യുഎസ് പ്രസിഡന്റായി ട്രംപ് വീണ്ടും; പ്രതീക്ഷകളേറെ, ആശങ്കകളും
Mail This Article
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപ് നേടിയ അപ്രതീക്ഷിത വിജയം ഏവരെയും അദ്ഭുതപ്പെടുത്തി. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിൽ വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെ തകർത്തു തരിപ്പണമാക്കിയാണ് ട്രംപ് വെന്നിക്കൊടി പാറിച്ചത്. നേരത്തേ 2017 മുതൽ 2021 വരെ പ്രസിഡന്റായിരുന്ന ട്രംപിന്റെ ഭരണകാലം ഓർമിക്കുന്നവർക്കെല്ലാം ഈ വിജയം ആശ്ചര്യകരമായി തോന്നാതിരിക്കില്ല.
സ്ഥിരതയും തുടർച്ചയുമില്ലാത്ത നയങ്ങളും തീരുമാനങ്ങളുമായിരുന്നു ട്രംപിന്റെ ഒന്നാമൂഴത്തെ വ്യത്യസ്തമാക്കിയത്. 2020 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡനോട് പരാജയപ്പെട്ട ശേഷം അദ്ദേഹം കാട്ടിക്കൂട്ടിയ വിക്രിയകളും കേട്ടുകേൾവിയില്ലാത്തതായിരുന്നു. മറ്റ് ഏതൊരു രാജ്യത്തായാലും അത്തരമൊരാൾ വീണ്ടും മത്സരിക്കാൻ കഴിയാത്ത വിധം അയോഗ്യനാക്കപ്പെടുമായിരുന്നു. അന്ന് ക്യാപ്പിറ്റോളിൽ അനുയായികളെ കലാപത്തിനു പ്രേരിപ്പിച്ചതിനു പുറമേ മറ്റു ചില ക്രിമിനൽ കേസുകളിൽ കൂടി അദ്ദേഹം കുറ്റക്കാരനാണെന്നു കണ്ടെത്തി. അത്തരം ഒരാൾ വീണ്ടും മത്സരത്തിന് ഒരുമ്പെട്ടാൽ മറ്റ് ഏതൊരു ജനാധിപത്യ രാജ്യത്തായാലും പരാജയം ഉറപ്പായിരുന്നു.
യുഎസ് ജനത പക്ഷേ, ട്രംപ് തന്നെ മതിയെന്നു തീരുമാനിച്ചു. അദ്ദേഹത്തിന്റെ എതിരാളിക്ക് ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡൻ ചെയ്യുന്നതിൽ കൂടുതലായി ഒന്നും വാഗ്ദാനം ചെയ്യാൻ പോലും കഴിയാത്തതാണ് വോട്ടർമാരെ ആ വിധം ചിന്തിക്കാൻ നിർബന്ധിതരാക്കിയത്. ബൈഡന്റെ നയങ്ങൾ തുടരുമെന്ന കമലയുടെ പ്രഖ്യാപനം ഡെമോക്രാറ്റിക് പാർട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്കിനെപ്പോലും നിരാശപ്പെടുത്തിയെന്നാണ് ഫലം വ്യക്തമാക്കുന്നത്.
സ്ഥിതിവിവരക്കണക്കുകളിൽ ഭദ്രമായ സാമ്പത്തിക സ്ഥിതിയുള്ള രാജ്യമാണ് യുഎസ്എ. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ, പണപ്പെരുപ്പവും അതുമൂലമുള്ള വിലക്കയറ്റവും സാധാരണജനങ്ങളുടെ ജീവിതം ദുരിതപൂർണമാക്കിയതായിരുന്നു തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയം. ഇത് അംഗീകരിക്കാൻ പോലും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി തയാറായില്ല. നിയമവിരുദ്ധമായ കുടിയേറ്റവും അതു സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്നങ്ങളുമായിരുന്നു മറ്റൊരു ചർച്ചാവിഷയം.
അനധികൃത കുടിയേറ്റത്തെ എല്ലാക്കാലത്തും എതിർത്തുപോന്നിട്ടുള്ള ട്രംപ് ഈ വിഷയം ആയുധമാക്കിയപ്പോൾ അതിർത്തിയുടെ ചുമതയുണ്ടായിരുന്ന കമല ഹാരിസിന്റെ പ്രതിരോധം അമ്പേ പരാജയപ്പെട്ടു. അതേസമയം, സമർഥരായ പ്രഫഷണലുകളുടെ കുടിയേറ്റത്തെ എതിർക്കില്ലെന്ന ട്രംപിന്റെ നിലപാട് വോട്ടർമാർക്ക് സ്വീകാര്യമാവുകയും ചെയ്തു. രാജ്യത്തിന്റെ വളർച്ചയ്ക്ക് അനിവാര്യമായ മേഖലകളിൽ വിദേശത്തിനിന്ന് മിടുക്കൻമാരെ കൊണ്ടുവരുന്നതിനെ യുഎസ് ജനത ഒരുകാലത്തും എതിർത്തിരുന്നില്ല.
