ടെക്സസിനും ഫ്ലോറിഡയ്ക്കും മുൻതൂക്കം നൽകി ഡെമോക്രാറ്റിക് പ്രചാരണം
Mail This Article
വാഷിങ്ടൻ ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ടെക്സസിനും ഫ്ലോറിഡയ്ക്കും കൂടുതൽ പ്രാധാന്യം നൽകാൻ ഡെമോക്രാറ്റിക് സെനറ്ററിയൽ ക്യാംപെയ്ൻ. പ്രചാരണത്തിനായ് ഈ രണ്ട് സംസ്ഥാനങ്ങളിലായിരിക്കും ഡെമോക്രാറ്റിക് പാർട്ടി കൂടുതൽ പണം ചെലവാക്കുക. ടെക്സസിലെ സെനറ്റ് മത്സരത്തിൽ റിപ്പബ്ലിക്കൻ സെനറ്റർ റ്റെഡ് ക്രൂസിനെതിരെ ഡെമോക്രാറ്റിക് ജനപ്രതിനിധി കോളിൻ ആൾറെഡാണ് രംഗത്തുള്ളത്.
ഫ്ലോറിഡയിലെയും ടെക്സസിലെയും പ്രചാരണത്തിന് കൂടുതൽ പണം ചെലവഴിക്കുന്ന തീരുമാനത്തെ ഡിഎസ്‍സിസി ചെയർമാനും മിഷിഗൻ ഡെമോക്രാറ്റിക് സെനറ്ററുമായ ഗാരി പീറ്റേഴ്സ് അനുകൂലിച്ചു. പ്രചാരണത്തിനായ് നിക്ഷേപങ്ങൾ ലഭിക്കുന്നതിന് പിന്നിലെ പ്രധാന കാരണം ഈ രണ്ടു സംസ്ഥാനങ്ങളിലും പാർട്ടിക്ക് വിജയിക്കാൻ കഴിയുമെന്ന വിശ്വാസമാണ്.
ബൈഡന് പകരം വൈസ് പ്രസിഡന്റ് കമല ഹാരിസ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായി രംഗത്ത് വന്നതോടെ ഡിഎസ്‌സിസിയ്ക്ക് ഫണ്ടിങ്ങും ധാരാളമായി ലഭിക്കുന്നുണ്ടെന്ന് നിരീക്ഷകർ പറയുന്നു. പ്രചാരണത്തിനായ് പാർട്ടി പരസ്യങ്ങൾക്ക് ചെലഴിക്കുന്ന പണമാണ് ഇതിന് തെളിവെന്നും ഇവർ പറയുന്നു.
ഡിഎസ്‌സിസി ചില സംസ്ഥാനങ്ങളിൽ വോട്ടർമാരെ നേരിട്ട് ബന്ധപ്പെടാൻ 25 മില്യൻ ഡോളർ നീക്കി വച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളുടെ പട്ടികയിൽ ടെക്സസും ഉൾപ്പെടുന്നു. മോണ്ടാന, ഒഹായോ പോലെയുള്ള സംസ്ഥാനങ്ങളിലും പാർട്ടി സ്ഥാനാർഥികൾ കടുത്ത മത്സരമാണ് നേരിടുന്നത്.