അയോവയിലെ അട്ടിമറിയില്‍ ഇളക്കം; എന്നിട്ടും വാതുവയ്പ്പുകാര്‍ പറയുന്നു, ഇക്കുറി ട്രംപ് തന്നെ
Mail This Article
ഹൂസ്റ്റണ്‍∙ 47-ാമം പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ യുഎസിൽ ആരു വാഴും ആരു വീഴും എന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. അഭിപ്രായ വോട്ടെടുപ്പുകള്‍ പറയും പോലെ കഷ്ടിച്ച് വൈസ് പ്രസിഡന്‍റും ഡെമോക്രാറ്റിക്ക് സ്ഥാനാർഥിയുമായ കമല ഹാരിസ് കടന്നു കൂടുമോ അതോ മുന്‍ പ്രസിഡന്‍റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപും തിരിച്ചുവരവുമോ എന്ന് അറിയുന്നതിനാണ് ലോകം കാത്തിരിക്കുന്നത്. പല സര്‍വേകളും കമല ഹാരിസിന് നേരിയ മുന്‍തൂക്കം പ്രവചിക്കുമ്പോഴും വാതുവയ്പ്പുകാർക്ക് പ്രിയം ട്രംപിനെ തന്നെയാണ് . എന്നാല്‍ അവസാന നിമിഷം കമല നടത്തുന്ന മുന്നേറ്റം ട്രംപ് ക്യാംപിന് ആശങ്ക സമ്മാനിക്കുന്നുവെന്നതും വാസ്തവമാണ്.
പ്രധാന വസ്തുതകള്‍
അഞ്ച് പ്രധാന വിപണികളില്‍ നിന്നുള്ള വാതുവെപ്പ് നമ്പറുകള്‍ ഏകീകരിക്കുന്ന ഇലക്ഷന്‍ ബെറ്റിങ് ഓഡ്സ് ട്രാക്കര്‍ അനുസരിച്ച് - വാതുവെപ്പുകാര്‍ ഇപ്പോള്‍ ട്രംപിന് 54.6% വിജയസാധ്യത നല്‍കുന്നു. കമല ഹാരിസിന് ഇത് 45% ആണ്. കഴിഞ്ഞ ആഴ്ചയിലെ സംഖ്യകളില്‍ നിന്നുള്ള ഒരു പ്രധാന മാറ്റമാണിത്. കഴിഞ്ഞയാഴ്ച വരെ ട്രംപിന് 63 ശതമാനവും കമല ഹാരിസിന് 36% സാധ്യതയുമായിരുന്നു. കല്‍ഷിയില്‍, ട്രംപിന് 54% മുതല്‍ 46% വരെയാണ് വാതുവെപ്പുകാര്‍ പ്രവചിക്കുന്നത്.
ക്രിപ്റ്റോ അധിഷ്ഠിത വാതുവെപ്പ് പ്ലാറ്റ്ഫോമായ പോളിമാര്‍ക്കറ്റിലും ട്രംപ് തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നത്. ട്രംപ് ഇപ്പോഴും പ്രിയങ്കരനാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. kcn ഹാരിസിന്‍റെ 42.2% മായി താരതമ്യപ്പെടുത്തുമ്പോള്‍ ഏകദേശം 58% ആണ് ട്രംപിന്‍റെ ലീഡ്. ട്രംപും എലോണ്‍ മസ്‌ക്കും ഈ നമ്പരുകള്‍ക്ക് വലിയ പ്രചാരവും നല്‍കുന്നുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച വരെ ട്രംപിന് ഭീകരമായ ആധിപത്യമായിരുന്നു ബെറ്റിങ് മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നത്. 65-35 എന്ന നിലയില്‍ അദ്ദേഹം മുന്നിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോഴും മേധാവിത്വം തുടരുന്നുണ്ടെങ്കിലും ലീഡിലുണ്ടായ ഇടിവ് അദ്ദേഹത്തിന് തിരിച്ചടിയാണ്.
തിരഞ്ഞെടുപ്പ് വാതുവയ്പ്പ് വിപണിയിലെ കമല ഹാരിസിന്‍റെ കുതിച്ചുചാട്ടത്തിന് കാരണമായത് അയോവയിലെ സര്‍വേ ഫലമാണ്. ഇവിടെ ട്രംപിനെ കമല ഹാരിസ് അട്ടിമറിക്കുമെന്ന് റിപ്പോര്‍ട്ട് വന്നതോടെയാണ് വലിയ ചലനങ്ങള്‍ സംഭവിച്ചത്. 2016ലും 2020ലും മുന്‍ പ്രസിഡന്‍റ് മുന്നേറ്റം നടത്തിയ ഒരു സംസ്ഥാനത്ത് ട്രംപിനെക്കാള്‍ (47%- 44%) മൂന്ന് പോയിന്‍റ് ലീഡ് നേടിയെന്ന് ഡെസ് മോയിന്‍സ് റജിസ്റ്റര്‍ പ്രസിദ്ധീകരിച്ച സെല്‍സറിന്‍റെ വോട്ടെടുപ്പ് പറയുന്നു. അതേസമയം, എമേഴ്സണ്‍ കോളജ് ട്രംപിന് 53%-43%-ന് ലീഡ് നല്‍കുന്നു.