കിരീടത്തിനപ്പുറം; ആഡംബര ജീവിതം, കോടികളുടെ സമ്മാനങ്ങൾ, ആഭരണങ്ങൾ; വിശ്വസുന്ദരിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ
Mail This Article
ന്യൂയോർക്ക്∙ ഇത്തവണത്തെ മിസ് യൂണിവേഴ്സ് കിരീടം ഡെൻമാർക്കിന്റെ വിക്ടോറിയ കെജേർ നേടി. ആദ്യമായാണ് ഈ യൂറോപ്യൻ രാജ്യത്തിന് മിസ് യൂണിവേഴ്സ് കിരീടം കിട്ടിയത്. 120 സുന്ദരികളാണ് മത്സരത്തിൽ അണിനിരന്നത്. മിസ് നൈജീരിയ ചിഡിമ അഡെറ്റ്ഷിന, മിസ് മെക്സിക്കോ മരിയ ഫെർണാണ്ടസ് എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. റിയ സിൻഹയായിരുന്നു ഇന്ത്യയെ പ്രതിനിധീകരിച്ചത്. വജ്രവ്യാപാരമേഖലയിൽ ജോലി ചെയ്യുന്ന വനിതയാണ് വിക്ടോറിയ. മൃഗസംരക്ഷണ പ്രവർത്തകയും കൂടിയാണ് ഇവർ.
മിക്ക മൽസരങ്ങൾക്കും സമ്മാനങ്ങളുണ്ടാകുമല്ലോ. എന്താണു മിസ് യൂണിവേഴ്സ് ആയാലുള്ള ഗുണം ? എത്രയാണു മൽസരത്തിന്റെ സമ്മാനത്തുക?വിക്ടോറിയ കെജേറിന് എന്തൊക്കെയാകും ലഭിക്കുക. രണ്ടരലക്ഷം യുഎസ് ഡോളറാണു മിസ് യൂണിവേഴ്സിന്റെ സമ്മാനത്തുക. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഏകദേശം 2.1 കോടി രൂപ വരുമിത്. ഇതുകൂടാതെ ഒരു വലിയ പ്രതിമാസ തുക ഒരു വർഷത്തേക്കു കിട്ടുമെന്നും അഭ്യൂഹമുണ്ട്. ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
മിസ് യൂണിവേഴ്സ് പട്ടം ലഭിക്കുന്നവർക്ക് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം ലോകത്തെ തന്നെ ഏറ്റവും വില കൂടിയ കിരീടങ്ങളിലൊന്ന് തലയിൽ വയ്ക്കാനുള്ള അവസരമാണ്. 1770 വജ്രങ്ങൾ പതിച്ച ഈ കിരീടത്തിനു കോടികൾ വിലമതിക്കും. ഇതു തന്നുവിടുകയൊന്നുമില്ല. എന്നാൽ മിസ് യൂണിവേഴ്സ് സംഘടന അംഗീകരിച്ചിട്ടുള്ള ഒരുപിടി ചടങ്ങുകളിൽ ഈ കിരീടം വച്ചുകൊണ്ടു വിശ്വസുന്ദരിക്കു പോകാം.
ന്യൂയോർക്ക് നഗരത്തിൽ മിസ് യൂണിവേഴ്സ് അപ്പാർട്മെന്റിൽ ഒരു വർഷം സൗജന്യമായി വസിക്കാനും വിശ്വസുന്ദരിക്ക് അവസരം ലഭിക്കും. ഒട്ടേറെ സൗകര്യങ്ങുള്ള ആഢംബര വീടാണിത്. കൂടാതെ അസിസ്റ്റന്റുമാരും മേക്കപ്പ്മാൻമാരുമുൾപ്പെടെ പ്രഫഷനലുകളുടെ ഒരു ടീമിനെയും വിശ്വസുന്ദരിക്ക് ലഭിക്കും. മുന്തിയ നിലവാരത്തിലുള്ള മേക്കപ്പ്, കേശസംരക്ഷണ ഉത്പന്നങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ തുടങ്ങിയവയൊക്കെയും ഒരുവർഷത്തേക്ക് ഇവർക്ക് ലഭിക്കും.
കൂടാതെ വൻകിട ചടങ്ങുകൾ, സിനിമകളുടെയും മറ്റും സ്ക്രീനിങ് ചടങ്ങുകൾ എന്നിവയിലൊക്കെ പങ്കെടുക്കാനുള്ള ക്ഷണവും വിശ്വസുന്ദരിയെതേടി വരും. ലോകമെമ്പാടും സൗജന്യമായി യാത്ര, സൗജന്യ താമസ–ഭക്ഷണ ഫീസുകൾ തുടങ്ങിയവയും കിട്ടും. ഇതിനെല്ലാമപ്പുറം, മോഡലിങ്, സിനിമ, കല തുടങ്ങിയ മേഖലകളിൽ താൽപര്യമുള്ളവർക്ക് വലിയ അവസരങ്ങൾ മിസ് യൂണിവേഴ്സ് പട്ടം സമ്മാനിക്കുന്നുണ്ട്.