പിതാവിന്‍റെ കൊലയാളിയോട് പ്രതികാരത്തിനായി മകൾ കാത്തിരുന്നത് 25 വർഷം; അപൂർവ പൊലീസ് പ്രതികാരം
Mail This Article
അപൂർവമായ ഒരു പ്രതികാര കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തനിക്ക് ഒൻപത് വയസ്സുള്ളപ്പോൾ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതിയെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കണമെന്ന ആഗ്രഹമാണ് ജിസ്ലെയ്ൻ സിൽവ ഡി ഡ്യൂസിനെ (35) പൊലീസുകാരിയായി മാറ്റിയത്. 1999 ഫെബ്രുവരിയിൽ ബ്രസീലിലെ ബോവ വിസ്റ്റയിലാണ് ജിസ്ലെയ്ൻ സിൽവ ഡി ഡ്യൂസിന്‍റെ പിതാവ് ഗിവാൾഡോ ജോസ് വിസെൻ ഡി ഡ്യൂസ് വെടിയേറ്റ് മരിച്ചത്. മരിക്കുമ്പോൾ ഗിവാൾഡോയ്ക്ക് 35 വയസ്സായിരുന്നു പ്രായം. 20 പൗണ്ട് കടം വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
പിതാവ് കൊലചെയ്യപ്പെടുമ്പോൾ ജിസ്ലെയ്ൻ വിദ്യാർഥിയായിരുന്നു. നിയമം പഠിച്ച് അഭിഭാഷകയാകണമെന്ന് ആഗ്രഹിച്ചിരുന്ന ജിസ്ലെയ്ൻ ഇതോടെ പൊലീസിൽ ചേരാൻ തീരുമാനിച്ചു. പിന്നീട് പൊലീസ് എൻട്രി പരീക്ഷയും എഴുതി. പൊലീസുകാരിയായി മാറിയ ജിസ്ലെയ്ൻ ജയിൽ വകുപ്പിലും ഹോമിസൈഡ് ഡിവിഷനിലും (ഡിജിഎച്ച്) ജോലി ചെയ്തു. ഇക്കാലത്ത് പിതാവിനെ കൊന്ന പ്രതി ശിക്ഷ അനുഭവിക്കാനായി ജയിലിൽ എത്തുന്നത് ജിസ്ലെയ്ൻ നിരന്തരം സങ്കൽപ്പിച്ചിരുന്നു
പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നത് മനസ്സിൽ അടങ്ങാത്ത ആഗ്രഹമായി കൊണ്ടു നടന്നതിനാൽ ജിസ്ലെയ്ൻ പിതാവിന്‍റെ കൊലയാളിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയായ റെയ്മുണ്ടോ ആൽവ്സ് ഗോമസിനെ (60) പിടികൂടിയത്. സെപ്റ്റംബർ 25 ന് ബ്രസീലിയൻ സംസ്ഥാനമായ റൊറൈമയുടെ തലസ്ഥാനമായ ബോവ വിസ്റ്റയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് ശേഷം പ്രതിയുമായി ഗിസ്ലെയ്ൻ പൊലീസ് സ്റ്റേഷനിൽ മുഖാമുഖം നിൽക്കുന്നത് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
1999 ഫെബ്രുവരി 16 ന് നഗരത്തിലെ ആസാ ബ്രാങ്ക അയൽപക്കത്ത് സുഹൃത്തിനൊപ്പം കുളത്തിൽ നീന്തുന്നതിനിടെയാണ് ഗിവാൾഡോ ജോസ് വിസെനെ പ്രതി വെടിവച്ച് കൊന്നത്. കടം നൽകിയ 20 പൗണ്ട് വാങ്ങുന്നതിനാണ് റെയ്മുണ്ടോ ആൽവ്സ് ഗോമസ് എത്തിയത്. ഇയാൾ ഗിവാൾഡോയുടെ സൂപ്പർമാർക്കറ്റിലെ വിതരണക്കാരിൽ ഒരാളായിരുന്നു. ഗിവാർഡോ പണത്തിന് പകരമായി ഫ്രീസർ നൽകാമെന്ന് അറിയിച്ചുവെങ്കിലും പ്രതി അത് നിരസിക്കുകയും ഏകദേശം 30 മിനിറ്റിനുശേഷം തോക്കുമായി കൃത്യം നടത്തുകയുമായിരുന്നു.
ഗിസ്ലെയ്‌നിന് മൂന്ന് സഹോദരിമാരും ഒരു സഹോദരനുമുണ്ട്. പിതാവ് കൊല്ലപ്പെടുമ്പോൾ ഇളയ സഹോദരന് രണ്ട് വയസ്സ് മാത്രമായിരുന്നു പ്രായം. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ അന്ന് തന്നെ പൊലീസ് പിടികൂടി. വിചാരണ വൈകിയതിനാൽ പ്രതി ജയിലിൽ നിന്ന് മോചിപ്പിക്കപ്പെട്ടു.
2013-ൽ കേസിൽ ആൽവസ് ഗോമസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു, എന്നാൽ സംഭവം നടന്ന് 14 വർഷത്തിന് ശേഷമാണ് പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 2016-ൽ മാത്രമാണ് ഇയാൾ ഒളിവിൽ പോയത്.
ഇതോടെ പ്രതിയെ അറസ്റ്റ് ചെയാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. ആ ശ്രമം കൊല്ലപ്പെട്ടയാളുടെ മകൾ പൊലീസായി വന്ന വിജയിപ്പിക്കുന്ന സിനിമാകഥകളെ വെല്ലുന്ന അപൂർവതയാണ് ഈ കേസിനെ വ്യത്യസ്തമാക്കുന്നത്.