ഇലോൺ മസ്ക് അമേരിക്കയുടെ ‘റാസ്പുടിൻ’; വിശേഷണത്തിനു പിന്നിൽ?
Mail This Article
അങ്ങനെ യുഎസിൽ ട്രംപ് അധികാരം പിടിച്ചു. മാസങ്ങളുടെ ഇടവേളയ്ക്കുള്ളിൽ അദ്ദേഹം യുഎസിന്‍റെ 37ാം പ്രസിഡന്റായി അധികാരത്തിലേറും. എന്നാൽ ഇത്തവണ ട്രംപിലേക്കല്ല മുഴുവൻ ശ്രദ്ധയും പോകുന്നത്. ഇതിനിടയിൽ മറ്റൊരാൾ കൂടി വെള്ളിവെളിച്ചത്തിലുണ്ട്. സാക്ഷാൽ ഇലോൺ മസ്ക്. യുഎസിലെ മാധ്യമങ്ങളും രാഷ്ട്രീയവിദഗ്ധരുമൊക്കെ മസ്കിനെ റാസ്പുടിൻ എന്ന പേരിൽ വിശേഷിപ്പിക്കാൻ തുടങ്ങി.
ആരാണ് റാസ്പുടിൻ. എന്താണ് ഇപ്പോൾ അദ്ദേഹത്തെപ്പറ്റി പറയുന്നത്. അതിനു റാസ്പുടിന്‍റെ വിചിത്രമായ ചരിത്രം അറിയണം.റഷ്യയിൽ നിന്നുള്ള അസാധാരണത്വമുള്ള ഒരു സാധാരണക്കാരനായിരുന്നു റാസ്പുടിൻ.പിൽക്കാലത്ത് റഷ്യയുടെ ഭരണചക്രം തിരിക്കുന്നതു വരെയെത്തി റാസ്പുടിന്‍റെ നിയോഗം. സൈബീരിയയിലെ ട്യൂമെനിൽ 1869ലാണു ഗ്രിഗറി യെഫിമോവിച്ച് നോവ്യക് ജനിച്ചത്.
ചെറുപ്പകാലത്തെ വികൃതിത്തരങ്ങളും സംയമനമില്ലാത്ത സ്വഭാവവും കാരണം ഗ്രിഗറിക്ക് റാസ്പുടിൻ എന്ന പേരു കൂടി ലഭിച്ചു. പിൽക്കാലത്ത് ആ പേരിൽ ലോകചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടു. റാസ്പുടിൻ നിരക്ഷരനായിരുന്നു. ചെറുപ്പകാലത്ത് റാസ്പുടിൻ ഖൈലിസ്റ്റി എന്ന സന്യാസസമൂഹത്തിൽ ചേർന്നു. എന്നാൽ റാസ്പുടിന്‍റെ നിലപാടുകളും സന്യാസസമൂഹത്തിന്‍റെ വിശ്വാസപ്രമാണങ്ങളും ഒത്തുപോയില്ല.
അതിനാൽ സന്യാസം വിട്ടു. തിരിച്ചെത്തിയ ശേഷം 19ാം വയസ്സിൽ പ്രോസ്കോവ്യ ഡുബ്രോവിന എന്ന റഷ്യൻ പെൺകൊടിയെ വിവാഹം കഴിച്ചു. അതിൽ നാലു കുട്ടികളുമുണ്ടായി. എന്നാൽ കുടുംബസ്ഥനായി ജീവിക്കാൻ റാസ്പുടിൻ ഒരുക്കമായിരുന്നില്ല. കുറച്ചു കാലത്തിനു ശേഷം വീടുവിട്ടിറങ്ങിയ ശേഷം ഗ്രീസിലെ അഥോസ് പർവതത്തിലേക്കും ഏഷ്യയിലേക്കുമൊക്കെ റാസ്പുടിൻ ഏകാന്തസഞ്ചാരങ്ങൾ നടത്തി. തിരിച്ചെത്തിയ റാസ്പുടിൻ ഒരു ദിവ്യനായി സ്വയം പ്രഖ്യാപിച്ചു.
