ADVERTISEMENT

ഹൂസ്റ്റണ്‍ ∙ ഇനി കഷ്ടിച്ച് ഒരു മാസം. യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രവചനാതീതമായ മത്സരത്തിന് അരങ്ങൊരുങ്ങുകയാണ്. രാജ്യം ഇതുവരെ തീരുമാനം എടുത്തിട്ടില്ല, കമല ഹാരിസിന് പിന്നില്‍ അണിനിരക്കണോ അതോ ഡോണള്‍ഡ് ട്രംപ് യുഗത്തിലേക്ക് മടങ്ങണോ എന്ന്.

തിരഞ്ഞെടുപ്പ് ഫലം ഇപ്പോഴും പ്രവചനാതീതമാണെന്ന് സാരം. അത്രമാത്രം വിഭജിച്ച മാനസികാവസ്ഥയിലാണ് യുഎസിലെ വോട്ടര്‍മാര്‍. 2024 ലെ മത്സരത്തിലേക്കാൾ കൂടുതല്‍ ട്വിസ്റ്റുകള്‍ ഇതിനോടകം എല്ലാവരും കണ്ടു. ഇനിയും  ബാക്കിയുണ്ടാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. 

വോട്ടെടുപ്പില്‍  78 വയസുകാരനായ ട്രംപും 59 വയസ്സുകാരിയായ ഹാരിസും തമ്മിലുള്ള രൂക്ഷമായ പോരാട്ടത്തിനാണ് യുഎസ് സാക്ഷ്യം വഹിക്കുന്നത്. ഇക്കുറി ട്രംപ് വിജയിച്ചില്ലെങ്കില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ അരാജകത്വം ആവര്‍ത്തിക്കുമെന്നും മുന്‍ പ്രസിഡന്റിന്റെ അനൂകൂലികള്‍ വാദിക്കുന്നു. 

അതേസമയം, മിഡില്‍ ഈസ്റ്റ് സമ്പൂര്‍ണ യുദ്ധത്തിലേക്ക് വഴുതി വീഴുകയും റഷ്യയ്ക്കെതിരായ അതിജീവനത്തിനായുള്ള യുക്രെയ്ന്റെ പോരാട്ടം പൂര്‍ണമായും യുഎസ് പിന്തുണയെ ആശ്രയിച്ചു മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ ഈ സഹായത്തെ ട്രംപ് വിമര്‍ശിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഓവല്‍ ഓഫിസില്‍ ആരാകും എത്തുക എന്നു കാണാനായി ലോകം ശ്വാസമടക്കി കാത്തിരിക്കുകയാണ്.

ഒരു കാര്യം ഉറപ്പാണ്: അടുത്ത നാലാഴ്ച ഹാരിസും ട്രംപും – അവരുടെ സഹ മത്സരാർഥികളായ ഡെമോക്രാറ്റിക് മിനസോട്ട ഗവര്‍ണര്‍ ടിം വാല്‍സും റിപ്പബ്ലിക്കന്‍ ഒഹായോ സെനറ്റര്‍ ജെ.ഡി. വാന്‍സും നിരന്തര പ്രചാരണ പാതയില്‍ ഏറ്റുമുട്ടുന്നത് കാണാന്‍ സാധിക്കും. അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നീ ഏഴ് പ്രധാന സ്വിങ് സംസ്ഥാനങ്ങളിലെ ഏതാനും ആയിരം വോട്ടുകളാകും ഭാവി തീരുമാനിക്കുക എന്നാണ് സൂചന. 

ഹാരിസും ട്രംപും വോട്ടര്‍മാര്‍ക്ക് രണ്ട് വ്യത്യസ്ത വീക്ഷണങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. 'വി ആര്‍ നോട്ട് ഗോയിംഗ് ബാക്ക്' എന്നാണ് ഹാരിസ് ഉയര്‍ത്തുന്ന മുദ്രാവാക്യം. വിഭജന രാഷ്ട്രീയത്തിന്റെ ഒരു യുഗത്തിലേക്ക് മടങ്ങണോ എന്നാണ് അവര്‍ ഉന്നയിക്കുന്ന ചോദ്യം. തനിക്ക് മാത്രം പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങളാണ് യുഎസ് നേരിടുന്നതെന്നും 'അമേരിക്കയെ വീണ്ടും മഹത്തരമാക്കുമെന്നും ട്രംപ് പ്രതിജ്ഞ ചെയ്യുന്നു.

ശക്തന് ഒരവസരം നല്‍കുക, അവന്‍ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കട്ടെ. പിന്നീട് ജനാധിപത്യത്തിലേക്ക് മടങ്ങിവരാം - ട്രംപിന് പിന്തുണ നല്‍കുന്നവരുടെ വാദമാണിത്. എന്നാല്‍ ഒരിക്കലും ജനാധിപത്യത്തിലേക്ക് മടങ്ങാന്‍ കഴിയില്ല എന്നതാണ് പ്രശ്‌നം എന്ന് മറുകൂട്ടര്‍ പറയുന്നു. മൂന്ന് മാസങ്ങള്‍ക്കുമുമ്പ്, അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് എന്ന പദവിക്കായി ട്രംപും 81 വയസുകാരനായ ബൈഡനും തമ്മില്‍ തീരെ ആവേശമില്ലാത്ത ഒരു മത്സരമായിരുന്നു ഉണ്ടായിരുന്നത്. 

English Summary:

Harris-Trump Neck-and-Neck as 2024 US Presidential Race Enters Final Month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com