പ്രചാരണരംഗത്തെ മറ്റൊരു ചർച്ചാവിഷയം ഗർഭച്ഛിദ്രമായിരുന്നു. ഇക്കാര്യത്തിൽ യാതൊരു നിയന്ത്രണവും അനുവദിക്കില്ലെന്ന കമലയുടെ നിലപാട് സ്ത്രീകളിൽ ഭൂരിപക്ഷം പേർക്കുപോലും സ്വീകാര്യമായില്ല. അതേസമയം, ഈ വിഷയം സംസ്ഥാനങ്ങൾ യുക്തംപോലെ തീരുമാനിക്കട്ടെ എന്നായിരുന്നു ട്രംപിന്റെ നിലപാട്. ഗർഭച്ഛിദ്രത്തെ എതിർക്കുന്ന പാരമ്പര്യവാദികൾക്കും അനുകൂലികളിൽ ഒരു വിഭാഗത്തിനും ഇതു സ്വീകാര്യമായെന്നാണ് തിരഞ്ഞെടുപ്പു വിശകലനങ്ങൾ സൂചിപ്പിക്കുന്നത്.
യുക്രയ്നിലെയും മധ്യപൂർവദേശത്തെയും യുദ്ധങ്ങളും മറ്റ് അനേകം സംഘർഷങ്ങളും തടയാൻ കഴിയാതിരുന്നത് അമേരിക്കയുടെ പരാജയമായി കരുതുന്നവർ വോട്ടർമാർക്കിടയിലുണ്ട്. രാജ്യത്തിനു മെച്ചമൊന്നുമില്ലാത്ത യുക്രയ്ൻ – റഷ്യ യുദ്ധത്തിന് സാമ്പത്തിക – സൈനിക സഹായം നൽകുന്നതിനെ അവർ ശക്തമായി എതിർക്കുന്നു. അതുപോലെ ഗാസയിലും ലെബനനിലും യുദ്ധം ചെയ്യുന്ന ഇസ്രയേലിനെ പിന്തിരിപ്പിക്കുന്നതിൽ ജോ ബൈഡൻ പരാജയപ്പെട്ടതായി അവർ കുറ്റപ്പെടുത്തുന്നു. ''Israeli tail wagging the American dog'' എന്ന പഴമൊഴി അവർക്ക് അസഹനീയമാണ്.
ട്രംപ് എല്ലാക്കാലത്തും ഇസ്രയേൽ പക്ഷപാതിയാണെങ്കിലും ഗാസയിലോ ലെബനനിലെ വംശഹത്യ നടത്താൻ നെതന്യാഹുവിനെ അനുവദിക്കില്ലെന്ന് അവർ വിശ്വസിക്കുന്നു. ട്രംപിന്റെ ഭൂതകാലം യുഎസ് ജനത മറന്നിട്ടില്ല. അവർക്ക് അത് അത്രതന്നെ സ്വീകാര്യവുമല്ല. എന്നാൽ, ബൈഡന്റെ പാത പിന്തുടരുമെന്ന കമലയുടെ പ്രഖ്യാപനം അവരെ നിരാശപ്പെടുത്തി. അമേരിക്കയുടെ അപ്രമാദിത്തം തിരിച്ചുപിടിക്കാൻ ട്രംപ് ആണ് ഭേദമെന്ന് അവർ വിധിയെഴുതി.
കമലയുടെ ആഫ്രിക്കൻ– ഇന്ത്യൻ പൈതൃകം വോട്ടായി മാറുമെന്നായിരുന്നു എല്ലാവരും നിരീക്ഷിച്ചിരുന്നത്. എന്നാൽ, ഇത് ഒഴികെയുള്ള വിഷയങ്ങളിൽ ഊന്നിയായിരുന്നു അവരുടെ പ്രചാരണം. തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പുള്ള ശനിയാഴ്ച നടത്തിയ ടിവി ഷോയിൽ മാത്രമാണ് ഈ സ്വത്വം പരസ്യമായി അംഗീകരിക്കാൻ കമല തയാറായത്. മാധ്യമ സ്വാതന്ത്ര്യത്തിന്റെും മനുഷ്യാവകാശ ലംഘനങ്ങളുടെയും പേരിൽ എന്നും ഇന്ത്യയുടെ വിമർശകയായിരുന്നു കമല. ഇന്ത്യയുടെ ജമ്മു കശ്മീർ നയം തിരുത്തണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. നമ്മുടെ പ്രധാനമന്ത്രി ഹാർദമായി സ്വാഗതം ചെയ്തിട്ടും നാലു വർഷത്തിനിടെ ഒരിക്കൽപോലും ഇന്ത്യ സന്ദർശിക്കാൻ അവർ തയാറായില്ല.
