ADVERTISEMENT

ഹൂസ്റ്റണ്‍ ∙ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കമല  ഹാരിസ് എത്തുന്നതാണോ ഡൊണാള്‍ഡ് ട്രംപ് വരുന്നതാണോ ഇന്ത്യയെ സംബന്ധിച്ച് ഗുണകരം? പെട്ടെന്ന് ഒരു ഉത്തരം പറയാന്‍ കഴിയില്ലെന്നതാണ് വാസ്തവം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുടെ വാക്കുകള്‍ ഇതു തെളിയിക്കുന്നു. 'അമേരിക്കന്‍ പ്രസിഡന്റ് ആരായാലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് എല്ലാ വിശ്വാസവുമുണ്ട്.' എന്നായിരുന്നു ഇത്തരമൊരു ചോദ്യത്തോട് അദ്ദേഹത്തിന്റെ പ്രതികരണം. ഓവല്‍ ഓഫിസിലെ അടുത്ത താമസക്കാരുമായി പ്രവര്‍ത്തിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത പരസ്യമായി സൂചിപ്പിക്കാനും അദ്ദേഹം മടിച്ചില്ല. 

∙വമ്പനാണ് ട്രംപ്
ഡൊണാള്‍ഡ് ട്രംപിനൊപ്പം പ്രവര്‍ത്തിച്ച പരിചയം ഇന്ത്യക്കുണ്ട്. അഅദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. എന്നിരുന്നാലും നിര്‍ണായകമായ വിദേശ നയ തീരുമാനങ്ങളില്‍, പ്രത്യേകിച്ച് വിദേശ ബന്ധങ്ങളുമായി ബന്ധപ്പെട്ടുള്ള നയങ്ങള്‍ അട്ടിമറിക്കുന്നതിന് പേരുകെട്ട വ്യക്തിയാണ് പ്രവചനാതീതനായ മുന്‍ യുഎസ് പ്രസിഡന്റ്.

കഴിഞ്ഞ ദിവസം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'അതിശയകരമായ മനുഷ്യന്‍' എന്ന് പുകഴ്ത്തി. തൊട്ടുപിന്നാലെ ഇറക്കുമതി ചുങ്കത്തിന്റെ 'ദുരുപയോഗം ചെയ്യുന്നവര്‍' എന്ന് ട്രംപ് ഇന്ത്യയെ മുദ്രകുത്തി. മിഷിഗണില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും മലക്കം മറിഞ്ഞു, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അടുത്തയാഴ്ചത്തെ യുഎസ് സന്ദര്‍ശന വേളയില്‍ മോദിയെ കാണാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ടാല്‍, 'പരസ്പര വ്യാപാര' നയങ്ങള്‍ നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചു. 

∙ഇന്ത്യന്‍ വേരുകള്‍ കമലാ മറക്കുമോ? 
കമല ഹാരിസ് ഇന്ത്യയുമായി ബന്ധപ്പെട്ടുള്ള നയപരമായ തീരുമാനങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും, തന്റെ ഇന്ത്യന്‍ വേരുകള്‍ ആഘോഷിക്കുന്ന വ്യക്തിയാണ്. അവരുടെ അമ്മ ശ്യാമള ഗോപാലന്‍ യുഎസിലേക്ക് കുടിയേറിയ ചെന്നൈ സ്വദേശിയാണ്. തിരഞ്ഞെടുക്കപ്പെട്ടാല്‍ സ്വന്തം തീരുമാനങ്ങള്‍ കൊണ്ടുവരുമ്പോള്‍ തന്നെ ബൈഡന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ അവര്‍ തുടരുമെന്ന് കരുതുന്നത് യുക്തിസഹമായിരിക്കും.

∙ഇന്ത്യയാണ് താരം 
വിദേശകാര്യ മന്ത്രി ജയ്ശങ്കറിന്റെ പ്രസ്താവന, അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ സങ്കീര്‍ണ്ണതകളെ മനസിലാക്കി ഇന്ത്യന്‍ ഭരണസംവിധാനത്തിന്റെ പൊരുത്തപ്പെടല്‍ വ്യക്തമാക്കുന്നതാണ്. പ്രത്യേകിച്ചും വിജയിയെ പ്രവചിക്കാന്‍ പ്രയാസമുള്ള കടുത്ത തിരഞ്ഞെടുപ്പിന് മുമ്പ്. ഇന്ത്യന്‍ സര്‍ക്കാരിന് ഏതെങ്കിലും സ്ഥാനാർഥിയുമായി ഫലപ്രദമായി സഹകരിക്കാന്‍ കഴിയുമെങ്കിലും, സൂക്ഷ്മമായ മുന്‍ഗണനകള്‍ ഉണ്ടെന്നത് തള്ളാന്‍ കഴിയില്ല. 

