‘നഴ്സുമാർക്ക് എളുപ്പത്തിൽ പണമുണ്ടാക്കാം’; പ്രവാസി മലയാളികൾക്കായി ഓഫർ, സസ്പെൻസ് വിഡിയോയിലെ ‘ചതി’
Mail This Article
'നിങ്ങള്‍ ഒരു നഴ്സാണോ? ഓവര്‍ ടൈം എടുത്തു വലയുകയാണോ? നിങ്ങള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലൂടെ പണമുണ്ടാക്കാം' - മാസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളുടെ പതിവു വാചകങ്ങളാണിത്. പല വിഡിയോകളിലായി പലര് പ്രത്യക്ഷപ്പെടുന്നെങ്കിലും ഒരേ വാക്കുകള്‍ ഒരേ ലക്ഷ്യം. പ്രവാസി മലയാളികളെ വലയിലാക്കി മുന്നേറുന്ന യുഎസ് കേന്ദ്രീകരിച്ചു നടക്കുന്ന മണി ചെയിന്‍ ബിസിനസുകളിലൊന്നാണ് ഇതിനു പിന്നില്‍. ഇതിനകം വലയിലായതാകട്ടെ ലക്ഷക്കണക്കിനു മലയാളികളും.
ഒന്നും തുറന്നു പറയാതെ, എന്നാല്‍ പണമുണ്ടാക്കാന്‍ ആളുകളെ ക്ഷണിച്ചുകൊണ്ടുള്ള ബിസിനസ് പിച്ചിങ്ങാണ് വിഡിയോകളിലൂടെ നടക്കുന്നത്. സുന്ദരികളായ വ്ലോഗര്‍മാരായിരിക്കും മിക്കപ്പോഴും വാഗ്ദാനങ്ങളുമായി മുന്നിലെത്തുന്നതും. 'നിങ്ങള്‍ക്കു ഡിജിറ്റല്‍ മാര്‍ക്കറ്റിങ് അറിയണമെന്നില്ല. കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്കു പോലും ഓരോ മാസവും ലക്ഷങ്ങള്‍ സമ്പാദിക്കാം' എന്നാണ് വാഗ്ദാനം. എന്തു ബിസിനസാണെന്നു പറയാതെ സസ്പെന്‍സാണ് വിഡിയോയുടെ പ്രത്യേകത.
എന്താണ് ബിസിനസ് എന്ന് അറിയണമെങ്കില്‍ ആദ്യം റജിസ്റ്റര്‍ ചെയ്ത് വലയിലെ ഒരു കണ്ണിയുമായി സംസാരിക്കണം. അപ്പോഴും കാര്യങ്ങളൊന്നും പറയാന്‍ തയാറാകുക ഇല്ല എന്നു മാത്രമല്ല, ഏതാണ്ട് അര ലക്ഷം ഇന്ത്യന്‍ രൂപയോളം വരുന്ന അമേരിക്കന്‍ ഡോളര്‍ അക്കൗണ്ടിലേയ്ക്കു നല്കി വര്ക്ഷോപ്പുകള് അറ്റെന്‍ഡു ചെയ്യണം. ഇതിലൂടെ കാര്യങ്ങള്‍ ഏതാണ്ട് വിശദമാക്കും. ബിസിനസിന്റെ ഭാഗമാകാന്‍ ഇത്രയും മതിയാകില്ലെന്നതാണ് വസ്തുത. ബിസിനസിനെ കുറിച്ചു കേള്‍ക്കുമ്പോള്‍ കുറെ പേരെങ്കിലും പിന്മാറും. ഇവര്‍ക്കു പണം തിരികെ നല്കി സത്യസന്ധത പാലിക്കും. ഇതോടെ വിശ്വാസ്യത വര്‍ധിച്ച് പിന്നീടെന്നെങ്കിലും ഇവര്‍ വലയിലെ കണ്ണികളാകും എന്ന പ്രതീക്ഷയാണ് സംഘാംഗങ്ങള്‍ക്കുള്ളത് എന്നു മാത്രം.
