വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസിന്റെ ഓണാഘോഷം വർണ്ണാഭമായി
Mail This Article
ന്യൂയോർക്ക് ∙ വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസിന്റെ ഓണാഘോഷം വിവിധ കലാപരിപാടികളോടു കൂടി സെപ്റ്റംബർ 15-ാം തീയതി കേരള സെന്ററിൽ സംഘടിപ്പിച്ചു. ഡബ്ല്യൂഎംസി അംഗങ്ങളും അഭ്യുദയകാംക്ഷികളുമായിരുന്ന ഡോ. മോഹൻ ഏബ്രഹാം, ജയ്‌സൺ ജോസഫ്, ജോർജ് കൊട്ടാരം എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയതിനു ശേഷം യോഗം ആരംഭിച്ചു.
താലപ്പൊലി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടു കൂടി മാവേലി വേദിയിലെത്തി. മാവേലി തമ്പുരാനും പ്രൊവിൻസ് ഭാരവാഹികളും ചേർന്ന് നിലവിളക്ക് തെളിയിച്ച് കലാപരിപാടികൾക്ക് തുടക്കം കുറിച്ചു.
ഡോ. അന്ന ജോർജിന്റെ നേതൃത്വത്തിലുളള തിരുവാതിര പരിപാടിയുടെ മാറ്റ് കൂട്ടി. ജയ മണ്ണൂരാം പറമ്പിൽ ഒരുക്കിയ കുട്ടികളുടെ ഡാൻസ്, നക്ഷത്ര, നവോമിക സഹോദരിമാരുടെ ഗാനവും ഉപകരണ സംഗീതവും, മേരിക്കുട്ടി മൈക്കിളിന്റെ ഗാനവും, കാർത്തി മണ്ണിക്കരോട്ടിന്റെ നൃത്തവും ശ്രദ്ധേയമായി. ഈ ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ച എംസി മേരിക്കുട്ടി മൈക്കൽ മികച്ച പ്രകടനം കാഴ്ചവച്ചു.
ന്യൂയോർക്ക് പ്രൊവിൻസ് സെക്രട്ടറി ജോർജ് കെ ജോൺ സ്വാഗതവും, പ്രസിഡന്റ് പ്രൊഫ. സാം മണ്ണിക്കരോട്ട് ഓണ സന്ദേശവും ഡബ്ല്യൂഎംസി അമേരിക്ക റീജൻ ചെയർമാൻ ചാക്കോ കോയിക്കലേത്തു ആശംസ പ്രസംഗവും നടത്തി. കഥയും, തിരക്കഥയും എഴുതി മലയാള സിനിമ സംവിധാനം ചെയ്ത പ്രൊവിൻസ് അംഗമായ ചാർളി തോമസിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
മലയാളികളുടെ അമേരിക്കൻ ദേശീയ സംഘടനകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രൊവിൻസ് അംഗങ്ങളെ യോഗം അഭിനന്ദിച്ചു. ഡബ്ല്യൂഎംസി ന്യൂയോർക് പ്രൊവിൻസ് ചെയർമാൻ മോൻസി വർഗീസ് നന്ദി അറിയിച്ചു. ഓണസദ്യയും ഒരുക്കിയിരുന്നു.