ADVERTISEMENT

അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഈ തിരഞ്ഞെടുപ്പ് പോർക്കളത്തിൽ ഏറ്റുമുട്ടുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെയും, ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനെയും, ഇരുവരുടേയും ജനക്ഷേമകരമായ അജണ്ടകളെയും വളരെ വിലയിരുത്തുകയാണ് ഈ ലേഖനത്തിലൂടെ.

ഇന്ത്യയിൽ നിന്ന് ഏതാണ്ട് അൻപതിൽപരം വർഷങ്ങൾക്കു മുൻപ് കുടിയേറിയ അമേരിക്കൻ പൗരൻ എന്ന നിലയിൽ ഒരു സ്വതന്ത്ര അവലോകനം മാത്രമാണ് ഇവിടെ നടത്തുന്നത്. രണ്ടു പാർട്ടിക്കാരുടെയും, രണ്ട് സ്ഥാനാർത്ഥികളുടെയും പ്രചരണങ്ങളുടെ കൊട്ടിക്കലാശം നടക്കുന്ന അവസരമാണിത്. ഇന്ത്യയിലെ പോലെയുള്ള കൊട്ടിക്കലാശ പ്രചരണ സമാപനമല്ല അമേരിക്കയിൽ നടക്കുന്നത്.

തികച്ചും വ്യത്യസ്തമായ രീതിയിൽ ടൗൺഹാൾ യോഗങ്ങളും, പ്രത്യയശാസ്ത്ര രാഷ്ട്രീയവാദ പ്രതിവാദങ്ങളും, ഒരല്പം ചെളി പരസ്പരം വാരി എറിയുന്നതും ഒഴിച്ചാൽ പ്രചരണകൊട്ടിക്കലാശം, കോലാഹലങ്ങൾ ഇല്ലാതെ ശാന്തമാണെന്ന് പറയാം. ഈ രണ്ടു പാർട്ടിക്കാരും, പൊതുജനങ്ങളും പലപ്പോഴായി ചോദിക്കുന്നത് ഇതിലും മെച്ചപ്പെട്ട സ്ഥാനാർഥികളെ എന്തുകൊണ്ട് നിർത്താൻ കഴിഞ്ഞില്ല എന്നാണ്. കാര്യങ്ങൾ അപഗ്രഥനം ചെയ്യുമ്പോൾ ഇവർ ഉന്നയിക്കുന്ന സംശയങ്ങൾ ഒരു പരിധിവരെ ശരിയാണെന്ന് തന്നെ വേണം നിരീക്ഷിക്കാൻ.

എന്നാൽ വോട്ടർമാർക്ക്, ഇനി കാര്യമായ ചോയിസുകൾ ഇല്ല. ഈ രണ്ടുപേരിൽ, ഒരാളെ തിരഞ്ഞെടുക്കുക എന്നേയുള്ളൂ. ഈ സ്ഥാനാർഥികളുടെ ഭൂതവും ഭാവിയും, നിലപാടുകളും, വാഗ്ദാനങ്ങളുടെ പെരുമഴയും, സത്യസന്ധതയും, സൂക്ഷ്മമായി പരിശോധിച്ചു തുറന്ന മനസ്സോടെ വോട്ട് ചെയ്യുക എന്നുള്ളതാണ് കരണീയം. വോട്ടിങ്ങിന്റെ കാര്യത്തിൽ നിസ്സംഗത പാലിക്കാതെ, രാഷ്ട്രീയ പ്രബുദ്ധതയോടെ തന്നെ സ്വന്തം വോട്ട് ചെയ്യാനുള്ള ജനകീയ അവകാശം പ്രയോഗിക്കുക തന്നെ. ആരായിരിക്കണം നമ്മുടെ ചോയ്സ്.?

