ട്രംപിന്റെ കാബിനറ്റിലെ മലയാളി തിളക്കം; അഭിമാനത്തിൽ വടക്കഞ്ചേരിയിലെ 'മധുരൈ മണി അയ്യർ ലക്ഷ്മിയമ്മാൾ കുടുംബം'
Mail This Article
വാഷിങ്ടൻ ∙ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാബിനറ്റിൽ നിർണായക ചുമതല വഹിക്കാൻ ഒരുങ്ങുകയാണ് വിവേക് രാമസ്വാമി. ട്രംപ് പുതുതായി രൂപീകരിക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡോജ്/DOGE)ചുമതലയാണ് വിവേക് രാമസ്വാമിക്ക്. ട്രംപിന്റെ കാബിനറ്റിൽ 39കാരനായ രാമസ്വാമിയും ഉണ്ടാകുമെന്നതിൽ കേരളത്തിനും അഭിമാനിക്കാം.
കാരണം സംരംഭകനായ വിവേക് രാമസ്വാമിയുടെ വേരുകൾ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലാണ്. കോഴിക്കോട്ടെ റീജനൽ എൻജിനീയറിങ് കോളജിൽ പഠിക്കാൻ പോകും മുൻപ് വിവേക് രാമസ്വാമിയുടെ പിതാവ് വി ഗണപതി രാമസ്വാമി വടക്കഞ്ചേരിയിലാണ് താമസിച്ചിരുന്നത്. വടക്കഞ്ചേരിയിൽ ജനിച്ച് വളർന്ന ഗണപതി രാമസ്വാമി പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.
'മധുരൈ മണി അയ്യർ ലക്ഷ്മിയമ്മാൾ കുടുംബം' എന്നാണ് വടക്കഞ്ചേരിയിൽ രാമസ്വാമി കുടുംബം അറിയപ്പെടുന്നത്. മഹാഗണപതി ക്ഷേത്രം, ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, സിംഹനാഥ ഭഗവതി ക്ഷേത്രം എന്നീ അഗ്രഹാരങ്ങളിലെ ക്ഷേത്രങ്ങളുടെ നവീകരണത്തിനായി അവർ വലിയ തുകകൾ സംഭാവന ചെയ്തിട്ടുണ്ട്.
റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ പ്രൈമറിയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ഏറ്റവും സമ്പന്നനായ രണ്ടാമത്തെ മത്സരാർഥിയുമായിരുന്നു രാമസ്വാമി. 950 ദശലക്ഷം ഡോളറിലധികമാണ് രാമസ്വാമിയുടെ ആസ്തി.
ഫെഡറൽ ചെലവുകൾ നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ സർക്കാർ ഏജൻസിയുടെ തലപ്പത്തേക്കാണ് വിവേക് രാമസ്വാമിയെ തിരഞ്ഞെടുത്തിരിക്കുന്നത്. ഭരണസംവിധാനത്തിലെ അമിത നിയന്ത്രണങ്ങള്‍ ഒഴിവാക്കുക, അനാവശ്യ ചെലവുകള്‍ വെട്ടിക്കുറയ്ക്കുക, ഫെഡറല്‍ ഏജന്‍സികളുടെ പുനഃക്രമീകരണം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.