കുടിയേറ്റ നിയന്ത്രണത്തിൽ വിട്ടുവീഴ്ചയില്ല; അതിര്‍ത്തി കാക്കാന്‍ ഹോമാന്‍
Mail This Article
ഹൂസ്റ്റണ്‍ ∙ കുടിയേറ്റ നിയന്ത്രണമായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്ന്. ജനം അതു സ്വീകരിച്ചതു കൊണ്ടുതന്നെ വലിയ വിജയമാണ് അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞത്. അധികാരത്തിലേറും മുന്‍പ് തന്റെ ടീം സജ്ജീകരിക്കുമ്പോള്‍ ഈ മേഖലയില്‍ വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ലെന്ന സന്ദേശമാണ് ട്രംപ് നല്‍കുന്നത്.
ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) ഡയറക്ടര്‍ ടോം ഹോമാനെ രാജ്യത്തിന്റെ അതിര്‍ത്തികളുടെ ചുമതലയുള്ള 'ബോര്‍ഡര്‍ സാര്‍' (BORDER CZAR) ആയി നിയമിക്കുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമായാണ്. 'മുന്‍ ഐസിഇ ഡയറക്ടറും അതിര്‍ത്തി നിയന്ത്രണത്തിലെ ശക്തനുമായ ടോം ഹോമാന്‍ നമ്മുടെ രാഷ്ട്രത്തിന്റെ അതിര്‍ത്തികളുടെ ചുമതലയുള്ള ട്രംപ് അഡ്മിനിസ്‌ട്രേഷനില്‍ ചേരുമെന്ന് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.' എന്നാണ് അദ്ദേഹം തന്റെ പ്രസ്താവനയിൽ പറയുന്നത്.
ട്രംപിന്റെ ഭരണത്തില്‍ ഹോമാനു നിര്‍ണായക സ്ഥാനം വാഗ്ദാനം ചെയ്യുമെന്നായിരുന്നു പൊതുവേ പ്രതീക്ഷിക്കപ്പെട്ടിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ ഓപ്പറേഷന്‍ ആരംഭിക്കുമെന്ന ട്രംപിന്റെ പ്രചാരണ വാഗ്ദാനത്തിന്റെ മേല്‍നോട്ടം വഹിക്കാനുള്ള ചുമതല അദ്ദേഹത്തിനാണ്. തെക്കന്‍, വടക്കന്‍ അതിര്‍ത്തികളുടെ മേല്‍നോട്ടം, 'സമുദ്രം, വ്യോമയാന സുരക്ഷ' എന്നിവയ്ക്ക് പുറമേ, തന്റെ അജണ്ടയുടെ കേന്ദ്രഭാഗമായ 'അനധികൃത കുടിയേറ്റക്കാരെ അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കുന്നതിനുള്ള എല്ലാ ചുമതലകളും ഹോമാന്‍ വഹിക്കും' എന്ന് ട്രംപ് പറഞ്ഞു.
ആരാണ് ടോം ഹോമാന്‍?
യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിന്റെ (ഐസിഇ) ആക്ടിങ് ഡയറക്ടറായി 2017 ജനുവരി മുതല്‍ ജൂണ്‍ 2018 വരെ സേവനമനുഷ്ഠിച്ച യുഎസ് നിയമ നിര്‍വഹണ ഉദ്യോഗസ്ഥനാണ് തോമസ് ഡി ഹോമാന്‍. ഡോണള്‍ഡ് ട്രംപിന്റെ മുന്‍ ഭരണകാലത്ത് ഐസിഇയുടെ ആക്ടിങ് ഡയറക്ടറെന്ന നിലയില്‍ ഹോമന്‍ പ്രധാന വ്യക്തിയായിരുന്നു.
2018 ല്‍ വിരമിക്കുന്നതിന് മുമ്പ് കര്‍ശനമായ ഇമിഗ്രേഷന്‍ നടപ്പാക്കണമെന്ന് അദ്ദേഹത്തിന്റെ വാദത്തിന് ഏറെ അംഗീകാരം ലഭിച്ചിരുന്നു. രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത് പലപ്പോഴും വലിയ വിവാദമായിരുന്നു. കൂടാതെ സിഎന്‍എന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, കുടിയേറ്റക്കാരായ കുട്ടികളെ റെക്കോര്‍ഡ് എണ്ണം യുഎസ് കസ്റ്റഡിയില്‍ പാര്‍പ്പിച്ച സംവിധാനത്തിന് മേല്‍നോട്ടം വഹിച്ചതും ഹോമാനാണ്.
'സിറോ ടോളറന്‍സ്' ഇമിഗ്രേഷന്‍ നയം ഹോമാന്‍ ന്യായീകരിച്ചു. തടങ്കലില്‍ വയ്ക്കലും നാടുകടത്തല്‍ നടപടികളിലും കുടുംബാംഗങ്ങള്‍ വേര്‍പിരിഞ്ഞത് അദ്ദേഹം ഗൗനിച്ചതേയില്ല. എന്നിരുന്നാലും, നിര്‍ദ്ദിഷ്ട പദ്ധതികളും ചെലവുകളും ഇപ്പോഴും വ്യക്തമല്ലെങ്കിലും, അനധികൃത കുടിയേറ്റം പരിഹരിക്കാനുള്ള ശ്രമങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഹോമാന്‍ വ്യക്തമാക്കി.
എന്താണ് ട്രംപിന്റെ കൂട്ട നാടുകടത്തല്‍ പദ്ധതി?
താന്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ദശലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ യുഎസില്‍ നിന്ന് നാടുകടത്തുമെന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനിടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. 'ഞാന്‍ സത്യപ്രതിജ്ഞ ചെയ്താലുടന്‍, നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പ്രവര്‍ത്തനം ഞങ്ങള്‍ ആരംഭിക്കും.' ട്രംപ് ജൂലൈയില്‍ പറഞ്ഞു. യുഎസ് അതിര്‍ത്തികള്‍ മുദ്രവയ്ക്കുമെന്നും രാജ്യത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ അത് 'നിയമപരമായി' ചെയ്യണമെന്നും വിജയ പ്രസംഗത്തിലും ട്രംപ് ആവര്‍ത്തിച്ചു.
അതിര്‍ത്തി മതില്‍ പൂര്‍ത്തിയാക്കുന്നതും രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുന്നതും അദ്ദേഹത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ആന്‍ഡ് പ്യൂ റിസര്‍ച്ചിന്റെ കണക്കുകള്‍ പ്രകാരം, യുഎസില്‍ നിലവില്‍ 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍ താമസിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.