ഫോമയുടെ ഭരണഘടനാ പരിഷ്കരണത്തിന് പുതിയ ബൈലോ കമ്മിറ്റി
Mail This Article
ന്യൂയോർക്ക്∙ ഫോമയുടെ ഭരണഘടനയിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ വേണ്ടി ബൈലോ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ജോൺ സി. വർഗീസ് (സലിം - ന്യൂയോർക്ക്) ആണ് കമ്മിറ്റി ചെയർമാൻ. ജെ മാത്യു (ന്യൂയോർക്ക്), മാത്യു വൈരമൻ (ഹൂസ്റ്റൺ), സജി എബ്രഹാം (ന്യൂയോർക്ക്), സിജോ ജയിംസ് (ടെക്സസ്), ബബ്‌ലു ചാക്കോ (കോഓർഡിനേറ്റർ) എന്നിവരാണ് ബൈലോ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
ഫോമയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനും മുൻ ജനറൽ സെക്രട്ടറിയുമാണ് ജോൺ സി വർഗീസ്. ഫോമാ അഡ്വൈസറി കൗൺസിൽ ചെയർമാൻ, വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡന്‍റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഫോമയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനും ഫൊക്കാനയുടെ മുൻ പ്രസിഡന്‍റുമാണ് ജെ. മാത്യു. ഫോമയുടെ നിരവധി കമ്മിറ്റികളിൽ അംഗമായിരുന്നു. വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്. ലാനയുടെ മുൻ പ്രസിഡന്‍റും ജനനി മാസികയുടെ ചീഫ് എഡിറ്ററുമായ ജെ മാത്യു അമേരിക്കയിലെ സാമൂഹിക -സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമാണ്.
ഹൂസ്റ്റൺ മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകനും, ഇമിഗ്രേഷൻ ലോയറുമാണ് മാത്യു വൈരമൻ. ടെക്സസ് എ ആൻഡ് എം യൂണിവേഴ്സിറ്റിയിലെ ഫാക്കൽറ്റിയായ മാത്യു നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ്.
ഫോമയുടെ സ്ഥാപക നേതാവാണ് സജി ഏബ്രഹാം. നാഷനൽ കമ്മിറ്റി അംഗം, ഫോമാ ന്യൂസിന്‍റെ ആദ്യ ചീഫ് എഡിറ്റർ, കേരള കൺവൻഷൻ ചെയർമാൻ, ബൈലോ കമ്മിറ്റിയുടെ സെക്രട്ടറി, അഡ്വൈസറി കൗൺസിൽ സെക്രട്ടറി, മലയാളി സമാജം പ്രസിഡന്‍റ്, കേരള സമാജം സെക്രട്ടറി തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചു വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ്.
കേരള അസോസിയേഷൻ ഓഫ് റിയോ ഗ്രാൻഡെ വാലിയുടെ നിലവിലെ പ്രസിഡന്‍റാണ് സിജോ ജയിംസ്. സംഘടനയുടെ മുൻ സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്.
ഫോമയുടെ നാഷനൽ കമ്മിറ്റി അംഗമാണ് ബബ്‌ലു ചാക്കോ. ബൈലോ കമ്മിറ്റിയെയും ഫോമാ നാഷനൽ കമ്മിറ്റിയെയും തമ്മിൽ ഏകോപിപ്പിക്കുന്നതിന്റെ ചുമതലയാണ് ബബ്‌ലു ചാക്കോയ്ക്കുള്ളത്.
പുതിയ ബൈലോ കമ്മിറ്റിയെ ഫോമ പ്രസിഡന്‍റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്‍റ് ഷാലൂ പുന്നൂസ്, ജോയിന്‍റ് സെക്രട്ടറി പോൾ ജോസ്, ജോയിന്‍റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അനുമോദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.