ത്രിദിന സിറോ മലബാർ ദേശീയ കുടുംബ സംഗമം സമാപിച്ചു
Mail This Article
ഫിലഡൽഫിയ∙ ഷിക്കാഗോ സെന്‍റ് തോമസ് സിറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ ഫിലഡൽഫിയയിൽ നടന്ന ത്രിദിന സിറോ മലബാർ ദേശീയ കുടുംബ സംഗമം വിജയകരമായി സമാപിച്ചു. ഷിക്കാഗോ രൂപതാ മെത്രാന്മാരായ മാര്‍ ജോയ് ആലപ്പാട്ട്, എമരിത്തൂസ് ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഫിലഡൽഫിയ അതിരൂപതയുടെ സഹായമെത്രാന്‍ എഫ്രേണ്‍ എസ്മില്ല, ഷിക്കാഗോ രൂപതാ വികാരി ജനറാൾ റവ.ഫാ. ജോണ്‍ മേലേപ്പുറം, എസ്എംസിസി നാഷനൽ ഡയറക്ടർ റവ.ഫാ. ജോര്‍ജ് എളംബാശേരില്‍, രൂപതാ ചാന്‍സലറും, ഫിലഡൽഫിയ ഇടവകവികാരിയുമായ റവ.ഡോ. ജോര്‍ജ് ദാനവേലില്‍, സഹവികാരി റവ.ഫാ. റിനേഴ്സ് കോയിക്കലോട്ട് എന്നിവർ കാര്‍മികത്വം വഹിച്ച ഈ മൂന്നു ദിവസങ്ങളിലെ ആത്മീയ ശുശ്രൂഷകളിൽ സമീപ ഇടവകകളിലെ വൈദികരും, സിഎംസി സിസ്റ്റേഴ്സും സംബന്ധിച്ചു
സിറോ മലബാര്‍ വിശ്വാസ പാരമ്പര്യങ്ങള്‍ക്കനുസരിച്ചുള്ള ലിറ്റര്‍ജിക്കല്‍ ആഘോഷങ്ങളോടൊപ്പം, വിവിധ കലാപരിപാടികളും ത്രിദിനകുടുംബ സമ്മേളനത്തിന്‍റെ ഭാഗമായി ക്രമീകരിച്ചിരുന്നു. പ്രശസ്തസംഗീത ബാന്‍ഡായ മസാലകോഫിയുടെ പ്രകടനവും, റവ.ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ, ഗായകരായ ബ്രിസ്റ്റോ സേവ്യർ, സുഷമ പ്രവീണ്‍ എന്നിവർ നയിച്ച സായാഹ്ന്ന സംഗീതം, മാര്‍ഗംകളി, വില്ലുപാട്ട്, ചർച്ചകൾ, വിവിധ സിറോമലബാര്‍ ദേവാലയ ഗായകസംഘങ്ങള്‍ അവതരിപ്പിച്ച ക്വയര്‍ഫെസ്റ്റ്, ഫണ്‍ റാംപ് വാക്ക്, കുട്ടികളുടെ പ്രെയര്‍ ഡാന്‍സ്, മാതാ ഡാന്‍സ് അക്കാദമി കുട്ടികളുടെ സംഘനൃത്തം, ഘോഷയാത്ര എന്നിവയും കുടുംബ സംഗമത്തിൽ സംഘടിപ്പിച്ചിരുന്നു.
ഞായറാഴ്ച്ചയിലെ ആഘോഷമായ ദിവ്യബലിയെ തുടർന്ന് വിവാഹജീവിതത്തിന്‍റെ 50 വർഷങ്ങൾ പിന്നിട്ട തോമസ് തോമസ് പാലത്ര/ ഡെയ്സി (സ്റ്റാറ്റന്‍ ഐലന്‍ഡ്), സില്‍വർ ജൂബിലി ആഘോഷിക്കുന്ന ബെന്നി അവനാപുരത്ത്/മിനിമോള്‍ (ലോങ്ങ് ഐലന്‍ഡ്), ജയിംസ് കുരുവിള/റോസമ്മ (ഫിലഡൽഫിയ), തോമസ് ചാക്കോ/ആഷ (ഫിലഡൽഫിയ) ജൂബിലി ദമ്പതിമാരെ ബൊക്കെ നൽകി ഷിക്കാഗോ രൂപതയിലെ മെത്രാന്മാർ ആശീർവദിച്ചു.
"ജൂബിലി മംഗളഗാനം പാടാം, എസ്എംസിസിയിൽ അണിചേരാം" എന്നു തുടങ്ങുന്ന ശ്രുതിമധുരമായ അവതരണഗാനം സിറോമലബാര്‍ കുടുംബസംഗമത്തിനു മിഴിവേകി.