പ്രചാരണ സംഘത്തിലെ പോരാളി; വൈറ്റ് ഹൗസിനെ ‘നയിക്കാൻ’ സൂസിയെ നിയോഗിച്ച് ട്രംപ്
Mail This Article
വാഷിങ്ടൻ ഡി.സി∙ കഴിഞ്ഞ രണ്ട് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിലും ഡോണൾഡ് ട്രംപിന്റെ പ്രചാരണത്തിന് നേതൃത്വം നൽകിയ സൂസി വൈൽസ്, ട്രംപ് ജനുവരിയിൽ അധികാരമേൽക്കുന്നതോടെ വൈറ്റ് ഹൗസിന്റെ ചീഫ് ഓഫ് സ്റ്റാഫാകും. ട്രംപാണ് സൂസിയെ ഈ പദവിയിൽ നിയമിച്ചത്. വൈറ്റ് ഹൗസിന്റെ ചീഫ് ഓഫ് സ്റ്റാഫാകുന്ന ആദ്യ വനിതയായിരിക്കും സൂസി.
"യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ചീഫ് ഓഫ് സ്റ്റാഫ് എന്ന പദവി സൂസിക്ക് ലഭിച്ചത് അർഹമായ ബഹുമതിയാണ്. അവർ നമ്മുടെ രാജ്യത്തിന് അഭിമാനമാകുമെന്നതിൽ എനിക്ക് സംശയമില്ല. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വിജയങ്ങളിലൊന്ന് നേടാൻ സൂസി വൈൽസ് എന്നെ സഹായിച്ചു. സൂസി 2016-ലെയും 2020-ലെയും വിജയകരമായ പ്രചാരണങ്ങളുടെ അവിഭാജ്യ ഘടകമായിരുന്നു. സൂസി മിടുക്കിയാണ്. അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ സൂസി അശ്രാന്ത പരിശ്രമം തുടരും’’– ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.