ആരായിരിക്കണം അടുത്ത അമേരിക്കൻ പ്രസിഡന്‍റ്?  ഇന്ന പാർട്ടിയിൽ നിന്ന്, ഇന്ന വ്യക്തി തിരഞ്ഞെടുക്കപ്പെട്ടാൽ എനിക്ക് എന്ത് ഗുണം കിട്ടും.? ഒരു മറുരാജ്യത്തുനിന്ന് കുടിയേറി ഇവിടെയെത്തിയ, അല്ലെങ്കിൽ ഇന്ത്യയിൽ നിന്ന് കുടിയേറി ഇവിടെയെത്തിയ ഒരു അമേരിക്കൻ പൗരൻ എന്നുള്ള നിലയിൽ ആര് ജയിച്ചാൽ ആണ് എനിക്ക് പ്രത്യേകമായ ഗുണം എന്ന ആ ചിന്താഗതി എത്ര കണ്ട് ശരിയാണ്? ലോകത്തുള്ള സർവ്വ രാജ്യത്ത് നിന്നും കുടിയേറിയവരാണ് ഇവിടത്തെ പൗരന്മാർ. അപ്രകാരം ഓരോ രാജ്യത്ത് നിന്ന് കുടിയേറിയ പൗരന്മാർ സ്വന്തമായിട്ടും സ്വന്തം കുടിയേറി വന്ന രാജ്യത്തിന് ആയിട്ടും ആരു തിരഞ്ഞെടുക്കപ്പെട്ടാൽ ഗുണം കിട്ടും എന്നുള്ള ആ ചിന്ത തീർത്തും നല്ലതാണോ? 

അത് തികച്ചും, സ്വാർത്ഥതയും, ഇവിടത്തെ രാജ്യ താത്പര്യത്തിന്  വിരുദ്ധവും അല്ലേ. ഇവിടെ പൗരത്വം എടുക്കുമ്പോൾ ഏത് രാജ്യത്തിൽ നിന്ന് കുടിയേറിയവരായാലും അമേരിക്കയോട്, നൂറു ശതമാനവും കൂറുപുലർത്താമെന്ന് സത്യപ്രതിജ്ഞ എല്ലാവരും എടുക്കുന്നുണ്ടല്ലോ. അതല്ലേ പാലിക്കപ്പെടേണ്ടത്, അതിനല്ലേ ഊന്നൽ കൊടുക്കേണ്ടത്, ഈ രണ്ട് സ്ഥാനാർഥികളും ഏതാണ്ട് മുദ്രാവാക്യമായി ഉയർത്തിയിരിക്കുന്നത്, അമേരിക്ക ഫസ്റ്റ് എന്നുള്ളതാണ്. രണ്ടുപേരും അമേരിക്ക ഫസ്റ്റ് എന്ന് പറയുമ്പോൾ ആരുടെ ഫസ്റ്റിനാണ് മുൻതൂക്കം എന്നും നമ്മൾ വിലയിരുത്തേണ്ടതുണ്ട്.

എ.സി.ജോർജ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
എ.സി.ജോർജ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഈ ലേഖകൻ ഇത്രയും ഇതിനെപ്പറ്റി പറയാൻ കാരണം ഈയിടെയായി ഇന്ത്യൻ മാധ്യമങ്ങളിൽ, ഇന്ത്യയ്ക്ക്, മലയാളികൾക്ക്, മൊത്തത്തിൽ ഈ വ്യക്തി വന്നാൽ കൂടുതൽ നന്നായിരിക്കും എന്ന ആശയങ്ങൾ കൂടുതലായി ഇന്ത്യൻ വംശജർ ഉന്നയിക്കുന്നത് കൊണ്ടാണ്. ഈ ആശയം ഒരു പരിധിവരെ, പൊളിച്ചടുക്കപ്പെടേണ്ടതാണ്. അമേരിക്ക എന്ന രാജ്യത്തിന്, ലോകസമാധാനത്തിന് ലോകത്തിന്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തലവൻ ആയി തിരഞ്ഞെടുക്കപ്പെടാൻ പോകുന്ന വ്യക്തി അമേരിക്കയ്ക്കും, ലോകത്തിനു മൊത്തത്തിലും ഗുണകരമായിരിക്കുമോ എന്നതാണ് നമ്മൾ ചിന്തിക്കേണ്ടത്.

ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള അമേരിക്ക സെക്കുലർ രാഷ്ട്രം കൂടിയാണ്. മാധ്യമങ്ങളിൽ പല പ്രസ്താവനകളും കണ്ടു, ഈ വ്യക്തി ഇന്ത്യൻ വംശജയാണ് അതിനാൽ ഇന്ത്യയിൽ നിന്ന് കുടിയേറിയ അമേരിക്കൻ പൗരന്മാർ അവർക്ക് വോട്ട് ചെയ്യണം. ഇരു പാർട്ടി പാനലിലും ഇന്ത്യൻ സാന്നിധ്യമുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയുടെ ജീവിതപങ്കാളി ഇന്ത്യൻ വംശജയാണ്. 

