, വള്ളപ്പാട്ട്, തിരുവാതിര, യുവാക്കളുടെ കോമഡി നൃത്തം, കുട്ടികൾ ചേർന്നവതരിപ്പിച്ച ഉപകരണ സംഗീതം, പാരമ്പതാഗത നൃത്തങ്ങൾ തുടങ്ങിയവ ആഘോഷങ്ങൾക്ക് കൊഴുപ്പേകി.
വനിതകളുടെ നേതൃത്വത്തിൽ നടത്തിയ തിരുവാതിര പ്രത്യേക ശ്രദ്ധനേടി. കുട്ടി മാവേലിക്കൊപ്പം ആർപ്പും വിളികളുമായി കുട്ടികളുടെ നൃത്തച്ചുവടുകളും ആവേശം പകർന്നു. ഓണക്കളികളും കുട്ടികൾക്കായി സംഘടിപ്പിച്ച വടം വലി മത്സരവും നടന്നു.
ബിജോയ് മാത്യു ഓണാഘോഷത്തെക്കുറിച്ചും ഐതീഹ്യവും പുതുതലമുറക്കായി വിവരിച്ചു. കൂട്ടായ്മയുടെ നേതൃത്വത്തിൽ തയാറാക്കിയ വിഭവ സമൃദ്ധ്യമായ ഓണസദ്യയോടെ ആഘോഷങ്ങൾക്ക് തിരശീല വീണു.
കിരൺ ജോർജ്, മനോജ് മാത്യു, ബിനു വർഗീസ് തുടങ്ങിയവർ ആഘോഷങ്ങൾക്കു നേതൃത്വം നൽകി. സ്കറിയാ ജേക്കബ് മ്യൂസിക്കൽ ഓർക്കസ്‌ട്രേഷൻ ഒരുക്കി. അല്ലി അഖിൽ, സുമി മാത്യു എന്നിവർ നൃത്തപരിപാടികൾക്കും ഷാബു. ജി യുവാക്കളുടെ ഡാൻസ് കൊറിയോഗ്രഫിക്കും നേതൃത്വം നൽകി. മോഹൻ മണമേൽ, ബിനു വർഗീസ് എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ. കിരൺ ജോർജ് സ്വാഗതവും മനോജ് മാത്യു നന്ദിയും പറഞ്ഞു.