ശിക്ഷ പുനരാരംഭിച്ചതിന് ശേഷമുള്ള 100-ാം വധശിക്ഷ: മിസോറി സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി
Mail This Article
മിസോറി ∙ വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. മിസോറി സ്വദേശിയായ മാർസെല്ലസ് വില്യംസിന്‍റെ വധശിക്ഷയാണ് നടപ്പാക്കിയത്. 1998 ഓഗസ്റ്റ് 11നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
മാർസെല്ലസ് വില്യംസ് മോഷണത്തിനായിട്ടാണ് ലിഷ ഗെയ്‌ലിന്‍റെ (42) വീട്ടിൽ അതിക്രമിച്ച് കയറിയത്. മോഷണശ്രമത്തിനിടെയാണ് പ്രതി ലിഷയെ കുത്തി കൊലപ്പെടുത്തിയത്. 43 തവണ ലിഷയെ പ്രതി കുത്തി പരുക്കേൽപ്പിച്ചു. മാരകമായ വിഷം കുത്തിവച്ചാണ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത്.
മാർസെല്ലസ് വില്യംസിന്‍റെ മകനും രണ്ട് അഭിഭാഷകരും മറ്റൊരു മുറിയിൽ നിന്ന് വധശിക്ഷ നടപ്പാക്കുന്നത് നിരീക്ഷിച്ചു. ഇരയുടെ കുടുംബത്തിന് വേണ്ടി ആരും ഹാജരായിരുന്നില്ല. മിസോറിയിൽ ഈ വർഷം വധശിക്ഷ നടപ്പാക്കുന്ന മൂന്നാമത്തെ തടവുകാരനാണ് മാർസെല്ലസ് വില്യംസ്. 1989-ൽ മിസോറി ഭരണകൂടം വധശിക്ഷ പുനരാരംഭിച്ചതിന് ശേഷമുള്ള 100-ാമത്തെ വധശിക്ഷയാണിത്.