അമേരിക്കയുടെ വിവിധ സിറ്റികളിലും ടൗണുകളിലും എത്രയെത്ര ഇന്ത്യൻ വംശജരായ മേയർന്മാർ, കൗണ്ടി ലെജിസ്ലേറ്റർസ്, കൗൺസിലർമാർ, കോൺഗ്രസ് മെമ്പർമാർ  ആണുള്ളത്.  ഇന്ന വ്യക്തി അമേരിക്കൻ പ്രസിഡന്‍റ് ആയി  തിരഞ്ഞെടുക്കപ്പെട്ടാൽ ഹിന്ദുക്കൾക്ക് കൂടുതൽ സംരക്ഷണം കിട്ടും, ഹിന്ദുക്കൾക്ക് അമേരിക്കയിൽ കൂടുതൽ അവകാശങ്ങൾ കിട്ടും, വൈറ്റ് ഹൗസ് ഉൾപ്പെടെ അമേരിക്കയുടെ എല്ലാ സർക്കാർ ഓഫിസുകളിലും, മൊത്തത്തിൽ അമേരിക്ക ഒട്ടാകെ, ദീപാവലി ഉൾപ്പെടെ ഇന്ത്യൻ ഹിന്ദു പുണ്യ ദിനങ്ങൾ എല്ലാം ഇവിടുത്തെ സർക്കാർ അവധി ദിനങ്ങൾ ആയി മാറ്റിയെടുക്കാം എന്ന് ചില ഹിന്ദുമത മൗലിക വാദികൾ വാദിക്കുന്നത് കണ്ടു.

അപ്രകാരം ചൈനയിൽ നിന്ന് വന്നവർ, ജപ്പാനിൽ നിന്ന് വന്നവർ, ലോകത്ത് വിവിധ ഭാഗങ്ങളിൽ നിന്ന് വിവിധ മതവിശ്വാസികൾ ഉൾക്കൊള്ളുന്ന അമേരിക്കൻ പൗരന്മാർ അവരുടെ രാജ്യത്തെ പുണ്യ ദിനങ്ങൾ അവധി ദിനമായി പ്രഖ്യാപിക്കുന്ന ആൾ ആയിരിക്കണം അമേരിക്കൻ പ്രസിഡന്‍റ് ആകുന്നത് എന്ന് വാദിച്ചാൽ എത്രകണ്ട് ശരിയാണ്. അങ്ങനെ വന്നാൽ 365 ദിനവും അവധിയായി പ്രഖ്യാപിക്കേണ്ടിവരും. അപ്പോൾ പിന്നെ അമേരിക്കയിൽ പ്രവൃത്തി ദിനം ഇല്ലാതെ വരും. എന്നാൽ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള അമേരിക്കയിൽ ക്രിസ്ത്യാനികളുടെ പുണ്യ ദിനമായ ക്രിസ്മസ് അടക്കം പല ദിനങ്ങളും ഒഴിവുദിനങ്ങൾ  അല്ല എന്നും ഓർക്കണം. അത് അങ്ങനെ തന്നെ വേണം താനും.

ഈ ലേഖകന്റെ ഏത് അഭിപ്രായത്തോടും ആർക്കും യോജിക്കാം വിയോജിക്കാം. എന്നാൽ വിയോജിക്കുന്നവരുടെ അഭിപ്രായങ്ങളും ഞാൻ സ്നേഹ ബഹുമാനങ്ങളുടെ മാത്രം കരുതുന്നു. ലോകത്ത് എവിടെയുള്ള അമേരിക്കൻ പൗരനും ജാതിമത വർഗീയഭേദമില്ലാതെ അമേരിക്കൻ നിയമമനുസരിച്ച് അമേരിക്കയുടെ ഏത് പൊസിഷനിലേക്കും മത്സരിക്കാം അതുപോലെ ഏത് ജോലിക്കും അപേക്ഷിക്കാം. അതിനുള്ള ഉത്തമ ഉദാഹരണങ്ങൾ ഇനി ഞാൻ വിവരിക്കേണ്ടതില്ലല്ലോ.  ഈ ലേഖകൻ ഏതായാലും വോട്ട് പാഴാക്കില്ല. തമ്മിൽ ഭേദം ആരാണെന്ന് എന്ന് നോക്കി ആ വ്യക്തിക്കും രാഷ്ട്രീയപാർട്ടിക്കും വോട്ട് രേഖപ്പെടുത്തും.

English Summary:

Which party should you vote for in the US presidential election? Some fragmented thoughts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com