ഇനി മുന്നോട്ടു പോകാനാണു തീരുമാനമെങ്കില്‍ അഞ്ചു ലക്ഷം രൂപയോളം വരുന്ന തുകയ്ക്കു സമാനമായ യുഎസ് ഡോളര്‍ ബിസിനസിനായി നിക്ഷേപിക്കണം. കൂടുതല്‍ പണണമുണ്ടാക്കണം എന്നുള്ളവര്‍ക്കു കൂടുതല്‍ ബ്ലോക്കുകള്‍ വാങ്ങി നിക്ഷേപം ഉയര്‍ത്തണം. ഇതോടെ നിങ്ങളെ ഓട്ടമേറ്റഡ് സോഷ്യല്‍ മീഡിയ പ്രോഗ്രാമിന്റെ ഭാഗമാക്കും എന്നാണു വാഗ്ദാനം. നിങ്ങള്‍ ഉറങ്ങുമ്പോഴും നിങ്ങള്‍ക്കായി സോഫ്ടറ്റ്വെയര്‍ ജോലി ചെയ്യും. അതുകൊണ്ടു തന്നെ പണം അക്കൗണ്ടില്‍ വന്നു കൊണ്ടിരിക്കും.
ഇനി കൂടുതല്‍ പണം സമ്പാദിക്കേണ്ടവര്‍ കൂടുതലായി അംഗങ്ങളെ ചേര്‍ക്കേണ്ടി വരും. അതിനുള്ള വഴിയാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങള്‍. ശരിക്കു നിങ്ങള്‍ ചെയ്യുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഈ സമൂഹമാധ്യമങ്ങളിലൂടെ ആളുകളെ ബിസിനസില്‍ ചേര്‍ക്കുന്നതിനുള്ള ക്ഷണിക്കല്‍ ആയിരിക്കും. മികച്ച വരുമാന വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ച് ആളുകളെ ക്ഷണിക്കുന്നവര്‍ക്കു കൂടുതല്‍ പണം ലഭ്യമാക്കാം. ആളുകളെ ചേര്‍ക്കാനായില്ലെങ്കില്‍ കാര്യമായി വരുമാനവും ഉണ്ടാകില്ല.
വിപണിയില്‍ കേട്ടിട്ടു പോലുമില്ലാത്ത ബ്രാന്‍ഡുകളുടെ ഉല്പന്നങ്ങള് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലൂടെ വിറ്റു ലാഭമുണ്ടാക്കുന്നു എന്നാണ് വിശദീകരണം. പണം അടയ്ക്കുന്നതോടെ ഈ ഉല്പന്നം ആവശ്യമെങ്കില്‍ നമുക്കു ലഭ്യമാകും. ഇനി വേണ്ടെങ്കില്‍ ബിസിനസിനായി കമ്പനിയില്‍ തന്നെ സൂക്ഷിക്കുകയുമാകാം. ഇനി ഇന്റര്‍നെറ്റില്‍ പരതിയാല്‍ ഈ ഉല്പന്നങ്ങള് വില്പനയ്ക്കു വച്ചിരിക്കുന്നതോ ആരെങ്കിലും വാങ്ങുന്നതിന്റെയോ യാതൊരു വിവരങ്ങളും ലഭ്യമാകുന്നുമില്ല. പിന്നെ ഇത് എവിടെ വില്‍ക്കുന്നു എങ്ങനെ ലാഭമുണ്ടാകുന്നു എന്ന ചോദ്യം ഉയരുന്നുണ്ട്. ഫലത്തില്‍ ബിസിനസ് മണി ചെയിനായി പുരോഗമിക്കുന്നു എന്നാണു വ്യക്തമാകുന്നത്. അഞ്ചു ലക്ഷം രൂപയോളം മുടക്കി ബിസിനസ് തുടങ്ങുന്നയാള്‍ക്ക് ആദ്യ ഘടുവായി 40000 രൂപയ്ക്ക് അടുത്തൊരു തുകയുടെ ചെക്കു ലഭിക്കുന്നു. ഇതോടെ ചെക്കിന്റെ ദൃശ്യങ്ങള്‍ കാണിച്ചാകും പരസ്യവും ഉപയോക്താക്കളെ കണ്ടെത്തലും.
