‘ഉടമകളെ തേടി’ പൂച്ച നടന്നത് 1,287 കിലോമീറ്റർ; കലിഫോർണിയയിൽ നിന്ന് അപൂർവ സ്നേഹഗാഥ
Mail This Article
കലിഫോർണിയ∙ രണ്ട് മാസത്തെ തിരിച്ചലിനും കാത്തിരിപ്പിനും ഒടുവിൽ റെയ്ൻ ബ്യൂവുവിനെ തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് കലിഫോർണിയയിലെ ദമ്പതികളായ ബെന്നിയും സൂസൻ ആൻഗ്യാനോയും. തങ്ങളുടെ പ്രിയപ്പെട്ട പൂച്ചയായ റെയ്ൻ ബ്യൂവിനെ യെല്ലോസ്റ്റോൺ ദേശീയ ഉദ്യാനത്തിൽ നഷ്ടപ്പെട്ടതിനെത്തുടർന്ന് ഇരുവരും ദുഖത്തിലായിരുന്നു. വലിയ മരുഭൂമിയുള്ള പ്രദേശമായതിനാൽ പൂച്ചയെ കണ്ടെത്താൻ സാധിക്കുമോയെന്ന ആകുലത ഇവരെ അലട്ടിയിരുന്നു.
എന്നാൽ വേനൽക്കാലം അവസാനിച്ചതോടെ ദുഖം മാറുന്ന വാർത്തയാണ് ഇരുവരെയും തേടിയെത്തി. യെല്ലോസ്റ്റോണിൽ നിന്ന് ഏകദേശം 800 മൈൽ (1,287 കിലോമീറ്റർ) അകലെ കലിഫോർണിയയിലെ റോസ്‌വില്ലിൽ നിന്ന് പൂച്ചയെ കണ്ടെത്തിയതായി മൃഗക്ഷേമ സംഘം അറിയിച്ചു. ബെന്നിക്കും സൂസൻ ആൻഗ്യാനോയ്ക്കും ഇതോടെയാണ് റെയ്ൻ ബ്യൂവുമായി വീണ്ടും ഒന്നിക്കുന്നതിന് അവസരം ലഭിച്ചത്.
ജൂണിൽ, ബെന്നിയും സൂസൻ ആൻഗ്യാനോയും ദേശീയ ഉദ്യാനത്തിൽ ക്യാംപിങ്ങിന് പോയി. എന്തോ കാരണത്താൽ ഞെട്ടിയ റെയ്ൻ ബ്യൂ മരങ്ങള്‍ക്ക് ഇടയിലേക്ക് ഓടി പോകുകയായിരുന്നു. യാത്രയ്ക്കിടയിൽ റെയ്ൻ ബ്യൂ മടങ്ങിവരുമെന്ന പ്രതീക്ഷിച്ചെങ്കിലും ക്യാംപിങ്ങ് തീരും വരെ അതു സംഭവിച്ചില്ല. ഇതോടെ നിരാശയോടെ ബെന്നിയും സൂസൻ ആൻഗ്യാനോയും തിരികെ വീട്ടിലേക്ക് മടങ്ങി പോയി.
'അതായിരുന്നു ഏറ്റവും പ്രയാസമേറിയ ദിവസം, കാരണം ഞാൻ അവനെ ഉപേക്ഷിക്കുകയാണെന്ന് എനിക്ക് തോന്നി.' – സൂസൻ ആൻഗ്യാനോ പറഞ്ഞു. ഒരു സ്ത്രീ തെരുവിൽ ഒറ്റയ്ക്ക് നിൽക്കുന്ന റെയ്ൻ ബ്യൂവിനെ കണ്ടെത്തി അഭയകേന്ദ്രത്തിലേക്ക് കൊണ്ടുവന്നു. ഇതോടെ റെയ്ൻ ബ്യൂവിന്‍റെ മൈക്രോചിപ്പിൽ നിന്ന് പൂച്ചയെ തിരിച്ചറിഞ്ഞ അഭയകേന്ദ്ര അധികൃതർ ഇക്കാര്യം ദമ്പതികളെ അറിയിക്കുകയായിരുന്നു.
യെല്ലോസ്റ്റോണിൽ നിന്ന് റോസ്‌വില്ലിലേക്കുള്ള 800 മൈൽ റെയ്ൻ ബ്യൂ എങ്ങനെ സഞ്ചരിച്ചുവെന്നത് ഒരു രഹസ്യമായി തുടരുന്നു, എന്നാൽ തങ്ങളുടെ കഥ പങ്കിടുന്നത് എന്തെങ്കിലും വിശദാംശങ്ങളുമായി മുന്നോട്ട് വരാൻ ആരെയെങ്കിലും പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദമ്പതികൾ പറയുന്നു. വീട് തേടിയാണ് പൂച്ച ഇത്രയും ദൂരം നടന്നതെന്നാണ് കരുതപ്പെടുന്നത്.