അമേരിക്ക തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക്; ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് റിപ്പോർട്ടുകൾ
Mail This Article
ഹൂസ്റ്റണ്‍∙ അമേരിക്കയിൽ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കി നിൽക്കേ സ്ഥാനാര്‍ഥികളും വോട്ടര്‍മാരും തിരഞ്ഞെടുപ്പ് ആവേശത്തിൽ. പുതിയ അഭിപ്രായ സര്‍വേ റിപ്പോര്‍ട്ടുകള്‍ പ്രകാരം വൈസ് പ്രസിഡന്‍റും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ കമല ഹാരിസിന് മുന്‍പുണ്ടായിരുന്ന മുന്‍തൂക്കം കുറഞ്ഞുവരുന്നതായിട്ടാണ് സൂചന. അതായത് കമല ഹാരിസിനെതിരേ എതിർ സ്ഥാനാർഥി യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നില മെച്ചപ്പെടുത്തുന്നു എന്ന സൂചനകളാണ് വരുന്നതെന്നു സാരം.
ഏറ്റവും ഒടുവിലായി പുറത്തുവന്ന നിരവധി സര്‍വേകളിൽ വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിനാണ് ലീഡ്. ചിലതാകട്ടെ മുന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കടുത്ത മത്സരത്തിലാണെന്ന് കാണിക്കുന്നു. എബിസി ന്യൂസ്/ഇപ്‌സോസ് വോട്ടെടുപ്പ് കമല ഹാരിസിന് 50% പിന്തുണയും ട്രംപിന് 48% പിന്തുണയുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഏറ്റവും പുതിയ ദേശീയ എന്‍ബിസി ന്യൂസ് പോള്‍ കാണിക്കുന്നത് ട്രംപും ഹാരിസും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണെന്നാണ്.
തിരഞ്ഞെടുപ്പിന് ഇനി നാലാഴ്ചകള്‍ മാത്രമാണ് ബാക്കി. റജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ പുതിയ എന്‍ബിസി വോട്ടെടുപ്പില്‍ ട്രംപും കമല ഹാരിസും 48 ശതമാനം പേരുടെ പിന്തുണയാണ് നേടിയിരിക്കുന്നത്. എബിസിയും ഇപ്‌സോസും കമല ഹാരിസിന് രണ്ട് പോയിന്‍റ് (50%- 48%) ലീഡ് നല്‍കുന്നു. എബിസി വോട്ടെടുപ്പ് 2.5 പോയിന്‍റ് മാര്‍ജിനാണ് പറയുന്നത്.
എബിസിയും എന്‍ബിസിയും കഴിഞ്ഞ മാസം കമല ഹാരിസിന് ഏകദേശം അഞ്ച് പോയിന്‍റ് ലീഡ് നല്‍കിയിരുന്നു. മറ്റ് വോട്ടെടുപ്പുകള്‍ വൈസ് പ്രസിഡന്‍റിന് വലിയ മുന്‍തൂക്കമുണ്ടെന്ന് കാണിക്കുന്നു, മത്സരം മുറുകിയെങ്കിലും ട്രംപിനെക്കാള്‍ നാല് പോയിന്‍റ് ഉയര്‍ന്ന് കമല ഹാരിസ്, 49% - 45% ന് മുന്നിലാണ്.
ചൊവ്വാഴ്ച നടന്ന ന്യൂയോര്‍ക്ക് ടൈംസ്/സിയീന വോട്ടെടുപ്പില്‍ കമല ഹാരിസ് 49% - 46% ന് മുന്നിട്ടു നില്‍ക്കുകയാണ്. ജൂലൈയ്ക്ക് ശേഷം ഇവരുടെ വോട്ടെടുപ്പില്‍ അവര്‍ ആദ്യമായി ട്രംപിനെ പിന്തള്ളിയെന്നത് വൈസ് പ്രസിഡന്‍റിന് ആത്മവിശ്വാസം നല്‍കുന്നതാണ്. മോര്‍ണിങ് കണ്‍സള്‍ട്ടിന്‍റെ പ്രതിവാര വോട്ടെടുപ്പില്‍ ഹാരിസ് അഞ്ച് പോയിന്‍റിന് മുന്നിലാണ്.
കഴിഞ്ഞയാഴ്ച നടന്ന മൂന്ന് വോട്ടെടുപ്പുകളില്‍ ഹാരിസ് മുന്നിലായിരുന്നു: ഒക്‌ടോബര്‍ 3ന് പുറത്തിറങ്ങിയ എമേഴ്‌സണ്‍ വോട്ടെടുപ്പില്‍ 50% -48%, ഒക്‌ടോബര്‍ 2 ലെ സുസ്‌ക്വെഹന്ന വോട്ടെടുപ്പില്‍ 49% - 44% , , ഒക്‌ടോബറില്‍ നടന്ന ഇക്കണോമിസ്റ്റ്/YouGov വോട്ടെടുപ്പില്‍ മൂന്ന് പോയിന്റുകള്‍ക്ക് ഒക്കെ ഹാരിസ് മുന്നിട്ടു നിന്നു. കഴിഞ്ഞ മാസത്തെ മറ്റ് മൂന്ന് വോട്ടെടുപ്പുകള്‍ സെപ്റ്റംബര്‍ 24ന് പുറത്തിറക്കിയ ക്വിന്നിപിയാക് സര്‍വേ, സെപ്റ്റംബര്‍ 19ന് ന്യൂയോര്‍ക്ക് ടൈംസ്/സിയീന വോട്ടെടുപ്പ്, സെപ്റ്റംബര്‍ 24ന് പുറത്തിറക്കിയ സിഎന്‍എന്‍/എസ്എസ്ആര്‍എസ് വോട്ടെടുപ്പ തുടങ്ങിയവയിലെല്ലാം ട്രംപും ഹാരിസും തുല്യമാണ്.
ഫൈവ്തിര്‍ട്ടിഎയ്റ്റിന്‍റെ തിരഞ്ഞെടുപ്പ് പ്രവചനമനുസരിച്ച്, ഹാരിസിന് 100ല്‍ 53 ആണ് വിജയ സാധ്യത. ട്രംപിന് 47 മാത്രമാണ്. രാഷ്ട്രീയ നിരീക്ഷകനും സ്റ്റാറ്റിസ്റ്റിഷ്യനുമായ നേറ്റ് സില്‍വര്‍ ഹാരിസിന്‍റെ സാധ്യതകള്‍ 52.2/47.6 ല്‍ രേഖപ്പെടുത്തുന്നു, '50/50 ന് സമീപം ഇത്രയും നിലനിന്ന മറ്റൊരു തിരഞ്ഞെടുപ്പ് അടുത്തകാലത്ത് കണ്ടിട്ടില്ല എന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. റിയൽ ക്ലിയർ പൊളിറ്റിക്സിന്‍റെ ഏറ്റവും പുതിയ പോളിങ് ശരാശരിയില്‍ കമല ഹാരിസ് ട്രംപിനെതിരെ 1.8 പോയിന്‍റിന് മാത്രമാണ് ലീഡ് നേടിയിടിരിക്കുന്നത്.