സ്റ്റാറ്റൻ ഐലൻഡിലെ ബ്ലെസ്ഡ് കുഞ്ഞച്ചൻ മിഷനിൽ തിരുനാൾ ആഘോഷം 27ന്
Mail This Article
ന്യൂയോർക്ക് ∙ അമേരിക്കയിലെ ഷിക്കാഗോ രൂപതയിലെ, സ്റ്റാറ്റൻ ഐലൻഡിലെ ബ്ലെസ്ഡ് കുഞ്ഞച്ചൻ സിറോ മലബാർ കത്തോലിക്കാ മിഷനിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍റെ തിരുനാൾ ആചരിക്കുന്നു. 27ന് വൈകിട്ട് നാലിന് ആഘോഷപൂർവ്വമായ തിരുനാൾ കുർബാന ആരംഭിക്കും. തിരുനാളിനു മിഷൻ ഡയറക്ടറും, വികാരിയുമായ ഫാ.സോജു വർഗ്ഗീസ് നേതൃത്വം വഹിക്കും.
തിരുനാൾ കുർബാനയിൽ ഫാ. ജേക്കബ്കിഴക്കേപള്ളിവാതുക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ. സിന്‍റോ കരോട്ടുമലയിൽ തിരുനാൾ സന്ദേശവും ഫാ.സോജു വർഗ്ഗീസ് നൊവേന, വാഴ്വ്, ലദീഞ്ഞ് തുടങ്ങിയ തിരുക്കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിക്കും.
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍റെ രൂപവുമേന്തി ദേവാലയാങ്കണത്തിലൂടെ നടക്കുന്ന പ്രദക്ഷിണത്തിനു ശേഷം ലദീഞ്ഞ്, തുടർന്ന് സമാപന ആശീർവാദത്തോടെ തിരുനാൾ തിരുക്കർമ്മങ്ങൾ സമാപിക്കുന്നതാണ്. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും.
സ്റ്റാറ്റൻ ഐലൻഡ് ബ്ലെസ്ഡ് കുഞ്ഞച്ചൻ സിറോ മലബാർ മിഷന്‍റെ ഇടവകദിനാഘോഷം തിരുനാൾ തിരുക്കർമ്മങ്ങൾക്ക് ശേഷം പാരിഷ് ഹാളിൽ നടത്തപ്പെടുന്നതാണ്. സെന്‍റ് ജോസഫ് റോമൻ കത്തോലിക്കാ ഇടവകയുടെ വികാരി പാരിഷ് ഡേ ഉദ്ഘാടനം ചെയ്യും. കലാപരിപാടികളും സ്നേഹ വിരുന്നും ക്രമീകരിക്കുക്കുമെന്ന് സംഘാടകർ അറിയിച്ചു.ഈ വർഷത്തെ തിരുനാൾ തങ്കച്ചൻ മാത്യു കാരക്കാട്ട്, ഷാജി മാത്യു കാരക്കാട്ട് എന്നിവരുടെ കുടുംബങ്ങളാണ് ഏറ്റെടുത്തു നടത്തുന്നത്.