മരണത്തിന്റെ നിഴൽ വീണ ഓർമ: പേരക്കുട്ടിയുടെ ചിത്രം മുത്തശ്ശി പകർത്തിയത് കുട്ടി മരിക്കുന്നത് 5 മിനിറ്റ് മുൻപ്
Mail This Article
ഐഡഹോ∙ ഐഡഹോയിലെ ഒരു മുത്തശ്ശി, മൂന്ന് വയസ്സുള്ള പേരക്കുട്ടിയുടെ ചിത്രം എടുത്തത് കുട്ടി അപകടത്തിൽ മരിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപായിരുന്നു. ഈ സംഭവം സമൂഹമാധ്യമത്തിൽ ഇപ്പോൾ വ്യാപകമായി ചർച്ചയായിരിക്കുകയാണ്.
2022 ൽ, സാമന്ത ജെൻസന്‍റെ അമ്മ ജാമി, പേരക്കുട്ടികളായ സ്കാർലറ്റിന്‍റെയും ഹെൻറിയുടെയും ഒരു ചിത്രം എടുത്തു. എന്നാൽ ഈ ചിത്രം എടുത്തതിന് അഞ്ച് മിനിറ്റിനുള്ളിലാണ്, ഒരു അപകടത്തിൽ സ്കാർലറ്റ് മരിച്ചത്.
"എന്‍റെ അമ്മ ഈ ചിത്രം എടുത്തത് വൈകുന്നേരം 4:47 നാണ്, മകളുടെ മരണ സമയം 4:52 ആയിരുന്നു. പേരുക്കുട്ടിയുടെ ജീവിതത്തിന്‍റെ അവസാന നിമിഷങ്ങളാണ് താൻ പകർത്തിയതെന്ന് അമ്മ അറിഞ്ഞിരുന്നില്ല. ഞാൻ പിന്നീട് ചിത്രമെടുത്ത സമയം നോക്കിയപ്പോഴാണ് കുട്ടി മരിക്കുന്നതിന് അഞ്ച് മിനിറ്റ് മുൻപാണ് ഈ ചിത്രം പകർത്തിയതെന്ന് അറിഞ്ഞത്.
അപകടത്തിൽ സ്കാർലറ്റ് തൽക്ഷണം മരിച്ചു.അമ്മയ്ക്കും ഹെൻറിക്കും ഗുരുതരമായി പരുക്കേറ്റു. സ്കാർലറ്റിന്‍റെ അവസാന നിമിഷങ്ങൾ രേഖപ്പെടുത്തുന്ന ഒരു ചിത്രമാണ് അമ്മ എടുത്തതെന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും തിരിച്ചറിഞ്ഞില്ല. അപകടത്തെ തുടർന്ന് അമ്മയുടെ ഫോൺ നഷ്‌ടപ്പെട്ടു, അത് കണ്ടെത്താൻ ഞങ്ങൾക്ക് കുറച്ച് സമയമെടുത്തു. ഫോണിൽ അവസാനമായി എടുത്ത ചിത്രങ്ങളിലൂടെ കടന്നുപോകുകയായിരുന്നു, ഒടുവിൽ അത് കണ്ടെത്തി. ആദ്യമൊക്കെ ഈ ചിത്രം നോക്കുന്നത് വളരെ വേദനാജനകമായിരുന്നു. " – സാമന്ത പറഞ്ഞു.
സ്കാർലറ്റും ഹെൻറിയും മുത്തശ്ശിയും പൂക്കൾ പറിക്കാൻ സ്വകാര്യ വഴിയിലൂടെ പോകുന്നതിനിടെ അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്നയാൾ വണ്ടി നിർത്താതെ പോയി. ഹെൻറിക്ക് നിരവധി പരുക്കുകൾ ഉണ്ടായിരുന്നു. അന്ന് 2 വയസ്സുണ്ടായിരുന്ന ഹെൻറി പിഐസിയുവിൽ ഒരാഴ്ച ചെലവഴിച്ചു, കൂടാതെ 10 ആഴ്‌ചത്തേക്ക് വീട്ടിൽ പരിചരണം ആവശ്യമായി വന്നു.
സാമന്തയ്ക്കും ഭർത്താവിനും ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ 2019-ലെ പുതുവത്സര ദിനത്തിൽ ജനിച്ച മകളായിരുന്നു സ്കാർലറ്റ് . രണ്ട് വർഷത്തിന് ശേഷമാണ് ഈ ചിത്രം പങ്കുവയ്ക്കുന്നതിനും ഇതിനെക്കുറിച്ച് സംസാരിക്കുന്നതിനും സാമന്ത തയാറാകുന്നത്.