നിർമിതബുദ്ധി ഉപയോഗിച്ചുള്ള ബൈബിൾ വ്യാഖ്യാന ഓൺലൈൻ ഉദ്ഘാടനം ചെയ്തു
Mail This Article
ഹൂസ്റ്റൺ ∙ ബൈബിൾ പഠനം കൂടുതൽ എളുപ്പവും ആകർഷകവുമാക്കുന്ന ഒരു പുത്തൻ സംരംഭമായി BibleInterpretation.ai പ്ലാറ്റ്‌ഫോം. ഹൂസ്റ്റണിലെ ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ മുഖ്യ തിരുനാൾ ആഘോഷ വേളയിൽ പൂനയിലെ സിറോ-മലങ്കര കത്തോലിക്കാ രൂപതാധ്യക്ഷൻ ബിഷപ് മാത്യൂസ് മാർ പക്കോമിയോസ് ഉദ്ഘാടനം ചെയ്തു.
റവ. ഫാ. ഏബ്രഹാം മുത്തോലത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായാണ് ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തത്. ബൈബിൾ വിശദീകരണങ്ങൾ കൂടുതൽ എളുപ്പമാക്കുന്ന ഈ സൈറ്റ് സഭാ മക്കളുടെയും പ്രബോധകരുടെയും ആത്മീയ യാത്രയിൽ പുതിയൊരു വഴിത്തിരിവായിരിക്കുമെന്ന് മാത്യൂസ് മാർ പക്കോമിയോസ് പറഞ്ഞു.
പ്ലാറ്റ്‌ഫോമിന്റെ പ്രധാന സവിശേഷതകൾ:
മതാധ്യാപകർക്ക് ബൈബിൾ ക്ലാസുകൾ ആകർഷകമാക്കാൻ സഹായിക്കുന്നു. വൈദികർക്കും പ്രബോധകർക്കും വചനപ്രഘോഷണം ഒരുങ്ങാൻ സഹായിക്കുന്നതാണ്. പ്രാർഥനാ ഗ്രൂപ്പുകൾക്ക് ബൈബിൾ സന്ദേശങ്ങൾ വിശദീകരിക്കാൻ സഹായിക്കുന്നു. വ്യക്തിഗത ബൈബിൾ പഠനത്തിനും ഈ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്താം
ബൈബിൾ ഇന്‍റർപ്രിട്ടേഷൻ.എഐ സാധ്യമാക്കുന്നത് ഫാ. ഏബ്രഹാം മുത്തോലത്ത് ഫൗണ്ടേഷനാണ്. ജീവകാരുണ്യ-അജപാലന ശുശ്രൂഷകൾക്ക് പിന്തുണനല്കുന്നതിന് ഹൂസ്റ്റൺ ക്നാനായ ഫൊറോനാ വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് സ്ഥാപിച്ചതാണ് ഈ ഫൗണ്ടേഷൻ. ഫാ. ഏബ്രഹാം മുത്തോലത്ത്, അദ്ദേഹത്തിന്‍റെ സഹോദരൻ എം.സി. ജേക്കബ്, ഫാ. ജോഷി വലിയവീട്ടിൽ, ഇടവക ട്രസ്റ്റിമാർ, മറ്റ് കമ്മറ്റിക്കാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്തത്.