അച്ഛനെ കൊലപ്പെടുത്തി ഒരു വർഷത്തിനുശേഷം അമ്മയെ കുത്തിക്കൊന്ന് വിദ്യാർഥി; വില്ലനായത് കുടുംബ പ്രശ്നങ്ങളെന്ന് സൂചന
Mail This Article
ഫ്ലോറിഡ ∙ ഫ്ലോറിഡയിൽ അച്ഛനെ കൊലപ്പെടുത്തി ഒരു വർഷത്തിനുശേഷം അമ്മയെ കുത്തിക്കൊന്ന് വിദ്യാർഥിയുടെ സ്വഭാവ വൈകല്യത്തിന് കാരണമായത് കുടുംബ പ്രശ്നങ്ങളെന്ന് സൂചന. ഇക്കാര്യം ഡെയ്ലി മെയിലാണ് റിപ്പോർട്ട് ചെയ്തത് . 17 വയസ്സുകാരനായ വിദ്യാർഥിയാണ് 49 വയസ്സുകാരനായ പിതാവിനെ നെഞ്ചിലും തലയിലുമായി വെടിവച്ചും 39 വയസ്സുകാരിയായ അമ്മയെ കഴുത്തിൽ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയത്.
20 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2020 മേയിലാണ് കുട്ടിയുടെ മാതാപിതാക്കൾ വിവാഹമോചനം നേടുന്നത്. വർഷങ്ങളായുള്ള ഗാർഹിക പീഡനമാണ് വിവാഹമോചനത്തിനായി അമ്മയെ പ്രേരിപ്പിച്ചത്. വിവാഹമോചനത്തിന് ശേഷം കുട്ടി പിതാവിന്റെ സംരക്ഷണയിലായിരുന്നു.
2022 ഓഗസ്റ്റിൽ, കുട്ടിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് അമ്മ കോടതിയെ സമീപിച്ചു. 2023 ഫെബ്രുവരിയിലാണ് 15 വയസ്സുകാരനായ കുട്ടി പിതാവിനെ വെടിവച്ച് കൊല്ലുന്നത്. പിതാവ് തന്നെ ഉപദ്രവിച്ചിരുന്നെന്നും സ്വയരക്ഷയ്ക്കാണ് വെടിയുതിർത്തെതെന്നുമായിരുന്നു കുട്ടി പറഞ്ഞിരുന്നത്. എന്നാൽ കുട്ടിയുടെ മൊഴിയെ സാധുകരിക്കുന്ന തെളിവുകൾ ഒന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല.
കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട കുട്ടിയെ 50,000 ഡോളർ ജാമ്യത്തിൽ അമ്മയുടെ കൂടെ വിട്ടയച്ചു. തുടർന്ന് കേസ് പിൻവലിച്ചു. പിതാവ് കൊല്ലപ്പെട്ട് മാസങ്ങൾക്ക് ശേഷം, 2023 സെപ്റ്റംബറിൽ അമ്മ തന്നെ കൊല്ലുമെന്നും സ്വയം മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി സ്കൂൾ ഓഫിസറെ അറിയിച്ചു. തുടർന്ന് കുട്ടിക്ക് മാനസികാരോഗ്യ പരിശോധന നടത്താൻ പൊലീസിനോട് ഇവർ അഭ്യർഥിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ അമ്മ ഇക്കാര്യങ്ങൾ നിരസിക്കുകയും, കുട്ടിക്ക് വ്യക്തിത്വ വൈകല്യവും പിടിഎസ്ഡിയും ഉണ്ടെന്ന് കണ്ടെത്തിയതായി അറിയിക്കുകയും ചെയ്തു.
അതേസമയം മാനസികാരോഗ്യ ചികിത്സയ്ക്കായി കുട്ടിയെ വീടിനടുത്തുള്ള ജൂപിറ്റർ ഫെസിലിറ്റിയിലാക്കിയിരുന്നു. മാസങ്ങൾക്ക് ശേഷം കുട്ടി അമ്മയുടെ കൂടെ വീട്ടിലേക്ക് തിരിച്ചെത്തിയത്. തുടർന്ന് 2023 നവംബറിൽ, കുട്ടി അമ്മയെ ആക്രമിക്കുകയും പല പ്രാവശ്യം കഴുത്തിൽ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയും ചെയ്തു. കുട്ടിക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. കേസിൽ വിചാരണ പുരോഗമിക്കുകയാണ്.