പാക്കിസ്ഥാനിലെ സിറിയക് ഓർത്തഡോക്സ് സഭയ്ക്ക് സഹായഹസ്തവുമായി ഫാ. ജോസഫ് വർഗീസ്
Mail This Article
ന്യൂജഴ്‌സി ∙ പാക്കിസ്ഥാനിലെ സിറിയക് ഓർത്തഡോക്സ് സഭയ്ക്ക് സഹായഹസ്തവുമായി വീണ്ടും ഫാ. ജോസഫ് വർഗീസ്. സിന്ധ് പ്രവിശ്യയിലെ ഗോണ്ടൽ ഫാം ഗ്രാമത്തിലെ ജനജീവിതത്തിൽ വെളിച്ചം പകർന്ന് ഫാ. ജോസഫ് വർഗീസ് ജലക്ഷാമം മൂലം ദുരിതമനുഭവിച്ചിരുന്ന ഈ ഗ്രാമത്തിൽ ശുദ്ധജല വിതരണത്തിനായി വീണ്ടും വാട്ടർ പമ്പ് സ്ഥാപിച്ചു
കിലോമീറ്ററുകളോളം നടന്ന് വെള്ളം കൊണ്ടുവരുന്നത് ദിനചര്യയായിരുന്ന ഈ ഗ്രാമത്തിലെ സ്ത്രീകളും കുട്ടികളും ഇനി മുതൽ ശുദ്ധജലം സ്വതന്ത്രമായി ലഭിക്കുന്നതിനാൽ മറ്റ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഗ്രാമത്തിന് വലിയ മുന്നേറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഫാ. ജോസഫ് വർഗീസിന്റെ ഈ മനുഷ്യത്വപൂർണ്ണമായ പ്രവർത്തനം മറ്റുള്ളവർക്ക് പ്രചോദനമായിരിക്കും. മതേതരത്വത്തിനും സമാധാനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഫാ. ജോസഫ് വർഗീസ് ഇത്തരം സേവന പ്രവർത്തനങ്ങളിലൂടെ ലോകമെമ്പാടുമുള്ള ആളുകളുടെ മനസ്സിൽ ഇടം നേടിയിട്ടുണ്ട്.
പത്തനംതിട്ട സ്വദേശിയായ ഫാ. ജോസഫ് വർഗീസ് അന്ത്യോഖ സിറിയൻ ഓർത്തഡോക്സ് ചർച്ചിന്റെ അമേരിക്കയിലെ മലങ്കര ആർച്ച് ഡയോസിസിലെ വൈദികനാണ്. ഹോളി സോഫിയ കോപ്റ്റിക് ഓർത്തഡോക്സ് സ്കൂൾ ഓഫ് തിയോളജിയിലെ ആരാധനക്രമ പഠനത്തിന്റെ അഡ്ജംക്റ്റ് പ്രഫസറാണ്. ന്യൂയോർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് ടോളറൻസിന്റെ (IRFT-New York) എക്സിക്യൂട്ടീവ് ഡയറക്ടറായും ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് സമാധാനത്തിനായുള്ള മതങ്ങളുടെ എക്സിക്യൂട്ടീവ് കൗൺസിൽ (RFP-USA) അംഗമായും അദ്ദേഹം പ്രവർത്തിക്കുന്നു