വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ് ഓണം ആഘോഷിച്ചു
Mail This Article
വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ് സെപ്റ്റംബർ 28-ആം തീയതി ശനിയാഴ്ച ഓണം ഗംഭീരമായി ആഘോഷിച്ചു. ഫിലഡൽഫിയയിലെ ക്രൂസ്‌ടൗണിലുള്ള മയൂരാ റെസ്റ്റാറ്റാന്റിൽ വച്ച് വൈകിട്ട് അഞ്ചു മണിമുതൽ രാത്രി ഒന്പതു മണിവരെയാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. ആഘോഷ പരിപാടികൾക്ക് മുൻപായി പ്രൊവിൻസിന്റെ മീറ്റിങ്ങും പ്രൊവിൻസ് രണ്ടായിരത്തി ഇരുപത്തിയഞ്ചിൽ കേരളത്തിൽ വച്ച് നടത്തപെടുന്ന നിർധനരായ ഇരുപത്തിയഞ്ചു യുവതീ യുവാക്കളുടെ സമൂഹ വിവാഹത്തെക്കുറിച്ചും അവലോകനവും നടന്നു.
ഈശ്വര പ്രാർത്ഥനയോടെ മീറ്റിംഗ് 5 മണിക്ക് ആരംഭിച്ചു. പ്രൊവിൻസിന്റെ ജനറൽ സെക്രട്ടറി ലൂക്കോസ് മാത്യു സ്വാഗതം അർപ്പിച്ചിച്ചുകൊണ്ട് എല്ലാവർക്കും ഓണാശംസകൾ നേർന്നു. അതോടൊപ്പം, കഴിഞ്ഞ മീറ്റിംഗിന്റെ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. മീറ്റിംഗിന്റെ റിപ്പോർട്ട് യോഗത്തിൽ ഐക്യഖണ്ഡേന പാസ്സാക്കി . പ്രസിഡന്റ് നൈനാൻ മത്തായി അദ്ധ്യക്ഷ പ്രസംഗം നടത്തി. പഴയ ഓണകാലത്തിന്റെ ഓർമ്മകൾ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പങ്കുവച്ചപ്പോൾ ഓരോ പ്രൊവിൻസ് അംഗങ്ങളും അവരുടേതായ ഓണത്തിന്റെ പഴയകാല ഓർമ്മകൾ പങ്കുവച്ചത് ഒരു പുതിയ അനുഭവമായി.
ഓണാശംസകൾ നേർന്നതിനോടൊപ്പം പ്രൊവിൻസ് അടുത്ത വര്ഷം ഏറ്റെടുത്തു നടത്തുന്ന സമൂഹ വിവാഹത്തിന്റെ പൂർണവിജയത്തിനായി എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണയും സഹകരണവും അഭ്യർത്ഥിച്ചു. പ്രൊവിൻസ് സംഘടിപ്പിക്കുന്ന സമൂഹ വിവാഹത്തിന്റെ വിജയകരമായ നടത്തിപ്പിനായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെയും ഗ്ലോബലിന്റെയും ഭാരവാഹികൾ എല്ലാ പിന്തുണയും സഹകരണവും അറിയിച്ചിട്ടുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തിൽ എടുത്തു പറഞ്ഞു. എല്ലാ പ്രൊവിൻസ് അംഗങ്ങളും അവരോടുള്ള നന്ദിയും സ്നേഹവും രേഖപ്പെടുത്തി. ചെയർമാൻ മറിയാമ്മ ജോർജ്ജ് എല്ലാവര്ക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഓണം ആശംസിച്ചു.
കഴിഞ്ഞ ജൂൺ എട്ടാംതീയതി പ്രൊവിൻസ് സംഘടിപ്പിച്ച മദേഴ്‌സ് ആൻഡ് ഫാദേഴ്‌സ് ഡേ ആഘോഷ പരിപാടികൾ വിജയകരമാക്കി തീർത്ത എല്ലാ പ്രൊവിൻസ് അംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും അതോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവര്ക്കും പ്രൊവിൻസിന്റെ പേരിലുള്ള നന്ദിയും സ്നേഹം തന്റെ ആശംസാ പ്രസംഗത്തിൽ കൂടി അറിയിച്ചു. അതോടൊപ്പം കലാവിരുന്നുകൾക്കു ചുക്കാൻ പിടിച്ചു അക്ഷീണം പരിശ്രമിച്ച ആഘോഷ പരിപാടികളുടെ പ്രോഗ്രാം കോർഡിനേറ്ററും പ്രൊവിൻസിന്റെ വുമൺ ഫോറം പ്രെസിഡന്റുമായ ഷൈലാ രാജനെ യോഗത്തിൽ അഭിനന്ദിച്ചു.
പ്രൊവിൻസിന്റെ അംഗമായ നിർമല തോമസ്കുട്ടി ഓണാഘോഷത്തെയും അതിന്റെ ഐതീഹത്തെപ്പറ്റിയും വിവരിച്ചത് എല്ലാവര്ക്കും ഓണത്തിന്റെ ഓർമ പുതുക്കലിന്റെ അനുഭവമായി. തോമസ് കുട്ടി വര്ഗീസിന്റെയും പ്രസാദ് ബേബിയുടെയും മനോഹരങ്ങളായ ഓണപ്പാട്ടുകൾ വേദിയുടെ ആഘോഷങ്ങൾക്ക് വർണ്ണശബളമേകി. സമൂഹ വിവാഹത്തിന്റെ നടത്തിപ്പിനായി ഏറ്റവും കൂടുതൽ സംഭാവന നൽകിയ പ്രൊവിൻസിന്റെ മുതിർന്ന അംഗവും അസിസ്റ്റന്റ് ട്രെഷററുമായ ശ്രീമതി ലീലാമ്മ വറുഗീസിനോടുള്ള നന്ദിയും സ്നേഹവും യോഗം രേഖപ്പെടുത്തി. ട്രഷറർ തോമസ് കുട്ടി വര്ഗീസ് പ്രൊവിൻസിന്റെ കണക്കു വിവരങ്ങൾ അവതരിപ്പിച്ചു. പ്രൊവിൻസിന്റെ എല്ലാ പരിപാടികളിലും മനോഹരമായി ഫോട്ടോകൾ എടുത്തു പ്രൊവിൻസിന്റെ ഓർമ്മകൾ സൂക്ഷിക്കുവാൻ സഹായിക്കുന്ന പ്രൊവിൻസിന്റെ അംഗം കൂടിയായ ബെന്നി മാത്യുവിനെ പ്രൊവിൻസിന്റെ സ്നേഹവും കടപ്പാടും അറിയിച്ചു. തോമസ് കുട്ടി വര്ഗീസ് എല്ലാവര്ക്കും നന്ദി പറഞ്ഞു. വിഭവസമൃദ്ധമായ ഓണം സദ്യയോടും ഫോട്ടോസെഷനോടും കൂടെ ആഘോഷ പരിപാടികൾ രാത്രി 9 മണിയോടുകൂടി പര്യവസാനിച്ചു.