പാർട്ടിയിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കി; ടെക്സസിലെ ‘ഗ്ലാമറസ്’ പൊലീസ് ഓഫിസർക്ക് സസ്പെൻഷൻ
Mail This Article
സാൻ അന്‍റോണിയോ∙ ടെക്‌സസിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ വനിതാ പൊലീസ് ഓഫിസറെ സസ്‌പെൻഡ് ചെയ്തു. സാൻ അന്‍റോണിയോയിലെ റിയൽ എസ്റ്റേറ്റ് അവാർഡ് പാർട്ടിയിൽ ഡിജെ ആയി പ്രവർത്തിക്കുന്നതിനിടെ പ്രശ്നമുണ്ടാക്കിയ ഓഫിസർ ക്രിസ്റ്റി ബുഷിനെതിരെയാണ് അച്ചടക്ക നടപടി. 30 ദിവസത്തേക്കാണ് ക്രിസ്റ്റി ബുഷിനെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.
മാർച്ച് 16നാണ് സംഭവം നടന്നത്. 350 അതിഥികൾക്ക് മുന്നിലാണ് ക്രിസ്റ്റി ബുഷ് മദ്യപിച്ച് ഡിജെ അവതരിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു. താൻ മദ്യപിച്ചതായി സംഭവ സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥരോട് ക്രിസ്റ്റി സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ ഉദ്യോഗസ്ഥരോട് ക്രിസ്റ്റി തർക്കിച്ചു.
ഗ്ലാമറസ് വേഷത്തിലാണ് ഉദ്യോഗസ്ഥ എത്തിയതെന്നും പരാതിയുണ്ട്. ഡിജെ ക്രിസ്റ്റി റോസായി പരിപാടികളിൽ പങ്കെടുക്കുന്ന വ്യക്തിയാണ് ഓഫിസർ ക്രിസ്റ്റി ബുഷ്. താൻ ഡിജെ ആയി പങ്കെടുക്കുന്നതിന് പ്രത്യേക അനുമതി വാങ്ങിയിരുന്നതായി ക്രിസ്റ്റി വ്യക്തമാക്കി. അതേസമയം ആദ്യം 45 ദിവസത്തെ സസ്പെൻഷൻ നൽകിയിരുന്നുവെങ്കിലും സാൻ അന്‍റോണിയോ പൊലീസ് ഡിപ്പാർട്ട്മെന്‍റ് ചീഫ് വില്യം മക്മാനസുമായി ക്രിസ്റ്റ് കൂടിക്കാഴ്ച നടത്തിയതിനെ തുടർന്നാണ് ഇത് 30 ദിവസമായി കുറച്ചു.
ക്രിസ്റ്റി ബുഷിനെതിരെ ക്രിമിനൽ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല. എന്നാൽ ലഹരിയുടെ ഉപയോഗം സംബന്ധിച്ച നിയമങ്ങൾ ലംഘിച്ചതിനും, പൊതുജനങ്ങളോടും സഹപ്രവർത്തകരോടും അപമര്യാദയായി പെരുമാറിയതിനും ക്രമസമാധാനം തകർത്തതിനുമാണ് സസ്പെൻഡ് ചെയ്തതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.