ട്രംപും പുട്ടിനും തമ്മിൽ രഹസ്യ കരാർ?; ചർച്ചയായി ഡോണൾഡ് ജൂനിയറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്
Mail This Article
ഫ്ലോറിഡ ∙ റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടയിൽ, നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും തമ്മിൽ നടന്ന ചർച്ചയില്‍ വെടിനിർത്തലിനെക്കുറിച്ച് സംസാരിച്ചതായി റിപ്പോർട്ട്. അതേസമയം ക്രെംലിൻ വക്താവ് ഈ വാർത്ത നിഷേധിച്ചു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചപ്പോൾ യൂറോപ്പിലെയും അമേരിക്കയിലെയും ഡെമോക്രാറ്റുകൾ യുക്രെയ്നിനുള്ള സഹായം ട്രംപ് നിർത്തലാക്കുമെന്ന ആശങ്കയിലായിരുന്നു. ട്രംപിന്റെ മകൻ ഡോണൾഡ് ജൂനിയറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് നിലവിൽ ചർച്ചയാകുന്നത്. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കിയുടെ തലയിൽ ഡോളർ വീഴുന്നതായി ഇതിൽ കാണിക്കുന്നു, 38 ദിവസത്തിന് ശേഷം യുക്രെയ്ൻ പ്രസിഡന്റിന് ഡോളർ അലവൻസ് നഷ്ടമാകുമെന്നും ട്രംപ് ജൂനിയർ എഴുതി. ട്രംപ് പ്രസിഡന്റായതിന് ശേഷം, യുക്രെയ്‌നിനുള്ള സാമ്പത്തിക സഹായം നിർത്തുകയും യുദ്ധത്തിൽ യുക്രെയ്‌നെ ഒറ്റപ്പെടുത്തുകയും ചെയ്യുമെന്നാണ് ഇതിനർഥമെന്ന് നിരീക്ഷകര്‍ പറയുന്നു.
അതേസമയം, യുക്രെയ്നിലെ പല നഗരങ്ങളിലും റഷ്യൻ സൈന്യം ആക്രമണം ശക്തമാക്കിയിട്ടുണ്ട്. നവംബർ 10ന് ട്രംപും പുട്ടിനും തമ്മിൽ ഫോൺ സംഭാഷണം നടന്നിരുന്നു, അതിൽ റഷ്യ-യുക്രെയ്ൻ യുദ്ധവും ചർച്ച ചെയ്യപ്പെട്ടു. തുടർന്ന്, റഷ്യ കുറോഖോവോ നഗരത്തിൽ ബോംബാക്രമണം നടത്തുകയും, മിഗ് -31 സ്ക്വാഡ്രണുകൾ വ്യോമാക്രമണം നടത്തുകയും ചെയ്തു. നിരവധി നഗരങ്ങളും റഷ്യ ആക്രമിച്ചു.
ചർച്ചകൾക്ക് ശേഷം വെടിനിർത്തൽ കരാറിനെക്കുറിച്ച് ട്രംപും പുട്ടിനും സംസാരിച്ചിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജനുവരി 20ന് മുൻപ് ട്രംപിന് യുക്രെയ്‌നിലെ തന്റെ പദ്ധതികൾ പ്രഖ്യാപിക്കാമെന്ന് പോളിഷ് സർക്കാർ പറയുന്നു.
കുറഖോവോ നഗരത്തിന് നേരെ റഷ്യൻ സൈന്യം ആക്രമണം ശക്തമാക്കിയിട്ടുണ്ട്, യുക്രെയ്ൻ യുദ്ധത്തിന്റെ പുതിയ ബഖ്മുത് എന്നാണ് ഇതിനെ വിളിക്കുന്നത്. എട്ട് മാസത്തെ യുദ്ധത്തിനൊടുവിൽ റഷ്യ ബഖ്മുത്ത് വിജയിച്ചു. ഇപ്പോൾ റഷ്യ കുറഖോവോയെ മൂന്ന് വശത്തുനിന്നും വളഞ്ഞിരിക്കുന്നു. റഷ്യ ഈ നഗരം കീഴടക്കിയാൽ, ഡൊനെറ്റ്സ്ക് പ്രദേശം മുഴുവൻ അതിന്റെ നിയന്ത്രണത്തിലാകും. ഇത് യുക്രെയ്‌നിന് യുദ്ധസാഹചര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടാക്കും.
നവംബർ 13ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ട്രംപും കൂടിക്കാഴ്ച നടത്തും. ചർച്ചയിൽ യുക്രെയ്നിനുള്ള സഹായം തുടരുന്നതിനെക്കുറിച്ച് ബൈഡന്‍ സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം, അമേരിക്ക യുക്രെയ്‌നിന് സഹായം നൽകുന്നത് നിർത്തിയാൽ യൂറോപ്പിൽ അസ്ഥിരത വർധിക്കുമെന്നും നാറ്റോ ഐക്യത്തെയും ബാധിച്ചേക്കാമെന്നും അദ്ദേഹം കരുതുന്നു. സെലെന്‍സ്കി സന്ദർശിക്കുന്ന ഓരോ തവണയും യുക്രെയ്‌നിന് ദശലക്ഷക്കണക്കിന് ഡോളർ ലഭിക്കുന്നുണ്ടെന്നും യുക്രെയ്‌നിനുള്ള സഹായം അവസാനിപ്പിക്കാൻ താൻ പദ്ധതിയിട്ടേക്കുമെന്നും ട്രംപ് ഇതിനകം പറഞ്ഞിട്ടുണ്ട്.