റഷ്യയിൽ പലമേഖലകളിൽ അലഞ്ഞു തിരിഞ്ഞ ശേഷം 1903ൽ റഷ്യൻ നഗരമായ സെന്റ് പീറ്റേഴ്സ്ബർഗിലെത്തിയ റാസ്പുട്ടിന് ഇവിടെ പുതിയ സൗഹൃദങ്ങളും ബന്ധങ്ങളും ഉടലെടുത്തു. അക്കാലത്ത് റഷ്യയുടെ തലസ്ഥാനമായിരുന്നു സെന്റ് പീറ്റേഴ്സ് ബർഗ്, സാർ രാജവംശത്തിന്‍റെ ആസ്ഥാനം. സാർ നിക്കോളാസ് രണ്ടാമനും പത്നി അലക്സാൻഡ്രയുമായിരുന്നു അന്നത്തെ റഷ്യൻ ചക്രവർത്തിയും മഹാറാണിയും. നാലു പെൺകുട്ടികളുണ്ടായിരുന്ന നിക്കോളാസും അലക്സാൻഡ്രയും രാജ്യാധികാരം കൈമാറാൻ ഒരു ആൺകുട്ടിക്കായി കൊതിച്ചിരുന്നു.
അങ്ങനെയാണ് 1904ൽ അവർക്ക് അലക്സി എന്ന പുത്രൻ ജനിക്കുന്നത്. ഹീമോഫീലിയ എന്ന അസുഖമുണ്ടായിരുന്നു അലക്സിക്ക്. മുറിവുകൾ സംഭവിക്കുമ്പോൾ രക്തം കട്ടി പിടിക്കാതിരിക്കുന്നതെ നിരന്തരമായി ഒഴുകുന്ന ഒരു ജനിതക രോഗമാണിത്. ഇതു മൂലം നിക്കോളാസും അലക്സാൻഡ്രയും നന്നേ വിഷമിച്ചു. മകന്‍റെ അസുഖം ചികിൽസിച്ചു ഭേദമാക്കാനായി റഷ്യയിലെ പല ഡോക്ടർമാരെയും രാജാവും റാണിയും സമീപിച്ചെങ്കിലും വലിയ പുരോഗതിയുണ്ടായിരുന്നില്ല.
അപ്പോൾ അവരുടെ ശ്രദ്ധ മന്ത്രവാദികളിലേക്കും മറ്റും തിരിഞ്ഞു. അങ്ങനെയൊരു കാലഘട്ടത്തിലാണ് റാസ്പുടിനുമായി രാജകുടുംബം പരിചയത്തിലാകുന്നത്. തന്‍റെ പുത്രനെ രക്ഷിക്കാൻ കഴിവുള്ളയാളാണു റാസ്പുടിനെന്നു മഹാറാണിയായ അലക്സാൻഡ്ര ഉറച്ചു വിശ്വസിച്ചു. 1908ൽ അലക്സിക്ക് ഒരു മുറിവുണ്ടാകുകയും നിലയ്ക്കാത്ത രക്തപ്രവാഹം ഉടലെടുക്കുകയും ചെയ്തു. അലക്സാൻഡ്ര ഉടനടി തന്നെ റാസ്പുട്ടിനെ വിവരമറിയിച്ചു. റാണിയെ സമാധാനിപ്പിച്ച റാസ്പുടിൻ അലക്സിക്ക് ഒന്നും സംഭവിക്കുകയില്ലെന്നും ഡോക്ടർമാരെ അകറ്റി നിർത്തുന്നതാണു നല്ലതെന്നും ഉപദേശിച്ചു.
വളരെ ആകസ്മികമായി അലക്സി രക്ഷപ്പെട്ടു. ഇത് അലക്സാൻഡ്രയ്ക്ക് റാസ്പുടിനിലുള്ള വിശ്വാസം പതിന്മടങ്ങു വർധിപ്പിച്ചു. റാസ്പുടിനു രാജകുടുംബത്തിനു മേലും അതുവഴി റഷ്യൻ ഭരണത്തിലും ശക്തമായ സ്വാധീനം പുലർത്താൻ അവസരമൊരുങ്ങുകയായിരുന്നു. രാജവംശത്തിന്‍റെ ഉപദേശകനായെങ്കിലും വിവാദപരമായ ജീവിതം റാസ്പുടിൻ തുടർന്നു കൊണ്ടുപോയി. സെന്റ് പീറ്റേഴ്സ് ബർഗിലെ മദ്യവിതരണ കേന്ദ്രങ്ങളിലും നൃത്തശാലകളിലുമെല്ലാം അദ്ദേഹം സ്ഥിരം സാന്നിധ്യമായി. ഇതെക്കുറിച്ച് നിരവധി പരാതികൾ നിക്കോളാസ് രണ്ടാമന്‍റെ കാതുകളിലെത്തി.
