‘അമ്മയെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു’; 5 വയസ്സുകാരനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ അമ്മ വിധി കേട്ട് പൊട്ടിക്കരഞ്ഞു
Mail This Article
മാസച്യുസിറ്റ്‌സ്∙ 5 വയസ്സുകാരനായ മകനെ മർദിക്കുകയും പട്ടിണിക്കിട്ട് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ അമ്മയ്ക്ക് കോടതി 53 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ഡാനിയേൽ ഡൗഫിനൈസ് (38 ) ആണ് 5 വയസ്സുള്ള മകൻ ഏലിജ ലൂയിസിന്‍റെ മരണത്തിൽ കുറ്റക്കാരിയാണ് കോടതി കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം മാസച്യുസിറ്റ്‌സിലെ പാർക്കിൽ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്.
ഏലിജയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മുഖത്തും തലയോട്ടിയിലും മുറിവുകൾ, പോഷകാഹാരക്കുറവ്, മർദ്ദനമേറ്റ പാടുകൾ, അൾസർ എന്നിവയുള്ളതായി കണ്ടെത്തിയിരുന്നു. പ്രതി ഏലിജയെ പീഡിപ്പിക്കുകയും അവഗണിക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂട്ടർമാർ കോടതിയിൽ പറഞ്ഞു.
ഏലിജയുടെ പിതാവിൽ നിന്ന് വിവാഹമോചനം നേടിയ ഡൗഫിനൈസ് 2020 മേയ് മാസത്തിലാണ് ന്യൂ ഹാംഷെയറിലെ വീട്ടിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുവന്നത്. കുട്ടിക്ക് 'കഠിനമായ മാനസിക പ്രശ്‌നങ്ങൾ' ഉണ്ടെന്നും മാതാപിതാക്കൾ ഇത് അറിഞ്ഞിരുന്നില്ലെന്നും പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചെങ്കിലും ഈ വാദം കോടതി തള്ളി കളഞ്ഞു.
മകനെ കുറിച്ച് പ്രതി കാമുകന് അയച്ച സന്ദേശങ്ങൾ വിദ്വേഷം നിറഞ്ഞതാണെന്നും അമ്മയുടെ പ്രവൃത്തികൾ അപമാനകരമാണെന്നും ജഡ്ജി ചാൾസ് ടെമ്പിൾ പറഞ്ഞു. നിങ്ങൾക്ക് ഏലിജയോട് എന്താണ് ചെയ്യുന്നതെന്ന് കൃത്യമായി അറിയാമായിരുന്നു. നിങ്ങൾ അവനെ ക്രമേണ കൊല്ലുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡാനിയേൽ ഡൗഫിനൈസിനു പുറമെ കാമുകൻ ജോസഫ് സ്റ്റാഫും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇയാൾക്കും കോടതി തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.
‘‘അമ്മയെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു. എനിക്ക് വളരെ വേദനയുണ്ട് ഏലിജ. ദുരുപയോഗം ചെയ്യപ്പെട്ടതും ഉപേക്ഷിക്കപ്പെട്ടതുമായ കുട്ടിയായിരുന്ന താനെന്നും’’ കോടതിയിൽ പൊട്ടിക്കരഞ്ഞ് കൊണ്ട് ഡാനിയേൽ ഡൗഫിനൈസ് വ്യക്തമാക്കി.