ട്രംപ് എന്ന സൂപ്പർമാൻ; താര ആരാധനയോടെ നോക്കി കാണുന്ന സമൂഹം
Mail This Article
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ് ഉജ്ജ്വല രാഷ്ട്രീയ തിരിച്ചുവരവാണ് നടത്തിയത്. ആകെയുള്ള 538 ഇലക്ടറൽ വോട്ടിൽ 312 എണ്ണവും നേടിയാണ് ആദ്ദേഹം വിജയം ഉറപ്പിച്ചത്. 2016 ലെ തിരഞ്ഞെടുപ്പിന് സമാനമായി എല്ലാ പ്രമുഖ സർവേ ഏജൻസികളുടെയും പ്രവചനങ്ങൾ ട്രംപിന് എതിരായിരുന്നു. എന്നാൽ യഥാർഥ ഫലം അമേരിക്കൻ രാഷ്ട്രീയത്തിലെ ട്രംപ് യുഗത്തിന് വീണ്ടും കളമൊരുക്കി. ഡെമോക്രാറ്റിക്ക് സ്ഥാനാർഥി കമല ഹാരിസ് വലിയ വിജയ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്ന സ്വിങ് സ്റ്റേറ്റുകളായ പെൻസിൽവേനിയ, മിഷിഗൻ, നോർത്ത് കാരോലൈന, നെവാഡ, ജോർജിയ, അരിസോന, വിസ്കോൻസെൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ 93 ഇലക്ടറൽ വോട്ടുകളിൽ മുഴുവനും നേടാനായത് ട്രംപിന്റെ വിജയത്തിൽ നിർണായകമായി.
അമേരിക്കയുടെ ഏറ്റവും പ്രായമേറിയ പ്രസിഡന്റ്, വനിത സ്ഥാനാർഥികളെ പരാജയപ്പെടുത്തിയ ഏക വ്യക്തി, രണ്ട് ഇംപീച്ച്മെന്റ് നടപടികളെ നേരിട്ടിട്ടും തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥി തുടങ്ങിയ നിരവധി അപൂർവ റെക്കോർഡുകൾ ആണ് 2024 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ട്രംപ് നേടിയത്. 2016 ൽ എല്ലാ തിരഞ്ഞെടുപ്പ് പ്രവചനങ്ങളെയും അപ്രസക്തമാക്കിക്കൊണ്ടാണ് ട്രംപ് വൈറ്റ് ഹൗസിന്റെ പടി കടന്നത്.
അന്ന് അമേരിക്കൻ ജനത ഏറെ ഇഷ്ടപ്പെട്ടിരുന്ന ഹിലരി ക്ലിന്റനെ ജനകീയ വോട്ടിൽ പിന്നിലായിരുന്നെങ്കിലും ഇലക്ടറൽ വോട്ടിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് പരാജയപ്പെടുത്താൻ സാധിച്ചത് തീവ്ര ദേശീയത, കുടിയേറ്റ വിരുദ്ധ മനോഭാവം, വംശീയത, മുസ്ലിം വിരുദ്ധത, ഒബാമ ഭരണകൂടത്തിന്റെ സാമ്പത്തിക നയത്തിന്റെ പാളിച്ചകൾ തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ്. അവിചാരിതമായി അധികാരത്തിലെത്തിയ ട്രംപ് പ്രസിഡന്റ് എന്ന നിലയിൽ തന്റെ ആദ്യ ഭരണ കാലയളവിൽ അനവധി വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. 2020 ൽ ജോ ബൈഡനോട് വൻ തോൽവി ഏറ്റുവാങ്ങിയതും, അധികാരത്തിൽ തുടരാൻ അനധികൃതമായി ശ്രമിച്ചതുമൊക്കെ ട്രംപിന്റെ രാഷ്ട്രീയ ജീവിതത്തിന് വിരാമം കുറിച്ചെന്ന് രാഷ്ട്രീയ നിരീക്ഷകർ വിധിയെഴുതിയിരുന്നു.