എന്നാൽ അവയൊന്നും രാജാവ് വിശ്വസിച്ചില്ല. 1911 ആയതോടെ റാസ്പുടിൻ ഒരു വിവാദനായകനായി തുടങ്ങി. റഷ്യൻ പ്രധാനമന്ത്രിയായ സ്റ്റോളിപിൻ നേരിട്ട് രാജാവിനു പരാതി നൽകി. രാജാവിനുമേൽ വലിയ സ്വാധീനമുള്ളയാളായിരുന്നു സ്റ്റോളിപിൻ. ഇതെത്തുടർന്ന് റാസ്പുട്ടിനെ നാടുകടത്തി.അലക്സാൻഡ്ര പ്രതികരിച്ചെങ്കിലും രാജാവ് വിലയ്ക്കെടുത്തില്ല. എന്നാൽ സ്റ്റോളിപിൻ താമസിയാതെ കൊല്ലപ്പെട്ടു. അലക്സാൻഡ്രയുടെ നിർദേശപ്രകാരം റാസ്പുടിനെ തിരികെയെത്തിക്കുകയും ചെയ്തു.
ആ സമയത്ത് ഒന്നാം ലോകയുദ്ധത്തിൽ റഷ്യയെ നേരിട്ടു നയിക്കാൻ സാർ നിക്കോളാസ് നേരിട്ടു പടക്കളത്തിലെത്തി. ഇതോടെ രാജ്യഭരണം അലക്സാൻഡ്രയുടെ കൈകളാലായി. റാസ്പുടിന്‍റെ സുവർണകാലമായിരുന്നു അത്. പിന്നീടുള്ള കുറേക്കാലം റഷ്യയിലെ ഉന്നത പദവികളിലേക്കുള്ള നിയമനങ്ങളിലും മറ്റും റാസ്പുടിൻ തന്‍റെ ഇഷ്ടക്കാരെ കുത്തിക്കയറ്റി.തന്നെ എതിർത്തവർക്കൊക്കെ കഴിയും വിധം പണികൊടുക്കാനും റാസ്പുടിൻ ശ്രമിച്ചു.
1916 ആയതോടെ രാജവംശത്തിലുണ്ടായിരുന്ന, റാസ്പുടിനെ എതിർത്ത ഒരു വിഭാഗം തീർത്തും അസ്വസ്ഥരായി. നിക്കോളാസിന്‍റെ അനന്തരവനായ യൂസുപോവ് രാജകുമാരൻ, അധോസഭയായ ഡ്യൂമയിലെ ഉന്നത പ്രതിനിധി വ്ലാഡിമിർ പുരിഷ്കേവിച്ച്, ഗ്രാൻഡ് ഡ്യൂക്ക് ഡിമിത്രി പാവ്‌ലോവിച്ച് എന്നിവരായിരുന്നു ഇവർ. റാസ്പുടിനെ യൂസുപോവിന്‍റെ വീട്ടിൽ വിരുന്നിനു ക്ഷണിച്ചു. റാസ്പുടിന് ഇഷ്ടമുള്ള കേക്ക് ധാരാളമായി മുറിച്ചു വച്ചിരുന്നു.
ഇവയിൽ വിഷം ചേർത്തിരുന്നു. റാസ്പുടിൻ ഇതു കഴിച്ചു തുടങ്ങി. വിഷമേറ്റുള്ള അദ്ദേഹത്തിന്‍റെ അന്ത്യം കാണാനായി ഗൂഢാലോചനക്കാർ അദ്ദേഹത്തെ ഉറ്റുനോക്കിയിരുന്നു. എന്നാൽ അതു സംഭവിച്ചില്ല. ഇതോടെ സംഭ്രമത്തിനും അമർഷത്തിനും അടിപ്പെട്ട യൂസുപോവ് തന്‍റെ തോക്കെടുത്ത് റാസ്പുടിനെ വെടിവച്ചു. വെടിയേറ്റ റാസ്പുടിൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ പുരിഷ്കേവിച്ചും നിറയൊഴിച്ചു. റാസ്പുടിൻ മണ്ണിലേക്കു വീണു. തുടർന്ന് നേവാനദിയിലെ മരംകോച്ചുന്ന തണുപ്പുള്ള വെള്ളത്തിൽ അവർ റാസ്പുടിന്‍റെ ശരീരം തള്ളി. സാറിസ്റ്റ് സാമ്രാജ്യത്തിലെ ഏറ്റവും വിവാദപരമായ ഒരു ഏടാണ് റാസ്പുടിന്‍റെ മരണത്തോടെ തീർന്നത്. പിന്നീട് സാറിസ്റ്റ് സാമ്രാജ്യം കമ്യൂണിസ്റ്റ് വിപ്ലവത്തിനു കീഴടങ്ങി നിഷ്കാസിതരായി.