ADVERTISEMENT

കൊച്ചി ∙ നാട്ടിലെ പൂട്ടിയിട്ട വീടിന് അയ്യായിരം രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചപ്പോൾ യുഎസിലുള്ള ഉടമ ഞെട്ടി. കെഎസ്ഇബിയിൽ പരാതി നൽകിയപ്പോൾ ഉപയോഗിച്ച വൈദ്യുതിക്കുള്ള ബിൽ തന്നെയെന്നും തെറ്റു പറ്റിയിട്ടില്ലെന്നും മറുപടി.

ഒടുവിൽ ആളെ വിട്ട് അന്വേഷണം നടത്തിയപ്പോൾ കണ്ടെത്തിയതു വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്നു താമസമാക്കിയ ഒരു സംഘം ആളുകളെ. യുഎസിൽ താമസിക്കുന്ന അജിത് വാസുദേവനാണു വൈറ്റില ജനത റോഡിലെ തന്റെ വീട്ടിൽ താനറിയാതെ ചിലർ അതിക്രമിച്ചു കയറി താമസിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നു സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയത്.

രണ്ടു മാസം വൈദ്യുതി ബിൽ കൂടുതൽ വന്നതോടെ ചിലവന്നൂരിലുള്ള തന്റെ സുഹ‍ൃത്തുക്കളെ വീട്ടിലേക്കയച്ചു നടത്തിയ അന്വേഷണത്തിലാണ് അനധികൃത താമസം കണ്ടെത്തിയതെന്ന് അജിത് പറയുന്നു.

ഗേറ്റിന്റെയും വീടിന്റെയും പൂട്ടു തകർത്ത് ഉള്ളിൽ കടന്ന ശേഷം വീടു പെയിന്റ് ചെയ്തതായും ഉള്ളിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തി ഭിത്തി കെട്ടിത്തിരിച്ച ശേഷം പലർക്കായി വാടകയ്ക്കു നൽകിയതായും അന്വേഷണത്തിൽ വ്യക്തമായി. അരൂർ സ്വദേശിയായ സുരേഷ് ബാബു എന്ന വ്യക്തിയാണ് അതിക്രമത്തിനു പിന്നിലെന്നും സ്ഥലം കൗൺസിലർ ഉൾപ്പെടെ നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

രണ്ടു നിലയുള്ള വീട്ടിൽ വിദ്യാർഥികളും കുടുംബങ്ങളുമുൾപ്പെടെ മുപ്പതോളം പേരാണ് ഇപ്പോൾ താമസിക്കുന്നത്. വീട്ടിലെ ഓരോ മുറികളും തടി കൊണ്ടും കോൺക്രീറ്റ് കെട്ടിയും വേർതിരിച്ചാണ് ഇത്രയേറെ പേർക്ക് വാടകയ്ക്കു നൽകിയിട്ടുള്ളത്.

ഒരു ലക്ഷത്തോളം രൂപ പ്രതിമാസ വാടക കിട്ടും വിധമാണു സുരേഷ് ബാബു വീടു പലർക്കായി വാടകയ്ക്കു നൽകിയതെന്നും നാട്ടുകാരുടെയും അജിത്തിന്റെ സുഹൃത്തുക്കളുടെയും അന്വേഷണത്തിൽ വ്യക്തമായി. സുരേഷ് ബാബുവിനെ കണ്ടെത്തി തിരക്കിയപ്പോൾ വീടു തന്നെ നോക്കാൻ ഏൽപിച്ചതാണെന്നായിരുന്നു മറുപടി.

എന്നാൽ, സുരേഷ് ബാബു പറയുന്നതു കളവാണെന്നു വീട്ടുടമയും പരാതിക്കാരനുമായ അജിത് വാസുദേവൻ അറിയിച്ചു. താനോ ബന്ധുക്കളോ വീടിന്റെ ഒരു ചുമതലയും സുരേഷ് ബാബുവിനു നൽകിയിട്ടില്ല. വീടിന്റെ ഗേറ്റിന്റെ താക്കോൽ സമീപവാസിയുടെ കൈവശമായിരുന്നെങ്കിലും ഇത് ആർക്കും കൈമാറാൻ നിർദേശിച്ചിട്ടില്ല.

പ്രവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തുകയും വാടകയ്ക്കു കൊടുക്കുകയും ചെയ്ത സുരേഷ് ബാബുവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നു പൊലീസ്. അന്വേഷണം പുരോഗമിക്കുകയാണ്. വീട്ടിലെ അനധികൃത താമസക്കാരോട് ഇന്നു വീടൊഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മരട് പൊലീസ് അറിയിച്ചു.

English Summary:

US-Based NRI Finds his 'Vacant' Kochi House Occupied after Spike in Electricity Bills

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com