യൂട്യൂബില്‍ പണം മുടക്കി വിഡിയോകള്‍ കൂടുതല്‍ ആളുകളിലേയ്ക്ക് എത്തിക്കുന്നതും ഫേസ്ബുക്കിലും ഇന്സ്റ്റയിലുമെല്ലാം ബൂസ്റ്റു ചെയ്യുന്നതുമാണ് ഇവരുടെ പ്രധാന ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്നു തിരിച്ചറിയുമ്പോഴേയ്ക്കു തിരിച്ചു കിട്ടാത്ത വലിയ തുക ഇവരുടെ പക്കലായിട്ടുണ്ടാകും. മാത്രമല്ല, ചെയിന്‍ മുറിയുന്നതോടെ ബിസിനസ് വരുമാനവും ഏതാണ്ടു നിലച്ചതാകും. ഫലത്തില്‍ നാട്ടില്‍ രണ്ടു പതിറ്റാണ്ടു മുമ്പു കുറെ പേര്‍ക്കു പണം നഷ്ടമാക്കിയ, കുറെ സമ്പന്നരെ സൃഷ്ടിച്ച കിടക്ക കച്ചവടത്തിന്റെ ഇന്റര്‍നാഷണല്‍ മോഡലിലാണ് ബിസിനസ്.
രാജ്യാന്തര തലത്തിലുള്ള മണി ചെയിനാണെങ്കിലും ഇത് നിയമ വിരുദ്ധമല്ല എന്നാണ് നിയമ വിദഗ്ധരും വ്യക്തമാക്കുന്നത്. പ്രത്യേകിച്ചു ബിസിനസ് കേന്ദ്രീകരിച്ചിട്ടുള്ള യുഎസിനും പണം സമ്പാദിക്കുന്നവരുടെ അക്കൗണ്ടുകളുള്ള രാജ്യങ്ങള്‍ക്കും നികുതികള്‍ ലഭിക്കുന്ന സാഹചര്യത്തില്‍. ബിസിനസുകളെ പ്രോത്യാഹിപ്പിക്കുന്നതിനായി നല്കി വരുന്ന ഇളവുകളെ വിദഗ്ധമായി ഉപയോഗപ്പെടുത്തിയാണ് ഇത്തരത്തിലുള്ള മണി ചെയിന്‍ ബിസിനസുകള്‍ പുരോഗമിക്കുന്നത് എന്നു മാത്രം. .
പണം നിക്ഷേപിക്കും മുമ്പ്!
ഏതു ബിസിനസിനായും പണം മുടക്കുന്നതിനു മുമ്പ് അതിനെക്കുറിച്ചു വിശദമായി അറിഞ്ഞിട്ടുണ്ടാകണം. സത്യസന്ധമായി കാര്യങ്ങള്‍ വിശദീകരിക്കുന്നു എന്ന് ഉറപ്പു വരുത്തണം. വിവരങ്ങള്‍ ഒളിച്ചു വച്ചുള്ള ബിസിനസ് ക്ഷണങ്ങള്‍ക്കു പിന്നില്‍ എന്തെങ്കിലും കുരുക്കുകള്‍ ഉണ്ടാകും എന്നതില്‍ സംശയമില്ല. നാട്ടില്‍ മണി ചെയിന്‍ ബിസിനസുകളിലേയ്ക്ക് ആളുകളെ ക്ഷണിക്കുന്നതിനു പ്രയോഗിച്ചു വന്ന തന്ത്രങ്ങളുടെ ഡിജിറ്റല്‍ രൂപം മാത്രമാണ് ഈ വിഡിയോകള്‍. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള നിക്ഷേപങ്ങളിയേക്കു പണം നിക്ഷേപിക്കും മുമ്പു വിദഗ്ധരുമായി സംസാരിച്ച് കാര്യങ്ങള്‍ മനസിലാക്കിയിട്ടുണ്ടാകണം. പണം ഉണ്ടാക്കാന്‍ ബിസിനസിലായാലും കുറക്കു വഴികളില്ലെന്ന വസ്തുത മനസിലാക്കിയിരിക്കണം. ആരും ആരേയും സഹായിക്കാനായി ബിസിനസിലേയ്ക്കു നമ്മളെ ക്ഷണിക്കുകയില്ല. പകരം അവര്‍ക്കും നേട്ടമുണ്ടാക്കുകയാണ് ബിസിനസിലൂടെ ലക്ഷ്യമിടുന്നത്. നികുതി അടയ്ക്കുന്നതു മാത്രം ഒരു ബിസിനസിനെയും നിയമപരമാക്കുന്നില്ല. വില്‍ക്കുന്നു എന്ന് അവകാശപ്പെടുന്ന ഉല്പന്നങ്ങളെക്കുറിച്ചും അവയുടെ നിര്‍മാണ വിവരങ്ങളും നിര്‍ബന്ധമായും നിക്ഷേപകന് അറിഞ്ഞിരിക്കണം