ട്രംപിന് വേണ്ടി വേദിയിലെത്തി മസ്‌ക്!
Mail This Article
ഹൂസ്റ്റണ്‍ ∙ മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് വേണ്ടി സമൂഹ മാധ്യമങ്ങളില്‍ ഉശിരന്‍ പോരാട്ടമാണ് ടെസ്‌ല സിഇഒയും എക്‌സ് ഉടമയുമായ ഇലോണ്‍ മസ്‌ക് നടത്തിവരുന്നത്. എന്നാല്‍ വോട്ടിങ് അടുത്തതോടെ അദ്ദേഹം ഗോദയിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ട്രംപിന് വേണ്ടി വേദിയിലെത്തി ശതകോടീശ്വരന്‍ മുന്‍ പ്രസിഡന്റിന്റെ അണികളെ ആവേശത്തിലാഴ്ത്തിയാണ് മടങ്ങിയത്. കടുത്ത പോരാട്ടത്തിന് സാക്ഷ്യം വഹിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മസ്‌കിന്റെ ഇറങ്ങിയുള്ള കളി ട്രംപിന് ഗുണകരമാകുമോ എന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു.
ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കാന്‍ ട്രംപിന് വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞാണ് പെന്‍സില്‍വേനിയയില്‍ നടന്ന പരിപാടിയില്‍ മസ്‌ക് ഡൊണാള്‍ഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചത്. പെന്‍സില്‍വേനിയയിലെ ബട്ട്‌ലറില്‍ നിറഞ്ഞ റാലിയില്‍, മുന്‍ പ്രസിഡന്റിന് പിന്നില്‍ തന്റെ പൂര്‍ണ്ണ പിന്തുണയുമായി എത്തിയ മസ്‌ക് ജനക്കൂട്ടത്തിന് ആഹ്ലാദിക്കാന്‍ നൃത്തം ചെയ്തതും കൗതുകമായി.
കറുത്ത വസ്ത്രവും MAGA തൊപ്പിയും ധരിച്ച്, റിപ്പബ്ലിക്കന്‍ സ്ഥാനാർഥിയെ പിന്തുണയ്ക്കാന്‍ എത്തിയ ജനക്കൂട്ടത്തോട് അദ്ദേഹം വോട്ട് ചെയ്യാന്‍ അഭ്യർഥിച്ചു. 'അമേരിക്കയിലെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ പ്രസിഡന്റ് ട്രംപ് വിജയിക്കണം' എന്ന് പ്രഖ്യാപിച്ചാണ് മസ്‌ക് വേദി നിറഞ്ഞത്. ട്രംപിനെതിരെ ഇതേവേദിയില്‍ വധശ്രമം നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ടെസ്‌ല സിഇഒയുടെ പരാമര്‍ശം.
ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് ഇലോണ്‍ മസ്‌ക്
തന്റെ പ്രസംഗം അവസാനിപ്പിച്ച ശേഷം, ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാന്‍ ഡൊണള്‍ഡ് ട്രംപ് ടെസ്‌ല ഉടമയെ വേദിയിലേക്ക് സ്വാഗതം ചെയ്തു. 'ഭരണഘടന സംരക്ഷിക്കാന്‍ പ്രസിഡന്റ് ട്രംപ് വിജയിക്കണം. അമേരിക്കയില്‍ ജനാധിപത്യം സംരക്ഷിക്കാന്‍ അദ്ദേഹം വിജയിക്കണം,' മസ്‌ക് പറഞ്ഞു. ജോ ബൈഡനെ പരിഹസിക്കാനും അദ്ദേഹം തയാറായി. 'നമുക്ക് ഫ്‌ളൈറ്റിന്റെ കോണിപ്പടി കയറാന്‍ കഴിയാത്ത ഒരു പ്രസിഡന്റും വെടിയേറ്റ ശേഷം മുഷ്ടി ചുരുട്ടി ആവേശഭരിതനായി പോരാടാന്‍ ആഹ്വാനം ചെയ്യുന്ന മറ്റൊരു പ്രസിഡന്റും ഉണ്ടായിരുന്നു! പോരാടുക! പോരാടുക! പോരാടുക! ...
റിപ്പബ്ലിക്കന്‍ സ്ഥാനാർഥിയുടെ ഉജ്ജ്വല പ്രസംഗം കേള്‍ക്കാന്‍ ആയിരക്കണക്കിന് അനുയായികളാണ് എത്തിയത്.പെന്‍സില്‍വാനിയയില്‍ നടന്ന റാലി ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ തിരിച്ചുവരല്‍ ആയാണ് കണക്കാക്കുന്നത്. ജോ ബൈഡന്റെയും കമലാ ഹാരിസിന്റെയും ഭരണകൂടത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു കയ്യടി നേടാനും ട്രംപിന് കഴിഞ്ഞു.