ഐഓസി ഗാന്ധി ജയന്തി ആഘോഷം ഷിക്കാഗോയിൽ നടന്നു
Mail This Article
ഷിക്കാഗോ ∙ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷം നടത്തപ്പെട്ടു. പ്രസിഡന്റ് സന്തോഷ് നായരുടെ അധ്യക്ഷതയിൽ കൂടിയ പരിപാടിയിൽ ചാണ്ടി ഉമ്മൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറി ഷാജി കറ്റാനവും മുഖ്യാതിഥികളായിരുന്നു.
കൂടാതെ ഐഓസി യുഎസ്എ കേരളാ ഘടകം ചെയർമാൻ തോമസ് മാത്യു, പ്രസിഡന്റ് സതീശൻ നായർ എന്നിവരും സന്നിഹിതരായിരുന്നു. അഹിംസയുടെ പാതയിലൂടെ ആർക്കും തകർക്കുവാനാകാത്ത സ്വാതന്ത്ര്യമാണ് ഗാന്ധിജി ഇന്ത്യയ്ക്കു നേടി തന്നതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. ഗാന്ധിജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യനായി ജീവിച്ചിട്ടു കാര്യമില്ല. മനുഷ്യത്വം ഉണ്ടെങ്കിൽ മാത്രമേ ഒരാൾക്കു യഥാർഥ മനുഷ്യസ്നേഹിയാകുവാൻ സാധിക്കുകയുള്ളൂവെന്ന് ഗാന്ധിജിയുടെ വാക്കുകൾ നാം ഏവരും നമ്മുടെ ജീവിതശൈലിയിൽ ഉൾക്കൊള്ളണമെന്ന് കറ്റാനം ഷാജി പറഞ്ഞു. ഗാന്ധിജിയുടെ അടിസ്ഥാന പ്രമാണം ദൈവമാണ് സത്യം, സത്യമാണ് ദൈവം എന്ന ആശയമായിരുന്നുവെന്ന് ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവക അസിസ്റ്റന്റ് വികാരി ഫാ. ജിബിൻ കുഴിവേലിൽ പറഞ്ഞു.
തോമസ് മാത്യു ഏവരേയും സ്വാഗതം ചെയ്തു. സന്തോഷ് നായർ അധ്യക്ഷ പ്രസംഗം നടത്തി. സതീശൻ നായരും ആഘോഷത്തിൽ പ്രസംഗിച്ചു. കൂടാതെ തദവസരത്തിൽ ഫ്രാൻസിസ് കിഴക്കേകുറ്റ്, തെലങ്കാന ഐഓസി ലീഡർ കൃഷ്ണ, പ്രവീൺ തോമസ്, സണ്ണി വള്ളിക്കളം, ബിജു കിഴക്കേകുറ്റ്, ലൂയി ചിക്കാഗോ, സുനീന ചാക്കോ, ലീല ജോസഫ്, ജിതേഷ് ചുങ്കത്ത്, എബിൻ കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു. എബി റാന്നി ഏവർക്കും നന്ദി രേഖപ്പെടുത്തി.
(വാർത്ത: സതീശൻ നായർ)