ട്രംപിന്‍റെ ആരോഗ്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച് കമല
Mail This Article
ഹൂസ്റ്റണ്‍ ∙ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട പ്രചാരണത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ യുഎസ് പ്രസിഡന്‍റുമായ ഡോണൾഡ് ട്രംപ് നിലവിലെ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ആരോഗ്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നിയിച്ചിരുന്നു. 'വൃദ്ധനായ' പ്രസിഡന്‍റിന് യുഎസിനെ നയിക്കാന്‍ എങ്ങനെ കഴിയുമെന്നാണ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് ചോദിച്ചിരുന്നത്. ബൈഡനും ട്രംപും തമ്മിലുള്ള പ്രായം വ്യത്യാസം കേവലം മൂന്നു വയസ്സ് മാത്രമാണ്.
നാടകീയമായി ബൈഡൻ പിന്മാറിയതോടെ പ്രായത്തിന്‍റെ ആരോപണ ശരങ്ങള്‍ ട്രംപിലേക്ക് മാത്രമായി ചുരുങ്ങി.ഇപ്പോഴിതാ സ്വന്തം മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് എതിർ സ്ഥാനാർഥി കമല ഹാരിസ് ട്രംപിനെതിരെ പുതിയ വെല്ലുവിളിയുമായി രംഗത്ത് വന്നതോടെ വീണ്ടും തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയുടെ ആരോഗ്യം സംബന്ധിച്ച ചർച്ചകൾ ഉയരുകയാണ്. 'ഇന്നലെ, ഞാന്‍ എന്‍റെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ പുറത്തുവിട്ടു. ട്രംപും അത് ചെയ്യണം.' എന്നാണ് അവര്‍ എക്സില്‍ കുറിച്ചത്.
‘‘ ട്രംപിന്‍റെ റാലികള്‍ കണ്ട് അദ്ദേഹത്തിന്‍റെ മോശം ആരോഗ്യ അവസ്ഥ മനസ്സിലാക്കാൻ പൊതുജനങ്ങളെ ക്ഷണിക്കുന്നു. ട്രംപ് പ്രഖ്യാപിച്ച ആരോഗ്യ, നയ പദ്ധതികൾക്ക് സുതാര്യതയില്ല.അദ്ദേഹം തന്‍റെ മെഡിക്കല്‍ രേഖകള്‍ പുറത്തുവിടാന്‍ വിസമ്മതിക്കുന്നു. ഞാനത് ചെയ്തു കഴിഞ്ഞു. ആധുനിക കാലഘട്ടത്തിലെ മറ്റെല്ലാ പ്രസിഡന്‍റ് സ്ഥാനാര്‍ഥികളും അത് ചെയ്തിട്ടുണ്ട്’’ –കമല വ്യക്തമാക്കി.
യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റ് സ്ഥാനാർഥിയായ 78 വയസ്സുള്ള ട്രംപും താനും തമ്മിലുള്ള പ്രായവ്യത്യാസമാണ് കമല ഹാരിസ് ഉയര്‍ത്തിക്കാട്ടുന്നത്. രണ്ടാമത്തെ സംവാദത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനും സിബിഎസ് ന്യൂസിന്‍റെ '60 മിനിറ്റ്' അഭിമുഖം റദ്ദാക്കിയതിനും കമല ട്രംപിനെ വിമര്‍ശിച്ചു. '
ശനിയാഴ്ച പുറത്തിറക്കിയ കമല ഹാരിസിന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ട് അവര്‍ ആരോഗ്യവതിയാണെന്ന് വ്യക്തമാക്കുന്നതാണ്. തന്‍റെ മെഡിക്കല്‍ രേഖകള്‍ പുറത്തുവിടുമെന്ന് ട്രംപ് മുൻപ് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ അദ്ദേഹം അതു ചെയ്തിട്ടില്ല.