അദമ്യമായ ഇച്ഛാശക്തിയോടെ പൊരുതിയ ട്രംപ് ജനകീയ വോട്ടിലും, ഇലക്ടറൽ വോട്ടിലും ഒരുപോലെ മുന്നിലെത്തിയാണ് ഇത്തവണ അമേരിക്കയുടെ ആദ്യ വനിത വൈസ് പ്രസിഡന്റ് ആയ കമല ഹാരിസിനെ പരാജയപ്പെടുത്തി വീണ്ടും പ്രസിഡന്റ് പദവിയിൽ എത്തുന്നത്. ഒരിക്കൽ അമേരിക്കൻ ജനത തിരസ്‌ക്കരിച്ച ഡോണൾഡ് ട്രംപിന്റെ തിരിച്ചുവരവിന് കളമൊരുക്കിയ പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.
∙ ബൈഡന്റെ പരാജയപ്പെട്ട ഭരണം
ട്രംപിനെ തോൽപിച്ച ജോ ബൈഡനെ അമേരിക്കൻ ജനത ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയത്. ഒരു നേതാവ് എന്ന നിലയിൽ തികഞ്ഞ പരാജയമായിരുന്നു ആദ്ദേഹം. സാമ്പത്തിക രംഗത്ത് ഉണർവ് സൃഷ്ട്ടിക്കാൻ ബൈഡന് കഴിഞ്ഞില്ല. പണപെരുപ്പവും, തൊഴിലില്ലായ്മ്മയും വർധിച്ചത് ഭരണത്തിന്റെ താളം തെറ്റിച്ചു. പതിറ്റാണ്ടുകളായി ലോകത്തെ നിയന്ത്രിക്കുന്ന അമേരിക്കയുടെ നയങ്ങൾക്ക് കനത്ത തിരിച്ചടിയാണ് കഴിഞ്ഞ നാല് വർഷം ഉണ്ടായത്.
അഫ്ഗാനിസ്ഥാൻ താലിബാൻ സേന തിരിച്ചു പിടിച്ചതും, യുക്രെയ്നിലെ റഷ്യൻ അധിനിവേശവും, സൗത്ത് ചൈന ഉൾക്കടലിലെ ചൈനയുടെ വെല്ലുവിളിയും ഫലപ്രദമായി പ്രതിരോധിക്കാൻ അമേരിക്കൻ ഭരണകൂടത്തിന് കഴിഞ്ഞില്ല. അതോടൊപ്പം ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിലെ നിലപാട് ഇല്ലായ്‌മയും കാരണം ദുർബലമായ ഭരണ നേതൃത്വമാണ് അമേരിക്കയിൽ ഉള്ളത് എന്ന പ്രതീതി ഒരേ സമയം ശത്രുക്കളുടെയും, സൗഹൃദ രാജ്യങ്ങളുടെയും ഇടയിൽ പ്രചരിച്ചു. ഇത് അമേരിക്കൻ ലോക ആധിപത്യത്തെ വെല്ലുവിളിക്കാൻ എതിരാളികളെ പ്രാപ്തരാക്കി. ചുരുക്കത്തിൽ സാമ്പത്തിക രംഗത്തും, വിദേശ നയത്തിലും ബൈഡൻ പരാജയപ്പെട്ടത് ട്രംപിന്റെ വിജയത്തെ അനായാസമാക്കി.
∙ തീവ്ര ദേശീയത
പരമ്പരാഗതമായി അമേരിക്കൻ ജനത പുലർത്തുന്ന ജനാധിപത്യ-ലിബറൽ നയങ്ങൾക്ക് മുകളിൽ തീവ്ര ദേശീയതയെ പ്രതിഷ്ഠിച്ചതോടെയാണ് ഡോണൾഡ് ട്രംപ് എന്ന "രക്ഷകൻ" ഉദയം ചെയ്തത്. ഡെമോക്രാറ്റിക്ക് പാർട്ടി ചാർത്തികൊടുത്ത 'ഫാഷിസ്റ്റ്' എന്ന വിശേഷണം യഥാർഥത്തിൽ അദ്ദേഹത്തിന് ഗുണം ചെയ്തു. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ വോട്ടർമാർക്കിടയിലേക്ക് മേക്ക് അമേരിക്ക ഗ്രേറ്റ് എഗേൻ (Make America Great Again) എന്ന മുദ്രാവാക്യം ആഴ്ന്നിറങ്ങി. ജെ ഡി വാൻസിനിനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാക്കിയതും,ട്രംപിന്റെ കുടിയേറ്റ വിരുദ്ധ പ്രസംഗങ്ങളും ദേശീയതയെ റിപ്പബ്ലിക്കൻ പാർട്ടിക്ക് അനുകൂലമാക്കി.
