ADVERTISEMENT

മിഷിഗൻ ∙   അമേരിക്കൻ ജനാധിപത്യത്തിന് വേണ്ടി പ്രവർത്തിക്കണം എന്ന ലക്ഷ്യമാണ് മലയാളിയായ ലിസാ ജോസഫിനെ തന്റെ കോർപ്പറേറ്റ് ജോലി ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത്. ആ തീരുമാനം ശരിവയ്ക്കുകയാണ് അമേരിക്കയിലെ  ഓക്‌ലൻഡ് കൗണ്ടിയിൽ കഴിഞ്ഞ ദിവസം നടന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രചാരണം. പ്രചാരണ വേദിയിൽ ജനങ്ങളെ, പ്രത്യേകിച്ച് അമേരിക്കൻ മലയാളികളെ ഒരേസമയം ആവേശത്തിലും അഭിമാനത്തിലുമാഴ്ത്തുകയായിരുന്നു ലിസയുടെ പ്രസംഗം. ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി കമല ഹാരിസിനെ പിന്തുണച്ചായിരുന്നു ലിസാ പ്രസംഗിച്ചത്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ  ഡെമോക്രാറ്റിക് പാർട്ടിയുടെ ഫീൽഡ് ഓർഗനൈസർ ആണ് ലിസാ ജോസഫ് കാഞ്ഞിരത്തുങ്കൽ.  അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിനൊപ്പം  തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഭാഗമാകുന്ന ആദ്യ മലയാളിയെന്ന നേട്ടമാണ് ലിസാ ജോസഫ് ഇതിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. ഷിക്കാഗോയിൽ ജനിച്ചു വളർന്ന ലിസായുടെ വേരുകൾ മലയാള മണ്ണിൽ തന്നെയാണ്. കമല ഹാരിസിന്റെ മാതാപിതാക്കൾ കണ്ട അതേ അമേരിക്കൻ സ്വപ്നം തന്നെയായിരുന്നു തന്റെ മാതാപിതാക്കളെയും അമേരിക്കൻ മണ്ണിൽ എത്തിച്ചതെന്ന് ലിസാ പറയുന്നു. കോട്ടയം സ്വദേശിയായ ഏബ്രഹാം ജോസഫിന്റെയും ഭാര്യ ഡോക്ടർ ടെസ്സിയുടെയും മകളാണ് ലിസാ ജോസഫ് കാഞ്ഞിരത്തുങ്കൽ. നാലു വർഷം മുൻപ് കുടുംബം ഷിക്കാഗോയിൽനിന്നും സാൻഫ്രാൻസിസ്കോ ബേഏരിയയിലെ ഡാൻവിൽ എന്ന സിറ്റിയിലേക്കു താമസം മാറി.

കഴിഞ്ഞ യുഎസ് തിരഞ്ഞെടുപ്പുകളിൽ സാധാരണ വോട്ടറായിരുന്ന ലിസയെ ഇക്കുറി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചത്. കമല ഹാരിസിന്റെ പ്രസിഡന്റ് സ്ഥാനാർഥിത്വവും ടിം വാൽസിന്റെ വിപി സ്ഥാനാർഥിത്വവുമാണ്. അമേരിക്കൻ ജനാധിപത്യത്തിന് വേണ്ടി പ്രവർത്തിക്കണം എന്ന ആഗ്രഹവും രാജ്യത്തിന്റെ സുപ്രധാന നിമിഷത്തിന്റെ ഭാഗമാകണം എന്ന ചിന്തയുമാണ് സാൻഫ്രാൻസിസ്കോയിലെ തന്റെ കോർപ്പറേറ്റ് ജോലി ഉപേക്ഷിക്കാൻ ലിസയെ പ്രേരിപ്പിച്ചത്.

വോട്ടർമാരെ അണിനിരത്താനുള്ള ഏറ്റവും ഫലപ്രദമായ മാർഗം പ്രചാരണമാണ്.  ഓക്‌ലൻഡ് കൗണ്ടിയിലെ വോട്ടർമാരെ കേന്ദ്രീകരിച്ചാണ് ലിസായുടെ നിലവിലെ പ്രചാരണപ്രവർത്തനങ്ങൾ. മിഷിഗനിലെ ഓരോ ഡെമോക്രാറ്റും അവരുടെ വോട്ട് രേഖപ്പെടുത്തണമെന്നും തിരഞ്ഞെടുപ്പിന് വെറും 18 ദിവസങ്ങൾ മാത്രമാണ്  ബാക്കിയുള്ളതെന്നും ലിസാ ഓർമിപ്പിച്ചു.

English Summary:

Lisa Joseph, a Malayali, became Michigan Democratic Party as a Field Organizer, for US Presidential Election.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com