യുഎസ് തിരഞ്ഞെടുപ്പ്; സെനറ്റ് സീറ്റുകൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് അനുകൂലമെന്ന് സർവേ
Mail This Article
വാഷിങ്ടൻ ∙ യുഎസിൽ സെനറ്റ് സീറ്റുകൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് അനുകൂലമെന്ന് പുതിയ സർവേ. ടെക്സസിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി റ്റെഡ് ക്രൂസും ഡെമോക്രാറ്റിക്ക് സ്ഥാനാർഥി കോളിന് ആൾറെഡും തമ്മിലാണ് സെനറ്റർ മത്സരം നടക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ റ്റെഡ് ക്രൂസ് 200,000 വോട്ടുകൾക്കാണ് വിജയിച്ചത്. അതേസമയം 2.5 ദശലക്ഷം വോട്ടർമാരാണ് ഈ തിരഞ്ഞെടുപ്പിൽ പുതുതായ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരുടെ പിന്തുണ ആർക്കാകും എന്നത് നിർണായകമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ക്രൂസിനേക്കാൾ 9 മില്യൻ ഡോളറാണ് ആൾറെഡ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായ് സമാഹരിച്ചത്.
ന്യൂയോർക്ക് ടൈംസ്-സിയാന കോളജ് നടത്തിയ ഏറ്റവും പുതിയ സർവേ അനുസരിച്ച്, മോണ്ടാന സെനറ്റ് മത്സരത്തിൽ നിലവിലെ സെനറ്ററും ഡെമോക്രാറ്റിക്ക് സ്ഥാനാർഥിയുമായ ജോൺ ടെസ്റ്റർ റിപ്പബ്ലിക്കൻ എതിരാളി ടിം ഷീഹിയെക്കാൾ 8 പോയിന്റ് പിന്നിലാണ്. ടെസ്റ്ററിന് 44 ശതമാനവും ഷീഹിക്ക് 52 ശതമാനവുമാണ് പിന്തുണ.
ഒഹായോ സെനറ്റ് മത്സരത്തിൽ, നിലവിലെ സെനറ്റർ ഷെറോഡ് ബ്രൗൺ, ട്രംപിനെ പിന്തുണയ്ക്കുന്ന ബെർണി മൊറേനോയിൽ നിന്ന് ശക്തമായ മത്സരമാണ് നേരിടുന്നത്. പോളിങ് ഫലങ്ങൾ ഇരുവരും തമ്മിലുള്ള കടുത്ത മത്സരമാണ് പ്രവചിക്കുന്നത്. വിസ്കോൻസെനിലും ഡെമോക്രാറ്റ് സെനറ്റർ ടാമി ബാൾഡ്വിൻ റിപ്പബ്ലിക്കൻ സ്ഥാനാർഥി എറിക് ഹോവ്‌ടെയും തമ്മിൽ വലിയ മത്സരമാണ് നടക്കുക.
ലോകത്തിലെ ഏറ്റവും വലിയ ഹെഡ്ജ് ഫണ്ടുകളിലൊന്നായ ബ്രിഡ്ജ് വാട്ടർ അസോസിയേറ്റ്സിന്റെ മുൻ ചീഫ് എക്സിക്യൂട്ടീവായ ഡേവിഡ് മക്കോർമിക്കിനും നിലവിലെ ഡെമോക്രാറ്റ് സെനറ്റർ ബോബ് കേസിയും തമ്മിലാണ് പെൻസിൽവേനിയയിൽ മത്സരിക്കുന്നത്. ന്യൂയോർക്ക് ടൈംസ്-സിയാന കോളജ് നടത്തിയ സർവേ അനുസരിച്ച് 48 ശതമാനം പെൻസിൽവേനിയൻ വോട്ടർമാരും ബോബ് കേസിയാണഅ പിന്തുണയ്ക്കുന്നത്. 44 ശതമാനമാണ് മക്കോർമിക്കിന് ലഭിച്ച പിന്തുണ.