∙ സോഷ്യൽ എഞ്ചിനീയറിങ്
തലമുറകളായി ഡെമോക്ക്രാറ്റിക്ക് പാർട്ടിയുടെ അനുഭാവികളായ വിവിധ മത-വംശീയ ന്യൂനപക്ഷങ്ങളുടെ വോട്ടിൽ ഗണ്യമായി കടന്നു കയറുന്നതിന് ട്രംപിന്റെ സോഷ്യൽ എഞ്ചിനീയറിങ്ങിന് സാധിച്ചു. തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികളിലൂടെ ആഫ്രോ-അമേരിക്കൻ, ഹിസ്പാനിക്ക് പുരുഷ വോട്ടർമാർക്കിടയിൽ ആദ്ദേഹം സ്വാധീനം ഉറപ്പിച്ചു. കറുത്ത വർഗ്ഗ വോട്ടുകളിൽ 12 % ആയിരുന്നു 2020 ൽ ട്രംപിന് ലഭിച്ചതെങ്കിൽ ഇത്തവണ അത് 20% ആയി ഉയർന്നു. ജോർജിയ സംസ്ഥാനത്തെ ട്രംപിന്റെ മുന്നേറ്റം ഇതിന്റെ ഫലമാണ്.
അതോടൊപ്പം, കുടിയേറ്റ വിരുദ്ധ പ്രചരണം നടത്തിയിട്ടും ട്രംപിന് ലഭിച്ച ഹിസ്പാനിക്ക് വോട്ടുകൾ 45% നിന്നും 54% ആയി 2024 ൽ വർധിച്ചു. 2016 ലെ തിരഞ്ഞെടുപ്പിൽ ഇസ്‍ലാമോഫോബിക്ക് നിലപാടുകൾ കൊണ്ട് വിവാദ നായകനായ ട്രംപ് ഇത്തവണ മിഷിഗൻ അടക്കമുള്ള സ്വിങ് സ്റ്റേറ്റുകളിലെ അറബ് മുസ്‍ലിം വോട്ടുകൾ സ്വന്തമാക്കി. ഗാസ യുദ്ധത്തിൽ ബൈഡൻ-കമല ഹാരിസ് ഭരണകൂടത്തിന്റെ നയങ്ങളോട് മുസ്‍ലിം വോട്ടർമാർ പ്രകടിപ്പിച്ച വിമുഖതയാണ് ട്രംപിന് ഗുണമായത്. മാത്രമല്ല, അമേരിക്കൻ രാഷ്ട്രീയത്തിലെ വരേണ്യ വർഗ്ഗമായ ജൂതരുടെയും, ഹിന്ദുക്കളുടെയും, യുവാക്കളുടെയും വോട്ട് നേടാൻ ട്രംപിന്റെ സോഷ്യൽ എഞ്ചിനീയറിങ്ങിന് കഴിഞ്ഞു.
∙ ഗർഭഛിദ്ര നിയമം
ഇത്തവണത്തെ അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു വിഷയമാണ് ഗർഭഛിദ്രം. ഗർഭചിദ്രം രാജ്യത്തെ മുഴുവൻ സ്ത്രീകളുടെയും അവകാശമായി പ്രഖ്യാപിക്കുന്നതിന് നിലപാട് സ്വീകരിക്കും എന്നായിരുന്നു കമല ഹാരിസിന്റെ പ്രഖ്യാപനം. കടുത്ത വലതുപക്ഷ നിലപാട് പിൻപറ്റുന്ന ട്രംപ് ഗർഭഛിദ്രത്തെ സംബന്ധിക്കുന്ന നിയമം ഓരോ സംസ്ഥാനവും അവരുടെ സാഹചര്യത്തിന് അനുസരിച്ചു രൂപപ്പെടുത്തട്ടെ എന്ന നിലപാടാണ് എടുത്തത്.