ഏതു പാർട്ടി അധികാരത്തിലേറിയാലും ഇന്ത്യ– യുഎസ് ബന്ധം നല്ലനിലയിൽ മുന്നോട്ടുകൊണ്ടുപോകാൻ അവിടത്തെ ഭരണാധികാരികൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എങ്കിലും ചൈനയും പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങൾ കണക്കിലെടുക്കുമ്പോൾ, ജോ ബൈഡനേക്കൾ നമുക്കു നല്ലത് ഡോണൾഡ് ട്രംപ് ആണെന്ന് നിസ്സംശയം പറയാൻ കഴിയും. 2020 ൽ ചൈന ലഡാക്കിൽ കടന്നുകയറിയപ്പോൾ ട്രംപ് സർക്കാർ നമ്മെ പിന്തുണച്ചിരുന്നു. അടിയന്തരഘട്ടത്തിൽ സൈന്യത്തിന് ആവശ്യമായ ചില സാമഗ്രികൾ നൽകി. ആവശ്യമെങ്കിൽ സായുധ ഡ്രോണുകൾ നൽകാമെന്നും സമ്മതിച്ചിരുന്നു.
ഇന്തോ – പസിഫിക് മേഖലയിൽ ചൈനയെ അടക്കിനിർത്താൻ ഇന്ത്യയുടെ പിന്തുണ അനിവാര്യമായതിനാൽ ഈ നയം അവർ തുടരാൻ തന്നെയാണ് സാധ്യത. അതേസമയം, വ്യാപാര– വാണിജ്യരംഗത്തെ ഭിന്നതകൾ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൂടെന്നില്ല. റഷ്യ–യുക്രെയ്ൻ സംഘർഷത്തിലും വ്യത്യസ്ത കാഴ്ചപ്പാടുകൾ നിലനിൽക്കും. എന്നാൽ, യുദ്ധം അവസാനിക്കുന്നതോടെ അതുമൂലമുള്ള ഉരസലുകളും ക്രമേണ ഇല്ലാതാവുകതന്നെ ചെയ്യും.
ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് അമേരിക്ക നൽകുന്ന സഹായം പാക്കിസ്ഥാൻ ദുരുപയോഗപ്പെടുത്തിയെന്ന് ആദ്യം തുറന്നുപറഞ്ഞതു ട്രംപ് ആണ്. പാക്കിസ്ഥാനു നൽകിവന്നിരുന്ന സഹായം അദ്ദേഹം നിർത്തലാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായിട്ടാണെങ്കിലും ബംഗ്ലദേശിലെ ഹിന്ദു ജനതയ്ക്കു സംരക്ഷണം നൽകുമെന്ന ട്രംപിന്റെ പ്രഖ്യാപനം ശ്രദ്ധേയമായിരുന്നു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന് ബൈഡൻ ഭരണകൂടം തുറന്ന പിന്തുണ പ്രഖ്യാപിച്ച ഘട്ടത്തിലാണ് ട്രംപ് ബംഗ്ലദേശിലെ ന്യൂനപക്ഷത്തിനു വേണ്ടി ശബ്ദമുയർത്തിയത്.
അമേരിക്കയിലും ലോകത്തും ഡോണൾഡ് ട്രംപ് മാറ്റങ്ങൾ കൊണ്ടുവരുമെന്നുറപ്പാണ്. എന്നാൽ, എല്ലാ വിഷയങ്ങളിലും സ്ഥായിയും ഐകരൂപ്യമുള്ളതുമായ സമീപനം പ്രതീക്ഷിക്കുന്നത് അബദ്ധമായേക്കും. ആദ്യ ഊഴത്തിലേതുപോലെ വിദേശ നയത്തിലെ വ്യതിയാനങ്ങളും ചാഞ്ചാട്ടവും തുടർന്നും പ്രതീക്ഷിക്കാം. ജനപ്രതിനിധി സഭാംഗങ്ങളുടെയും സെനറ്റർമാരുടെയും ഉപദേശക വൃന്ദത്തിന്റെയും ഇടപെടലുകൾ ഇക്കാര്യത്തിൽ നിർണായകമാകും.
പുതിയൊരു ലോകക്രമത്തിന്റെ ദശാസന്ധിയിലൂടെയാണ് ചരിത്രം കടന്നുപോകുന്നത്. ഈ നിർണായക ഘട്ടത്തിൽ ഡോണൾഡ് ട്രംപ് ഒരു രക്ഷകനായേക്കാം. എന്നാൽ, അദ്ദേഹത്തിന്റെ തീവ്രദേശീയനിലപാടും വരുംവരായ്കകളെക്കുറിച്ചു ചിന്തിക്കാതെയുള്ള തീരുമാനങ്ങളും ആശങ്കാജനകമാണെന്നു പറയാതെ തരമില്ല.