മലയാളി സമാജത്തിന്റെ ‘തങ്കമ്മആന്റി’ക്ക് ഹാമിൽട്ടൻ സിറ്റിയുടെ ആദരം
Mail This Article
ഹാമിൽട്ടൺ ∙ മലയാളി സമാജത്തിന്റെ തട്ടുകടയിലോ ഓണസദ്യയിലോ ഒരിക്കലെങ്കിലും പങ്കെടുത്തിട്ടുള്ളവർ ‘തങ്കമ്മആന്റി’യുടെ കൈപ്പുണ്യവും പുഞ്ചിരി നിറഞ്ഞ മുഖവും മറക്കാൻ വഴിയില്ല. സമാജത്തിന്റെ സാമൂഹിക അടുക്കളയിലെ താരമാണ് തങ്കമ്മ എന്ന അന്നമ്മ മാത്യു. അരങ്ങിലെത്തിയാൽ വളന്റിയർ സംഘത്തിന്റെ അമരക്കാരിയുമാണ്. സമാജത്തിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി പദവികളും വഹിച്ചിട്ടുള്ള അന്നമ്മ ജോണിനെ തേടി ഹാമിൽട്ടൺ സിറ്റിയുടെ അംഗീകാരം എത്തിയതിലുള്ള ആഹ്ളാദത്തിലാണ് സമാജം.
ഹാമിൽട്ടൺ സിറ്റിയുടെ സീനിയർ ഓഫ് ദ് അവാർഡിൽ ഡൈവേഴ്സിറ്റി ആൻഡ് കൾച്ചറൽ വിഭാഗത്തിലാണ് പുരസ്കാരത്തിന് അന്നമ്മ മാത്യു അർഹയായത്. ഹാമിൽട്ടൺ മലയാളി സമാജവുമായി ബന്ധപ്പെട്ട് രണ്ട് പതിറ്റാണ്ടിലേറെയായി സജീവമായ അന്നമ്മ ഹാമിൽട്ടൺ ഇവാഞ്ചലിക്കൽ ചർച്ച് പ്രവർത്തനങ്ങളിലും സജീവമാണ്. ഇവാഞ്ചലിക്കൽ ചർച്ചിലും സാമൂഹിക ഭക്ഷ്യവിതരണ കാര്യങ്ങളുടെ ചുമതലക്കാരിയാണ്.
റജിസ്ട്രേഡ് നഴ്സ് ആയിരുന്ന അന്നമ്മ തിരുവല്ല മേപ്രാൽ കൈതക്കാട്ട് ജോണിന്റെയും മറിയാമ്മയുടെയും മകളാണ്. റിട്ട. അധ്യാപകൻ കെ. പി. മാത്യുവിന്റെ ഭാര്യയാണ്. ഇരുവരും അൻപത്തിനാല് വർഷം മുൻപ് കാനഡയിലേക്ക് കുടിയേറിയതാണ്. മക്കൾ: ഡോ. പോൾ മാത്യു (കേംബ്രിജ് ഹോസ്പിറ്റൽ), ക്രിസ് മാത്യു (എൻജിനീയർ റോക് വെൽ ഓട്ടമേഷൻ).
സ്വന്തം അടുക്കളയിൽ പാചകം ചെയ്യുന്ന വിഭവങ്ങളാണ് സമാജത്തിന്റെ പരിപാടികളെ വിഭവസമൃദ്ധമാക്കുന്നത്. അന്നമ്മ ജോണിനെപ്പോലെയുള്ള ഒരുപറ്റം സ്ത്രീകളുടെയും പുരുഷന്മാരുടെയും ഉറക്കമില്ലാത്ത രാവുകളാണ് സമാജത്തിലെത്തുന്നവരുടെ വയറും മനസ്സും നിറയ്ക്കുന്നത്. ഹാമിൽട്ടണിനു പുറത്തുനിന്നുള്ളവർപോലും മൈലുകൾ താണ്ടി ഇവിടെയെത്തുന്നതും രുചിയുടെ ഈ പെരുമ കേട്ടറിഞ്ഞാണ്.