ദേശീയ തലത്തിൽ ഗർഭഛിദ്രം നിരോധിക്കുന്ന നിയമത്തെ അനുവദിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. രണ്ട് സ്ഥാനാർഥികളുടെയും ഗർഭച്ഛിദ്രത്തെ സംബന്ധിക്കുന്ന തർക്കത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ പോലും തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. സ്ത്രീകളുടെ വോട്ടുകൾ ലക്ഷ്യമിട്ട് കമല ഹാരിസ് ഗർഭച്ഛിദ്രത്തെ അനുകൂലിച്ചത് യാഥാസ്ഥിതിക പശ്ചാത്തലമുള്ള ഇവാഞ്ചലിസ്റ്റ്, കാത്തലിക്ക്, മുസ്‍ലിം വോട്ടർമാരുടെ ട്രംപ് അനുകുല നിലപാടിന് കാരണമായി.
∙ ട്രംപ് എന്ന സൂപ്പർമാൻ
ഫ്രഡറിക്ക് നീഷേയുടെ സൂപ്പർമാൻ സങ്കല്പത്തോട് ചേരുംവിധമാണ് കഴിഞ്ഞ 8 വർഷക്കാലമായി അമേരിക്കൻ രാഷ്ട്രീയത്തിൽ ട്രംപിന്റെ പെരുമാറ്റം. അമേരിക്ക നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്ന രക്ഷകനായി ട്രംപ് സ്വയം സൂപ്പർമാൻ പരിവേഷം അണിഞ്ഞിരിക്കുകയാണ്. ട്രംപിനെ താര ആരാധനയോടെ വീക്ഷിക്കുന്ന ഒരു സമൂഹം ഇന്ന് അമേരിക്കയിൽ രൂപമെടുത്തിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെൻസിൽവേനിയയിൽ വച്ച് വധശ്രമത്തെ അതിജീവിച്ച ഉടൻ രക്തം ഒഴുകുന്ന മുഖവുമായി "പോരാടുക" എന്ന് ആഹ്വാനം ചെയ്തത് ജനങ്ങൾക്കിടയിൽ ട്രംപിന് വീരപരിവേഷം ആണ് നൽകിയത്.
∙ ട്രംപ് 2.0
രണ്ടാം തവണ വൈറ്റ് ഹൗസിൽ എത്തുന്ന ട്രംപ് തന്റെ ആദ്യ ഭരണ കാലത്തെ നയങ്ങൾ പിന്തുടരാനാണ് സാധ്യത. അധിനിവേശത്തിന് മുതിരാത്ത സമീപ കാലത്തെ ഏക അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്. മാത്രമല്ല, ഉത്തര കൊറിയയുമായി സമാധാന ചർച്ചകൾ നടത്താനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ലോകസമാധാനത്തിന് ഭീഷിണി ആയിരിക്കുന്ന യുക്രെയ്ൻ -റഷ്യ, ഇസ്രയേൽ-പലസ്തീൻ യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിന് ട്രംപ് നേതൃത്വം വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചൈന ഉയർത്തുന്ന വെല്ലുവിളിയെ ശക്തമായി രണ്ടാം ട്രംപ് ഭരണകൂടം നേരിടാനാണ് സാധ്യത. അമേരിക്കയുടെ ശക്തമായ ചൈന വിരുദ്ധ നയം ഇന്ത്യക്ക് ഗുണം ചെയ്യും. അമേരിക്കയുടെ സാമ്പത്തിക ഉണർവിന് പ്രഥമ പരിഗണന നൽകുന്ന അദ്ദേഹം നാറ്റോ സഖ്യത്തിന് അടക്കം നൽകുന്ന സാമ്പത്തിക സഹായങ്ങൾ വെട്ടിച്ചുരുക്കിയേക്കും. ഇത് ലോക ക്രമത്തിൽ സാരമായ മാറ്റങ്ങൾ ഉണ്ടാക്കും. കാലാവസ്ഥ നയത്തിൽ ജോ ബെഡൻ ഭരണകൂടത്തിന്റെ നിലപാടുകളെ തീർച്ചയായും ട്രംപ് തള്ളിക്കളയുകയും പാരിസ് എഗ്രിമെന്റിൽ നിന്നുള്ള പിന്മാറ്റവും ഉറപ്പാണ്.