ചെറി ലെയിന്‍ സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരുമല തിരുമേനിയുടെ പെരുന്നാള്‍ ആചരിച്ചു
Mail This Article
ന്യൂയോര്‍ക്ക് ∙ പരുമല തിരുമേനിയുടെ ( ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് ) 122-ാമത് ഓർമ പെരുന്നാള്‍ ചെറി ലെയിന്‍ സെന്‍റ് ഗ്രിഗോറിയോസ് പള്ളിയില്‍ ആചരിച്ചു. കഴിഞ്ഞ മാസം 26ന് കുര്‍ബാനാനന്തരം കൊടിയേറ്റോടു കൂടി ആരംഭിച്ച് പെരുന്നാള്‍ ആഘോഷങ്ങൾ ഈ മാസം രണ്ടിന് സമാപിച്ചു.
നവംബര്‍ 1 ന് വൈകിട്ട് 5 മണിയോടെ വിവിധ ദേവാലയങ്ങളില്‍ നിന്ന് പദയാത്രയായി വിശ്വാസികൾ ചെറി ലെയിന്‍ സെന്‍റ് ഗ്രിഗോറിയോസ് പള്ളിയില്‍ വന്നുചേരുകയും സന്ധ്യാ പ്രാര്‍ഥനയിലും ധ്യാന പ്രസംഗത്തിലും പങ്കെടുക്കുകയും ചെയ്തു. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പായുടെ നേതൃത്വത്തിലും, പൗലോസ് ആദായി കോര്‍ എപ്പിസ്‌കോപ്പ, ഫാ.ജോര്‍ജ് ചെറിയാന്‍, ബെല്‍റോസ് സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി, ഡാലസ് സെന്‍റ് ജോര്‍ജ് ചര്‍ച്ച് വികാരി ഫാ. ജോഷ്വാ ജോര്‍ജ് എന്നിവരുടെ സഹ നേതൃത്വത്തിലും സന്ധ്യാ പ്രാര്‍ഥന നടന്നു.
ഈ മാസം രണ്ടിന് രാവിലെ 8.30ന് ആരംഭിച്ച ശുശ്രൂഷകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്കോപ്പാ പ്രധാന കാര്‍മികത്വം വഹിച്ചു. വികാരി ഫാ. ഗ്രിഗറി വര്‍ഗീസ്, ഫാ. ജോണ്‍ തോമസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ച് പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ഥന നടത്തി. തുടർന്ന് റാസയും ഉണ്ടായിരുന്നു.
പരുമല തിരുമേനിയുടെ കാപ്പാ ചെറി ലെയിന്‍ പള്ളിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഭക്തിനിര്‍ഭരമായ റാസക്ക് ശേഷം നേര്‍ച്ച വിളമ്പും ഉച്ചഭക്ഷണത്തോടും കൂടെ പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിച്ചു. പെരുന്നാള്‍ ആഘോഷങ്ങളുടെ നടത്തിപ്പിനായി വികാരി ഫാ.ഗ്രിഗറി വര്‍ഗീസിനൊപ്പം പെരുന്നാള്‍ കോ-ഓര്‍ഡിനേറ്റര്‍മാരായി സജി തോമസ്, റോയ് തോമസ് എന്നിവരും, സെക്രട്ടറി കെന്‍സ് ആദായി, ട്രസ്റ്റിമാരായ മാത്യു മാത്തന്‍, ബിജു മത്തായി എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയും പ്രവര്‍ത്തിച്ചു.
വാർത്ത: വര്‍ഗീസ് പോത്താനിക്കാട്