മോണ്ട്‌ഗോമറി കൗണ്ടിയിൽ ഗർഭണിയായ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരണെന്ന് കോടതി കണ്ടെത്തി
Mail This Article
സിൽവർ സ്പ്രിങ് (മേരിലാൻഡ്)∙ ഗർഭണിയായ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരണെന്ന് കോടതി കണ്ടെത്തി. മോണ്ട്‌ഗോമറി കൗണ്ടിയിലെ സിൽവർ സ്പ്രിങ്ങിലെ ടോറി ഡാമിയൻ മൂർ (33) ആണ് ശിക്ഷാവിധി കാത്ത് ജയിലിൽ കഴിയുന്നത്. പ്രതി കാമുകി ഡെനിസ് മിഡിൽടണിനെയും 8 മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെയും കൊലപ്പെടുത്തിയതായിട്ടാണ് കോടതി കണ്ടെത്തിയത്. ഈ കേസിൽ 2025 മാർച്ച് 28 ന് കോടതി ശിക്ഷ വിധിക്കും
മോണ്ട്‌ഗോമറി കൗണ്ടിയുടെ ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് ഗർഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി ശിക്ഷക്കപ്പെടുന്നത് എന്ന അപൂർവതയും ഈ കേസിനുണ്ട്. ഇതിനു പുറമേ, ഷെൽ സ്റ്റേഷൻ ജീവനക്കാരനായ 61 വയസ്സുകാരനായ അയലെവ് വോണ്ടിമുവിനെ വെടിവച്ച് കൊന്ന കേസിലും ടോറി ഡാമിയൻ മൂർ കുറ്റക്കാരണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഈ കേസിൽ 2025 ഫെബ്രുവരി 20 ന് കോടതി വിധി പ്രസ്താവിക്കും.
2022 ഫെബ്രുവരി 8ന്, സിൽവർ സ്പ്രിങ്ങിലെ ഷെൽ ഗ്യാസ് സ്റ്റേഷനിൽ വച്ച് മൂർ വോണ്ടിമുവിനെ വെടിവച്ചുകൊന്നത്. തുടർന്ന്, തന്‍റെ അപ്പാർട്ട്മെന്‍റിൽ വച്ച് ഗർഭിണിയായ കാമുകി ഡെനിസ് മിഡിൽടണിനെയും വെടിവച്ച് കൊലപ്പെടുകയായിരുന്നു. അഴുകിയ മൃതദേഹവുമായി മൂർ ഈ അപ്പാർട്ട്മെന്‍റിൽ താമസിക്കുന്നതിനിടെയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.