ADVERTISEMENT

വാഷിങ്ടൻ ∙ അമേരിക്കൻ പ്രസിഡന്റ്  തിരഞ്ഞെടുപ്പിൽ ആര് ജയിക്കും എന്നുള്ള വാദപ്രതിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഒരു ശരാശരി അമേരിക്കൻ മലയാളി വോട്ടറുടെ രാഷ്ട്രീയ ചിന്താധാരയിലേക്ക് ഒരു എത്തിനോട്ടം. നവംബർ 5ന് വൈകിട്ട് അവസാനിക്കുന്ന വോട്ടിങ് പ്രക്രിയ, അടുത്ത നാല് വർഷത്തേക്കുള്ള അമേരിക്കൻ പ്രസിഡന്റിനെ തീരുമാനിക്കും.  പകുതിയിലധികം വോട്ടർമാർ അവരുടെ വോട്ടുകൾ രേഖപ്പെടുത്തി കഴിഞ്ഞു. അമേരിക്കയിലെ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ തിരഞ്ഞെടുപ്പിന് വളരെ പ്രാധാന്യമുണ്ട്. ഒരു ഇന്ത്യൻ വംശജയായ കമല ഹാരിസ്  അമേരിക്കയുടെ പ്രഥമ വനിതയായി മത്സരിക്കുന്നതിലുപരി, അവർ വിജയിച്ചാൽ  അമേരിക്കയുടെ  ആദ്യത്തെ  വനിത പ്രസിഡന്റ് എന്ന ഖ്യാതിയും ചരിത്രത്തിൽ കൂട്ടിച്ചേർക്കും. അവർ മത്സരിക്കുന്നത് മുൻ  അമേരിക്കൻ പ്രസിഡന്റും, വലിയ ബിസിനസുകാരനുമായ ഡോണൾഡ് ട്രംപിനോടാണ് എന്ന പ്രത്യേകതയുമുണ്ട്. 

രാഷ്ട്രീയ പ്രബുദ്ധതയിൽ മലയാളി,  മറ്റുള്ള അമേരിക്കൻ ഇന്ത്യക്കാരേക്കാൾ ഒരുപടി മുന്നിലാണ്.  മലയാളിയുടെ സൗഹൃദം വേറെ, പാർട്ടി വേറെ.  ഇവ രണ്ടും കൂടി ഒരിക്കലും കൂട്ടിക്കുഴക്കാറില്ല.  ആരോഗ്യപരമായ സംവാദങ്ങൾക്ക് അരങ്ങൊരുക്കി അമേരിക്കൻ മലയാളി മാധ്യമങ്ങൾ പ്രോത്സാഹനം കൊടുക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള മിക്ക മുഖ്യ ചാനലുകളും സംവാദങ്ങൾ സംഘടിപ്പിക്കുന്നു. അമേരിക്കൻ മലയാളിയുടെ രാഷ്ട്രീയ സംവാദങ്ങൾക്ക് ലോകമെമ്പാടുമുള്ള മലയാളികൾ സമൂഹ മാധ്യമങ്ങൾ വഴി പ്രതികരിക്കുന്നുമുണ്ട്. അമേരിക്കൻ രാഷ്ട്രീയ വ്യവസ്ഥ ലോക സമ്പദ് വ്യവസ്ഥയുമായി ഇഴചേർന്നു കിടക്കുന്നുവെന്ന് മലയാളികൾ തിരിച്ചറിയുന്നു. 

അമേരിക്കയിലെ രണ്ട് മുഖ്യ പാർട്ടികളാണ് ഡെമോക്രാറ്റിക് പാർട്ടിയും റിപ്പബ്ലിക്കൻ പാർട്ടിയും. കമല ഹാരിസ് ഡെമോക്രാറ്റും, ഡോണൾഡ് ട്രംപ് റിപ്പബ്ലിക്കനുമാണ്.  ഇവിടെ ഇനി ആര് ജയിക്കും? കുടിയേറ്റക്കാർക്ക് അനുകൂലവും  മധ്യവർഗ്ഗ കുടുംബങ്ങൾക്കും അധിക നികുതി ബാധ്യതയില്ലാത്ത ഭരണമാണ് ഡമോക്രാറ്റുകൾ പ്രകടനപത്രികയിൽ  വാഗ്ദാനം ചെയ്യുന്നത്. അമേരിക്കയുടെ അതിർത്തികൾ സുരക്ഷിതമാക്കാനും, അമേരിക്കയെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാനുമാണ് റിപ്പബ്ലിക്കൻസ് ഉറപ്പ് നൽകുന്നത്. 

അമേരിക്കയുടെ പ്രതാപം തിരികെ കൊണ്ടുവരാമെന്ന് പറഞ്ഞ് കഴിഞ്ഞ തവണ ട്രംപ്  അധികാരത്തിലെത്തിയിട്ട് ആ നാല് വർഷങ്ങൾ കൊണ്ട് ഒന്നും ചെയ്തില്ലെന്ന് ഡെമോക്രറ്റുകൾ ആരോപിക്കുന്നു.  കോവിഡിന് ശേഷം തകർന്ന ലോക സമ്പദ് വ്യവസ്ഥയെ പഴയ ട്രാക്കിലേക്കെത്തിച്ച ചാരിതാർഥ്യത്തോടെയാണ് അടുത്ത നാല് വർഷത്തേക്ക് ഞങ്ങൾ വരുന്നതെന്ന് ഡെമോക്രാറ്റുകൾ  അവകാശപ്പെടുന്നു.  കഴിഞ്ഞ നാല് വർഷങ്ങൾ കൊണ്ട് അമേരിക്ക കുട്ടിച്ചോറാക്കിയെന്നും, അതിർത്തികൾ തുറന്നിട്ട് ക്രിമിനലുകളെയും അന്യരാജ്യക്കാരെയും  അമേരിക്കയിലേക്ക് കടത്തിവിട്ടെന്നും അത് അമേരിക്കക്കാരുടെ സ്വര്യജീവിതം തകർത്തെന്നും, ഡെമോക്രാറ്റുകൾ യുദ്ധക്കൊതിയന്മാരാണെന്നും റിപ്പബ്ലിക്കനുകൾ ആരോപിക്കുന്നു.

വ്യക്തിഹത്യാപരമായ ആക്രമണങ്ങൾ, സമൂഹ മാധ്യമങ്ങൾ വഴിയുള്ള ആക്രമണങ്ങൾ, കോടതി കേസുകൾ, സ്ഥാനാർഥിയുടെ കുടുംബം, പ്രായം, ആരോഗ്യം, വിദ്യാഭാസം മുതലായവ അമേരിക്കൻ തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയങ്ങളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് അമേരിക്കയുടെ ഭരണസിരാ കേന്ദ്രത്തിലുണ്ടായ ആക്രമണത്തിലും മലയാളി സാന്നിധ്യം ശ്രദ്ധേയമായിരുന്നു. അമേരിക്കയുടെ പലയിടങ്ങളിലും മലയാളികൾ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് എത്തികഴിഞ്ഞു.  ഇന്ത്യക്കാർ അമേരിക്കയുടെ രാഷ്ട്രീയ സ്ഥിതികരണത്തിന്റെ നട്ടെല്ലായി മാറിക്കൊണ്ടിരിക്കുകയാണ്. 

English Summary:

Malayalis have reached mainstream politics in many parts of America. Indians are becoming the backbone of America's political landscape. This is a glimpse into the political mindset of an average American Malayali voter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com