നിലവിലെ അഭിപ്രായ വോട്ടെടുപ്പുകള്‍ സൂചിപ്പിക്കുന്നത് ഹാരിസിന് ട്രംപിനേക്കാള്‍ നേരിയ മുന്‍തൂക്കം ഉണ്ടെന്നാണ്. എന്നാല്‍ ഈ കാലാവസ്ഥ അതിവേഗം മാറാം. അതുകൊണ്ടുതന്നെ ട്രംപിന്റെ വിജയത്തെ തള്ളിക്കളയുക എളുപ്പമല്ല. മോദിയുടെ സര്‍ക്കാര്‍ ചരിത്രപരമായി ട്രംപുമായി മികച്ച പ്രവര്‍ത്തന ബന്ധമാണ് സ്ഥാപിച്ചിട്ടുള്ളത്. 'ഹൗഡി, മോദി!' യുഎസിലെ റാലിയും ഇന്ത്യയില്‍ 'നമസ്തേ ട്രംപ്' പരിപാടിയുമെല്ലാം ഇതിന് ഉദാഹരണമാണ്. 

ഒരു വശത്ത്, ഇന്ത്യന്‍ വേരുകളുള്ള ഒരു രാഷ്ട്രീയക്കാരി എന്ന നിലയില്‍ ഹാരിസ് അതുല്യമായ കാഴ്ചപ്പാട് കൊണ്ടുവരുന്നു. എന്നിരുന്നാലും, അവരുടെ പുരോഗമനപരമായ നിലപാട് ഡല്‍ഹിക്ക് അത്ര പഥ്യമായിരിക്കില്ല. 

കാര്യമായ മാറ്റം വരുത്താന്‍ കഴിവുള്ള ശക്തരും നിര്‍ണ്ണായകവുമായ വ്യക്തികളായിട്ടാണ് മോദിയും ട്രംപും തങ്ങളെ കാണുന്നത്. ശക്തമായ നേതൃത്വത്തോടുള്ള ട്രംപിന്റെ ആരാധന മോദിയുടെ സമീപനവുമായി യോജിക്കുന്നു. സഹകരണം സുഗമമാക്കാന്‍ കഴിയുന്ന പരസ്പര ധാരണ നിര്‍ദ്ദേശിക്കുന്നു. അവരുടെ മുന്‍കാല ഭരണകാലത്ത് വികസിപ്പിച്ച വ്യക്തിബന്ധം, യുഎസ്-ഇന്ത്യ ബന്ധങ്ങള്‍ക്ക് ഗുണം ചെയ്‌തേക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ആഗോളനിലവാരം ഉയര്‍ത്താന്‍ അമേരിക്കന്‍ പിന്തുണയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക്  ഒറ്റപ്പെടല്‍ നിലപാട് വെല്ലുവിളികള്‍ ഉയര്‍ത്തിയേക്കാം. ട്രംപ് ഭരണകൂടം സാമ്പത്തിക സംരക്ഷണവാദത്തിന് മുന്‍ഗണന നല്‍കുകയും അമേരിക്കയുടെ സുരക്ഷാ പ്രതിബദ്ധതകള്‍ കുറയ്ക്കുകയും ചെയ്‌തേക്കാം. ഇത് യൂറോപ്പിലും ഏഷ്യയിലുടനീളമുള്ള ഭൗതിക രാഷ്ട്രീയ സാഹചര്യങ്ങളെ അസ്ഥിരപ്പെടുത്തും എന്നും സംശയിക്കപ്പെടുന്നു. 

ഇതിനു വിപരീതമായി, ഹാരിസ് ഭരണകൂടം വിദേശ നയത്തിന് കൂടുതല്‍ പ്രവചിക്കാവുന്ന സമീപനം കൊണ്ടുവന്നേക്കാം. ആഗോള ഇടപഴകലിന്റെ സ്ഥാപിത മാനദണ്ഡങ്ങളുമായി അവര്‍ പൊരുത്തപ്പെടുന്നു. എന്നിരുന്നാലും, ഇന്ത്യയെ സംബന്ധിച്ച അവരുടെ നയങ്ങളില്‍ വ്യക്തതയില്ലാത്തത് അനിശ്ചിതത്വത്തിന് ഇടം നല്‍കുന്നതാണ്.  

English Summary:

Who is better for India, Trump or Kamala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com